പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ സജീവം; യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി അരാഗ്ചി

തെഹ്റാൻ : യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദുമായി ചർച്ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളെക്കുറിച്ചും ചർച്ച ചെയ്തതായി അരാഗ്ചിയുടെ ടെലഗ്രാം ചാനലിലൂടെ വ്യക്തമാക്കി. അമേരിക്ക ഇറാനെതിരെ തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുന്നതിന്റെ സൂചന നൽകുന്നതാണ് പുതിയനീക്കം.
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെയുള്ള ആക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനെതിരായ സൈനിക നീക്കം വീണ്ടും ആരംഭിക്കണമെന്ന ആവശ്യവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിനെ നിർബന്ധിക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയതോടെ ഇറാനെതിരായ സംഘർഷം വീണ്ടും ആരംഭിക്കാൻ ട്രംപിന് സാധിക്കില്ല.
അമേരിക്ക സൈനിക സമ്മർദം നിർത്തിവെച്ച്, ഉപരോധം നീക്കിയാൽ ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ നിലപാട് വ്യക്തമാക്കിയിരുന്നു. നാവിക ഉപരോധം പിൻവലിക്കുക, ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുക, പശ്ചിമേഷ്യയിൽ സംഘർഷം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെയ്ക്കുന്നത്. ഫെബ്രുവരി അവസാനത്തിലാണ് യുഎസ്-ഇസ്രയേൽ സഖ്യം സംയുക്തമായി ഇറാനെതിരെ കടന്നുകയറ്റം ആരംഭിച്ചത്. പശ്ചിമേഷ്യയെ യുദ്ധസമാനമായ സാഹചര്യത്തിലെത്തിച്ച ആക്രമണം തുടങ്ങി എട്ട് മാസം പിന്നിട്ടിട്ടും മേഖലയിൽ സംഘർഷങ്ങൾ അവസാനിച്ചിട്ടില്ല.








0 comments