ad
Deshabhimani

4.52 ലക്ഷം സ്ത്രീകളെ കർഷകരാക്കി കുടുംബശ്രീ

പാടം പൂത്ത കാലം

കുടുംബശ്രീയുടെ ഉപജീവന പദ്ധതികൾ പഠിക്കാനെത്തിയ അന്താരാഷ്ട്ര സംഘടനയായ സ്റ്റോറിബീയുടെ പ്രതിനിധിക്കൊപ്പം വടകരപ്പതി പഞ്ചായത്തിലെ നന്ദനം സംഘകൃഷി ഗ്രൂപ്പ് അംഗങ്ങൾ

കുടുംബശ്രീയുടെ ഉപജീവന പദ്ധതികൾ പഠിക്കാനെത്തിയ അന്താരാഷ്ട്ര സംഘടനയായ സ്റ്റോറിബീയുടെ പ്രതിനിധിക്കൊപ്പം വടകരപ്പതി പഞ്ചായത്തിലെ നന്ദനം സംഘകൃഷി ഗ്രൂപ്പ് അംഗങ്ങൾ

avatar
അഖില ബാലകൃഷ്‌ണൻ

Published on Mar 06, 2026, 12:59 AM | 1 min read

പാലക്കാട്‌

സംസ്ഥാനത്ത്‌ 4.52 ലക്ഷം വനിതകൾക്ക്‌ ജീവിതമൊരുക്കി കുടുംബശ്രീയുടെ കാർഷിക വിപ്ലവം. സ്വന്തമായി ഭൂമിയില്ലാത്ത സ്ത്രീകളെ സംഘടിപ്പിച്ച്‌ തരിശുഭൂമികളിൽ നടത്തിയ ‘സംഘംകൃഷി പദ്ധതി’യിലൂടെ ഡിസംബർ വരെ 24,153 ഹെക്ടറിലാണ് കൃഷിയിറക്കിയത്. അയൽക്കൂട്ടങ്ങളിലെ നാലുമുതൽ 10 വരെ അംഗങ്ങൾ വീതമുള്ള 99,259 ജെഎൽജി ഗ്രൂപ്പുകൾ രൂപീകരിച്ചു. ഉടമസ്ഥർ ഉപയോഗിക്കാതെ പാഴായ തരിശുഭൂമി പാട്ടത്തിനെടുത്താണ് ഇത്രയും സ്ത്രീകൾ കാർഷിക മേഖലയിൽ സജീവമായത്‌. കൊല്ലം ജില്ലയിൽ മാത്രം 9074.72 ഹെക്ടർ ഭൂമിയിൽ കൃഷിയിറക്കി. കോട്ടയം 5718.04 ഹെക്ടർ, തൃശൂർ 2812.45 ഹെക്ടർ, കോഴിക്കോട്‌ 1419.07 ഹെക്ടർ എന്നിങ്ങനെയും തരിശുഭൂമികളിൽ പൊന്നുവിളയിച്ചു. പാലക്കാട്‌ 438.78 ഹെക്ടറിലാണ്‌ കൃഷി. നെല്ല്, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവയ്ക്ക് പുറമെ പുഷ്‌പ കൃഷിയിലും നൂറുമേനി. ഓണം വിപണി ലക്ഷ്യമാക്കി കുടുംബശ്രീ നടത്തുന്ന ‘നിറപ്പൊലിമ' പുഷ്‌പ കൃഷി പദ്ധതി വഴി സംസ്ഥാനത്ത് ആയിരത്തിലധികം ഏക്കറുകളിൽ 1,378 ടൺ പച്ചക്കറിയും 109 ടൺ പൂക്കളും ഉൽപ്പാദിപ്പിച്ചു. വിഷു വിപണി ലക്ഷ്യമാക്കിയും കൃഷി സജീവമായി. നബാർഡ് നിബന്ധനകൾ പ്രകാരം കുറഞ്ഞ പലിശ നിരക്കിൽ ബാങ്ക് വായ്പകളും കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് അഞ്ചുശതമാനം പലിശ സബ്‌സിഡിയും കുടുംബശ്രീ ഉറപ്പാക്കുന്നുണ്ട്. ശാസ്ത്രീയ കൃഷിരീതികൾ പഠിപ്പിക്കുന്നതിനായി 5.72 ലക്ഷത്തിലധികം വനിതകൾക്ക് സാങ്കേതിക പരിശീലനവും നൽകി. ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങൾ വിറ്റഴിക്കാൻ പ്രാദേശിക ചന്തകളും ‘നാട്ടുചന്തകളും' കുടുംബശ്രീ ഒരുക്കുന്നുണ്ട്. കൂടാതെ, ‘കെ- ഇനം’ ബ്രാൻഡിലൂടെ ആഗോള വിപണിയിൽ എത്തിക്കാനുള്ള ശ്രമങ്ങളും തുടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home