ad
Deshabhimani

കേരളത്തിൽ വ്യാവസായിക അടിസ്ഥാനത്തിൽ കത്തികൾ നിർമിച്ച ആദ്യ കുടുംബശ്രീ യൂണിറ്റാണ്‌ അർച്ചന

അർച്ചന നോട്ട്‌ ഒ‍ൗട്ട്‌

കഞ്ചിക്കോട്ടെ അർച്ചന കുടുംബശ്രീ കത്തിനിർമാണ യൂണിറ്റിൽ 
കൃഷ്ണകുമാരിയും സഹപ്രവർത്തകരും	ഫോട്ടോ: ശരത് കൽപ്പാത്തി
avatar
അഖില ബാലകൃഷ്‌ണൻ

Published on Mar 29, 2026, 12:00 AM | 1 min read

പാലക്കാട്‌

‘ദേ ഇതുപോലെ തിളങ്ങുന്നു ഇന്ന്‌ ഞങ്ങളുടെ ജീവിതം’... കഞ്ചിക്കോട്ടെ ‘അർച്ചന’ കുടുംബശ്രീ കത്തിനിർമാണ യൂണിറ്റിൽ കത്തി രാകി മിനുക്കി എണ്ണയിടുന്നതിനിടെ കൃഷ്ണകുമാരി പറഞ്ഞു.‘ സഞ്ചിയിൽ കത്തികൾ നിറച്ച്‌ വീടുകയറിയിറങ്ങി തുടങ്ങിയതാണ്‌. ഇന്ന്‌ രാജ്യം മുഴുവൻ ഞങ്ങളുടെ ബ്രാൻഡെത്തി. കഴിഞ്ഞദിവസമാണ്‌ ഗോവയിൽ സരസ്‌ മേളയിൽ പങ്കെടുത്തത്‌. കഷ്ടപ്പാടിന്റെ ജീവിതച്ചൂളയിൽനിന്ന്‌ കുടുംബശ്രീ ഞങ്ങളെ കൈപിടിച്ചുയർത്തി’– അവർ പറഞ്ഞു. ഭർത്താവ്‌ ശിവദാസിൽനിന്നാണ്‌ പറളി സ്വദേശി കൃഷ്ണകുമാരി കത്തിനിർമാണം പഠിച്ചത്‌. ഏഴു വർഷങ്ങൾക്ക്‌ മുമ്പ്‌ കുടുംബശ്രീവഴി സബ്‌സിഡിയോടെ 10 ലക്ഷം രൂപ വായ്പയെടുത്ത്‌ യൂണിറ്റ്‌ തുടങ്ങി. കൂടെയുള്ളവരേയും കത്തി നിർമാണം പഠിപ്പിച്ചു. യന്ത്രങ്ങൾ എത്തിച്ച്‌ നിർമാണം തുടങ്ങിയെങ്കിലും എവിടെ വിൽക്കുമെന്നായി ചോദ്യം. വീടുകളും കടകളും കയറിയിറങ്ങി. ആദ്യം ഒരു ഡസൻ കത്തിവാങ്ങിയവർ പിന്നെ അഞ്ചും പത്തുമാക്കി. കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ മേളകളിൽ പങ്കെടുക്കാൻ തുടങ്ങിയതോടെ കച്ചവടം ഉഷാറായി. കഞ്ചിക്കോട്‌ വ്യവസായ മേഖലയിൽ 10 സെന്റ്‌ സ്ഥലം വാങ്ങി യൂണിറ്റ്‌ വിപുലീകരിച്ചു. അങ്ങനെ കേരളത്തിൽ വ്യാവസായിക അടിസ്ഥാനത്തിൽ കത്തികൾ നിർമിക്കുന്ന ആദ്യ കുടുംബശ്രീ യൂണിറ്റായി. അർച്ചന കുടുംബശ്രീ എന്ന ബ്രാൻഡ്‌ നെയിമിൽ കുടുംബശ്രീയുടെ എംബ്ലം പതിപ്പിച്ചാണ്‌ കത്തികൾ വിപണിയിലിറങ്ങുന്നത്‌. എല്ലാ ജില്ലകളിലും ആവശ്യക്കാരുണ്ട്‌. ആമസോൺ വഴി ഓൺലൈൻ ഓർഡറുകളും സുലഭം. ഒമ്പതുപേരാണ്‌ യൂണിറ്റിൽ തൊഴിലെടുക്കുന്നത്‌. ‘മീൻകത്തി, വാക്കത്തി തുടങ്ങി വിവിധ കത്തികൾ ഇവിടെയുണ്ടാക്കുന്നു. സരസ്‌ മേളയിലൂടെ കൊൽക്കത്ത, ഡൽഹി തുടങ്ങി രാജ്യം മുഴുവൻ ഞങ്ങളുടെ കത്തികളെത്തിക്കാൻ കുടുംബശ്രീ സഹായിച്ചു. ഒരു ദിവസം ആയിരം കത്തി വരെ വിറ്റുപോകും. യൂണിറ്റ്‌ വിപുലീകരിക്കുന്നതിന്‌ 10 ലക്ഷം കൂടി കുടുംബശ്രീ വായ്‌പ അനുവദിച്ചിട്ടുണ്ട്‌’– കൃഷ്ണകുമാരി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home