വിഷുച്ചന്ത
കുടുംബശ്രീ വിറ്റുവരവ് 44.24 ലക്ഷം


സ്വന്തം ലേഖകൻ
Published on Apr 17, 2026, 12:48 AM | 1 min read
പാലക്കാട്
ജില്ലയിലെ കുടുംബശ്രീ സിഡിഎസുകളുടെ നേതൃത്വത്തിൽ നടന്ന വിഷുച്ചന്തയിൽ 44.24 ലക്ഷം രൂപ വിറ്റുവരവ്. കോങ്ങാട് നടന്ന ജില്ലാ വിപണന മേളയിൽ മാത്രം 1.67 ലക്ഷം രൂപ ലഭിച്ചു. ജില്ലയിലെ വിവിധയിടങ്ങളിലായി 97 സിഡിഎസ് ഗ്രൂപ്പുകളാണ് വിഷുച്ചന്ത നടത്തിയത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് ജില്ലാ വിപണനമേള ആരംഭിച്ചത്. ബുധനാഴ്‌ചവരെ തുടർന്ന മേളയിൽ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ പച്ചക്കറി, പഴങ്ങൾ, തുണിത്തരങ്ങൾ, വിഷുക്കണി വസ്തുക്കൾ, മെറ്റൽ ഉൽപ്പന്നങ്ങൾ, ജ്യൂട്ട് ഉൽപ്പന്നങ്ങൾ, അടുക്കള ഉപകരണങ്ങൾ, വിത്തുകൾ, പന കരിപ്പെട്ടി, വിവിധതരം അച്ചാറുകൾ, കരകൗശല വസ്‌തുക്കൾ തുടങ്ങിയവ വിൽപ്പനയ്‌ക്കെത്തിച്ചു. തിങ്കളാഴ്‌ചയാണ് സിഡിഎസ് തലത്തിലെ ചന്തകൾ തുടങ്ങിയത്. ജില്ലാമേളയിൽ ചുരുങ്ങിയ വിലയിൽ സാധനങ്ങൾ സ്വന്തമാക്കാൻ തുടക്കം മുതൽ ആളുകളെത്തി. പ്രാദേശിക തലത്തിലെ ചന്തകളിലും തിരക്കേറി. കുടുംബശ്രീ സിഡിഎസുകൾ വിളവെടുത്ത കണിവെള്ളരിയാണ് ചന്തയിൽ തിളങ്ങിയത്. ഇത്തവണ വിഷു പ്രമാണിച്ച് 76 ടൺ വെള്ളരി വിപണിയിലെത്തിച്ചിരുന്നു. ആലത്തൂർ, ചിറ്റൂർ, കുഴൽമന്ദം, കൊല്ലങ്കോട്, മണ്ണാർക്കാട്, ഒറ്റപ്പാലം, നെന്മാറ, പാലക്കാട്, ശ്രീകൃഷ്ണപുരം, തൃത്താല ബ്ലോക്കുകളിലെ 27 സംഘകൃഷി ഗ്രൂപ്പുകളാണ് കണിവെള്ളരി വിൽപ്പനയ്‌ക്കെത്തിയത്. ജില്ലയിൽ ആകെ 15.61 ഏക്കറിലായിരുന്നു കൃഷി. പരമ്പരാഗത രീതിയിലും ഓപ്പൺ പ്രിസിഷൻ ഫാമിങ് എന്ന അത്യാധുനികരീതിയിലുമാണ് കൃഷി ചെയ്തത്. പല്ലശന ഒല്ലൂർ പാടത്ത് വിളവെടുത്ത കണിവെള്ളരികൾ സൗജന്യമായി വിതരണം ചെയ്തും കുടുംബശ്രീ ശ്രദ്ധ പിടിച്ചുപറ്റി. കഴിഞ്ഞവർഷം സിഡിഎസ് വിഷുച്ചന്തയിൽനിന്ന് മാത്രം 40 ലക്ഷം രൂപ നേടിയിരുന്നു. 41 സിഡിഎസുകളിലായിരുന്നു ചന്ത.










0 comments