ക്യുഎസ് ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്: ആദ്യ 50ൽ ഐഐടികളും ഐഐഎസ്‌സിയും ഇടംപിടിച്ചില്ല

ന്യൂഡൽഹി: ക്യുഎസ് ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങിൽ ഇന്ത്യയ്ക്ക് വൻ തിരിച്ചടി. തുടർച്ചയായ രണ്ടാം വർഷവും ഏഷ്യയിലെ മികച്ച 50 സർവകലാശാലകളുടെ പട്ടികയിൽ ഇന്ത്യൻ സ്ഥാപനങ്ങൾ ഇടംപിടിച്ചില്ല. ഏഷ്യയിലെ മികച്ച സർവകലാശാലകളെ കണ്ടെത്താനായി ലണ്ടൻ ആസ്ഥാനമായുള്ള ക്യുഎസ് തയ്യാറാക്കിയ പട്ടികയിൽ ചൈനയിലെയും ഹോങ്കോംഗിലെയും സർവകലാശാലകളാണ് മുൻനിരയിലുള്ളത്. പട്ടികയിലെ ഇന്ത്യൻ സ്ഥാപനങ്ങളുടെ എണ്ണം 294ൽ നിന്നും 325 ആയി ഉയർന്നു. 448 സ്ഥാപനങ്ങൾ ഇടംപിടിച്ച ചൈനയാണ് ഒന്നാമത്.
ഐഐടി ഡൽഹിയാണ് (66) ഇന്ത്യയിൽ നിന്ന് റാങ്കിങ് പട്ടികയിൽ ഒന്നാമെത്തിയത്. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി വിലയിരുത്തപ്പെടുന്ന ഐഐടി ഡൽഹി കഴിഞ്ഞ തവണ 59-ാം റാങ്ക് ആയിരുന്നു. ഇത്തവണ ഏഴ് സ്ഥാനമാണ് പിന്നോട്ട് ഇറങ്ങിയത്. ഐഐഎസ്‌സി ബംഗളൂരുവിന്റെ റാങ്ക് 64ൽ നിന്നും 79 ആയി. ഐഐടി ബോംബെ 71ൽ നിന്ന് 83 ലേക്കും ഐഐടി മദ്രാസ് 70ൽ നിന്ന് 85ലേക്കും ഐഐടി ഖരഗ്പൂർ 77ൽ നിന്ന് 90ലേക്കും ഐഐടി കാൺപൂർ 77ൽ നിന്ന് 97ലേക്കും കൂപ്പുകുത്തി. ഡൽഹി യൂണിവേഴ്സിറ്റി 95-ാം സ്ഥാനത്ത് നിന്ന് 106ലേക്ക് താഴ്ന്നു. പട്ടികയിലുള്ള 71 ശതമാനം ഇന്ത്യൻ സ്ഥാപനങ്ങൾക്കും റാങ്കിങിൽ ഇടിവാണ് സംഭവിച്ചത്.
എന്നാൽ ഛണ്ഡീഗഡ് യൂണിവേഴ്സിറ്റി, ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ തുടങ്ങിയ സ്ഥാപനങ്ങൾ നില മെച്ചപ്പെടുത്തി. ഛണ്ഡീഗഡ് യൂണിവേഴ്സിറ്റി 109ൽ നിന്ന് 104ലേക്കാണ് ഉയർന്നത്. ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി 187ൽ നിന്നും 154 ലേക്കും ജാമിയ മില്ലിയ ഇസ്ലാമിയ 197ൽ നിന്ന് 183ലേക്കും റാങ്ക് മെച്ചപ്പെടുത്തി. ഐഐടി ഹൈദരാബാദ് 270ൽ നിന്ന് 251ലേക്കും, ഐഐടി വാരണാസി 237ൽ നിന്ന് 219ലേക്കും ഉയർന്നു. ഡോ. ബി ആർ അംബേദ്കർ എൻഐടി ജലന്ധർ 180 സ്ഥാനങ്ങൾ മുന്നേറി 486ലും ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി 116 സ്ഥാനങ്ങൾ ഉയർന്ന് 584ലുമെത്തി.








0 comments