Deshabhimani

കൊച്ചിയിൽ ഡോക്ടർക്ക് മർദനം: ആസൂത്രണം നടി അതുല്യ ചന്ദ്ര; കൂ‌ട്ടാളിയായി ബിബിൻ പെരുമ്പിള്ളിയും

Honey Trap Case

അതുല്യ ചന്ദ്ര, ബിബിൻ പെരുമ്പിള്ളി Photo: Facebook

വെബ് ഡെസ്ക്

Published on Nov 06, 2026, 10:26 AM | 1 min read

കൊച്ചി: കൊച്ചിയിൽ ഡോക്ടറെ ഫ്ളാറ്റിലേയ്ക്കു വിളിച്ചു വരുത്തി ക്രൂരമായി മർദിച്ച പിന്നിലെ ആസൂത്രണം നടി അതുല്യ ചന്ദ്രയുടേതെന്ന് പൊലീസ്. നടൻ ബിബിൻ പെരുമ്പിള്ളിയും കൂട്ടാളികളും ചേർന്നാണ് ഡോക്ടറെ ക്രൂരമായി മർദിച്ചത്. നടന്നത് ഹണിട്രാപ്പാണോ എന്ന സംശയത്തിലാണ് പൊലീസ്. ഇതുസംബന്ധിച്ചും അന്വേഷണം നടത്തും. കേസിൽ 9 പ്രതികളാണുള്ളതെന്നും ഇതിൽ 3 പേരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ബാക്കിയുള്ള 6 പേർക്കായി തിരച്ചിൽ നടത്തിവരികയാണ്.


ഈ മാസം രണ്ടാം തീയതിയാണ് സംഭവം. ന​ഗരത്തിൽ താമസിക്കുന്ന ഡോക്ടറെ വൈറ്റിലയിലെ ഫ്ളാറ്റിലേയ്ക്ക് നടി അതുല്യ ചന്ദ്ര വിളിച്ചുവരുത്തി. തന്റെ അമ്മയുടെ സഹോദരിക്ക് ആരോ​ഗ്യപ്രശ്നങ്ങളുണ്ടെന്നും അടിയന്തരമായി ചികിത്സിയ്ക്കാന്‍ എത്തണമെന്നും പറഞ്ഞുകൊണ്ടാണ് അതുല്യ ഡോക്ടറെ ഫ്ളാറ്റിലെത്തിച്ചത്. ശേഷം ഫ്ളാറ്റിലുണ്ടായിരുന്ന നടൻ ബിബിൻ പെരുമ്പിള്ളി അടക്കമുള്ളവർ ഡോക്ടറെ അതിക്രൂരമായി മർദിക്കുകയായിരുന്നു.


നടി അതുല്യയുടെ ബന്ധുവുമായി ഡോക്ടർക്ക് സൗഹൃദമുണ്ടായിരുന്നു. എന്നാൽ അടുത്തിടെയുണ്ടായ തർക്കങ്ങളെ തുടർന്ന് ഈ സൗഹൃദത്തിൽ വിള്ളലുകൾ സംഭവിച്ചു. ഇത് പരിഹരിക്കാൻ വൻ തുക അതുല്യയും കൂട്ടാളികളും ആവശ്യപ്പെടുകയായിരുന്നു.


എന്നാൽ സംഘം ആവശ്യപ്പെടുന്ന തുക നൽകാൻ ഡോക്ടർ തയ്യാറാകാതെ വന്നതോടെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. മർദനത്തിൽ അവശനായ ഡോക്ടർ ചികിത്സ തേടിയതിനു ശേഷം പൊലീസിൽ പരാതി നൽകി. സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്നും സംഘം ഭീഷണിപ്പെടുത്തിയതായും ഡോക്ടർ പരാതിയിൽ പറഞ്ഞു.


അതേസമയം, ഡോക്ട‌റുടെയും പ്രതികളുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും കേസിലെ ദുരൂഹതകൾ പുറത്തുവരേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. നടി അതുല്യയുടെ ബന്ധുവിനെ അടക്കം ചോദ്യം ചെയ്തേക്കും. ബിബിൻ പെരുമ്പിള്ളിയുടെ ‍ഡ്രൈവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home