ഒരുക്കങ്ങൾക്കിടെ സ്ത്രീധനം കിട്ടിയേ തീരുവെന്ന് വരൻ; വിവാഹത്തിൽ നിന്നും പിന്മാറി

പ്രതീകാത്മക ചിത്രം
ചണ്ഡീഗഡ്: ഒരുക്കങ്ങൾക്കിടെ വരൻ വിവാഹത്തിൽ നിന്നും പിന്മാറി. സ്ത്രീധനം വേണമെന്ന ആവശ്യം ഉയർത്തികൊണ്ടാണ് വരൻ അവസാന നിമിഷത്തിൽ വിവാഹത്തിൽ നിന്നും പിന്മാറിയത്. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംഭവം. 10 ലക്ഷം രൂപയും സ്വർണവും വേണമെന്നായിരുന്നു വരന്റെ ഡിമാന്റ്. എന്നാൽ പണവും സ്വർണവും നൽകില്ലെന്ന് വധുവിന്റെ കുടുംബം അറിയിച്ചതോടെ വരൻ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.
സംഭവത്തിൽ വധുവിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വരനും മാതാപിതാക്കളും ഉൾപ്പെടെ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. കപൂർത്തല ജില്ലയിലെ ജതികെ സംഗോജ്ല ഗ്രാമത്തിലുള്ള ഗുരുദ്വാര നാരായൺസറിൽ സേവനമനുഷ്ഠിക്കുന്ന ഷംഷേർ സിങ്ങിന്റെ മകൻ അമൻജോത് സിങ്ങുമായാണ് യുവതിയുമായി നവംബർ നാലിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
വിവാഹത്തിനാവശ്യമായ സാധനങ്ങൾ വാങ്ങുകയും ക്ഷണക്കത്തുകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ ബന്ധുക്കളും വീട്ടിലെത്തി. വിവാഹത്തിന് തൊട്ടുമുൻപാണ് വരന്റെ കുടുംബം പണവും സ്വർണവും ആവശ്യപ്പെട്ടതെന്ന് വധുവിന്റെ കുടുംബം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.








0 comments