Deshabhimani

ഇഎസ്‌എയിൽനിന്ന്‌ ജനവാസ മേഖലകളെ ഒഴിവാക്കണം

13 വില്ലേജുകളിൽ 6ന്‌ സംയുക്ത കിസാൻ മോർച്ച ഹർത്താൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2026, 12:00 AM | 1 min read

പാലക്കാട്‌

പരിസ്ഥിതിലോല മേഖലകളായി പ്രഖ്യാപിച്ച വില്ലേജുകളിൽ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ വെള്ളിയാഴ്‌ച 13 വില്ലേജുകളിൽ ഹർത്താൽ ആചരിക്കുമെന്ന്‌ കർഷകസംഘടനകളുടെ സംയുക്ത സംഘടനയായ സംയുക്ത കിസാൻമോർച്ച ഭാരവാഹികൾ അറിയിച്ചു. ഇഎസ്‌എ മേഖലയായി പ്രഖ്യാപിക്കാനുള്ള നടപടികളുടെ ഭാഗമായി ജൂലൈ 26ന്‌ കരട്‌ വിജ്ഞാപനം പുറത്തിറക്കിയപ്പോൾ കേരളം ഉയർത്തിയ ആശങ്കകൾ പരിഗണിച്ചില്ല. ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി വനം മാത്രം സംരക്ഷിക്കാനുള്ള പഠനത്തിന്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തയ്യാറായില്ല. വനം–വന്യജീവി നിയമത്തിന്റെ ദുരിതങ്ങൾ ജനം അനുഭവിക്കുകയാണ്‌. നിയമസഭ പാസാക്കിയ ഭേദഗതി ബിൽ കേന്ദ്രം തിരസ്‌കരിച്ചു. ഇഎസ്‌എ അന്തിമ വിജ്ഞാപനം വരുന്നതോടെ കർശന നിബന്ധനകൾ ഗുരുതര പ്രത്യാഘാതമുണ്ടാക്കും. കൃഷി, ചെറുകിട സംരംഭങ്ങൾ, നിർമാണ പ്രവൃത്തി എന്നിവയെയും ബാധിക്കും. 2012ൽ ഒപ്പിട്ട യുനെസ്‌കോ കരാറിന്റെ ഭാഗമായി വനം സംരക്ഷിക്കപ്പെടുമെന്ന ഉറപ്പ്‌ പാലിക്കാനായി ജനത്തെ ബലികൊടുക്കുന്ന നിലപാടാണ്‌ കേന്ദ്രം സ്വീകരിക്കുന്നത്‌. യുഡിഎഫ്‌ സർക്കാർ മുൻ എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ച നിലപാട്‌ പിന്തുടരാത്തത് കർഷക ദ്രോഹമാണ്‌. ഇതിൽ പ്രതിഷേധിച്ചാണ്‌ ഹർത്താൽ ആചരിക്കുന്നത്‌. അട്ടപ്പാടി താലൂക്കിലെ അഗളി, കള്ളമല, കോട്ടത്തറ, പാടവയൽ, പുതൂർ, ഷോളയൂർ, ചിറ്റൂർ താലൂക്കിലെ മുതലമട –1, നെല്ലിയാമ്പതി, മണ്ണാർക്കാട്‌ താലൂക്കിലെ പാലക്കയം, പാലക്കാട്‌ താലൂക്കിലെ മലമ്പുഴ –1, പുതുശേരി ഇ‍ൗസ്‌റ്റ്‌, പുതുപ്പരിയാരം, ആലത്തൂർ താലൂക്കിലെ കിഴക്കഞ്ചേരി–1 വില്ലേജുകളിലാണ്‌ ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട്‌ ആറ്‌ വരെയാണ്‌ ഹർത്താൽ. സമരപ്രചാരണങ്ങളുടെ ഭാഗമായി ജാഥകളും നടക്കുന്നുണ്ട്‌. സംയുക്ത കിസാൻ മോർച്ച ചെയർമാൻ എം ആർ മുരളി, കൺവീനർ മണികണ്‌ഠൻ പൊറ്റശേരി, കർഷസംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി കെ രാജേന്ദ്രൻ, കിസാൻസഭ ജില്ലാ പ്രസിഡന്റ്‌ കെ രാമചന്ദ്രൻ, എസ്‌ സഹദേവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home