ഫണ്ട് അനുവദിക്കാതെ കെഎസ്‌ഇബി
കരാറുകാര്‍ സമരത്തിലേക്ക്

പാലക്കാട്
പൂർത്തിയായ പ്രവൃത്തികളുടെ ഫണ്ട് അനുവദിക്കാത്ത കെഎസ്‌ഇബി അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കെഎസ്‌ഇബി കരാറുകാർ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. അഗളി, കോട്ടത്തറ സെക്‌ഷനുകൾക്കുകീഴിലെ നാല് കരാറുകാരാണ് സമരത്തിൽ. അഗളി സെക്‌ഷനുകീഴിൽ കഴിഞ്ഞ ഡിസംബർമുതലുള്ള ഫണ്ട് അനുവദിക്കാനുണ്ട്. കോട്ടത്തറയിൽ ആറുമാസമായി അനുവദിച്ചിട്ടില്ല. രണ്ട് കോടിയോളം രൂപയാണ് ഇവർക്ക് കിട്ടാനുള്ളത്. പലതവണ പരാതി നൽകുകയും സൂചനാപണിമുടക്ക് നടത്തുകയും ചെയ്‌തെങ്കിലും പണം അനുവദിക്കാത്തതിനാലാണ് അനിശ്ചിതകാല സമരത്തിനിറങ്ങിയതെന്ന് കരാറുകാർ പറയുന്നു. അറുപതോളം തൊഴിലാളികളാണ് ഇവർക്കുകീഴിൽ ജോലി ചെയ്യുന്നത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് ഏറെയും. സമരം തുടർന്നാൽ ഇവരും പ്രയാസത്തിലാകും. പ്രവൃത്തി പൂർത്തിയായാൽ സെക്‌ഷൻ ഓഫീസുകളിലെ അസിസ്റ്റന്റ് എൻജിനിയറാണ് ബിൽ തയ്യാറാക്കേണ്ടത്. ഇത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ പരിശോധിച്ച് മണ്ണാർക്കാട് ഡിവിഷനിലേക്ക് അയക്കും. ഇവിടത്തെ നടപടി ക്രമങ്ങൾ കഴിഞ്ഞാൽ തുക അനുവദിക്കുകയാണ് പതിവ്. ഒരുമാസത്തിനകം ഇത് പൂർത്തിയാക്കണമെന്നാണ് നിയമം. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്‌ചകാരണം മാസങ്ങൾക്കുമുമ്പ് നൽകിയ ബില്ല് പോലും പാസായിട്ടില്ല. ലൈനിലേക്ക് ചാഞ്ഞുനിൽക്കുന്ന മരച്ചില്ലകൾ വെട്ടുക, ഒടിഞ്ഞ പോസ്റ്റുകൾക്കുപകരം പുതിയവ സ്ഥാപിക്കുക, പുതിയ കണക്‌ഷനുകൾ നൽകുക, ട്രാൻസ്‌ഫോർമർ സ്ഥാപിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇവർ ചെയ്യാറുള്ളത്. പണിമുടക്ക് തുടർന്നാൽ ഇൗ പ്രവർത്തനങ്ങളെല്ലാം അവതാളത്തിലാകും. മലയോര മേഖലയിൽ മഴയും കാറ്റും മൂലം വൈദ്യുതി തടസ്സം പതിവാണ്.









0 comments