Deshabhimani

കാലിഫോർണിയയിൽ വധശിക്ഷ ജീവപര്യന്തമാക്കുന്നു; പുതിയ നീക്കവുമായി ഗവർണർ ഗാവിൻ ന്യൂസം

Gavin Newsom
വെബ് ഡെസ്ക്

Published on Nov 06, 2026, 10:33 AM | 1 min read

വാഷിങ്ടൺ : വധശിക്ഷയിൽ ഇളവു വരുത്താനുള്ള നിർണായക നീക്കവുമായി കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം. സംസ്ഥാനത്തെ വധശിക്ഷാ പട്ടികയിലുള്ള 548 തടവുകാരുടെയും ശിക്ഷയിൽ ഇളവു നൽകുമെന്ന് ​ഗാവിൻ ന്യൂസം അറിയിച്ചു. വധശിക്ഷ പരോൾ ലഭിക്കാത്ത ജീവപര്യന്തം തടവായി മാറ്റാണ് നീക്കം. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷ ഇളവുകളിലൊന്നാണിത്. 2019ൽ ഏർപ്പെടുത്തിയ മൊറട്ടോറിയത്തിന്റെ പിൻബലത്തിലാണ് പുതിയ നടപടി.


നവംബർ അഞ്ചിന് കാലിഫോർണിയയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുള്ള തുറന്ന കത്തിലൂടെയാണ് ന്യൂസം ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ നടപ്പാക്കുന്നത് കാലിഫോർണിയയുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. ഈ ശിക്ഷാ നടപടി നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തെ ദുർബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. വംശീയ വിവേചനത്തിനും തെറ്റായ ശിക്ഷാവിധികൾക്കുമുള്ള സാധ്യതയുമുണ്ടെന്ന് ന്യൂസം ചൂണ്ടിക്കാട്ടി.


കാലിഫോർണിയയിലെ വധശിക്ഷാ പട്ടികയിൽ 529 പുരുഷന്മാരും 19 സ്ത്രീകളുമാണുള്ളത് എന്നാൽ, ഇവരുടെ എല്ലാവരുടെയും കാര്യത്തിൽ ഒരേ നടപടി സ്വീകരിക്കാൻ കഴിയില്ല. ഒന്നിലധികം കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട 382 തടവുകാരുണ്ട്. ഇവരുടെ ശിക്ഷ ഇളവു ചെയ്യുന്നതിന് കാലിഫോർണിയ സുപ്രീംകോടതിയുടെ അനുമതി ആവശ്യമാണ്. ബാക്കിയുള്ളവരുടെ കാര്യത്തിൽ ഗവർണർക്ക് നേരിട്ട് നടപടി സ്വീകരിക്കാം.


2019ൽ അധികാരത്തിലെത്തിയപ്പോൾ ന്യൂസം കാലിഫോർണിയയിൽ വധശിക്ഷ നടപ്പാക്കുന്നതിന് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. സാൻ ക്വന്റിൻ ജയിലിലെ വധശിക്ഷാ മുറി അടച്ചുപൂട്ടാനും നടപടിയെടുത്തു. 2006 ജനുവരി 17നാണ് കാലിഫോർണിയയിൽ അവസാനമായി വധശിക്ഷ നടപ്പാക്കിയത്. 1978ൽ വധശിക്ഷ പുനഃസ്ഥാപിച്ചതിനുശേഷം ആകെ 13 പേരെയാണ് വധശിക്ഷക്ക് ഇരയാക്കിയത്. മാത്രമല്ല, 2025ലെ കണക്കുപ്രകാരം വധശിക്ഷ കേസുകളിലെ അപ്പീലുകളും മറ്റ് നിയമനടപടികളും കൈകാര്യം ചെയ്യാൻ പ്രതിവർഷം 20 കോടി ഡോളറിലധികം ചെലവാകുന്നുണ്ട്.


അതേസമയം, വധശിക്ഷ നിലനിർത്തണമെന്ന നിലപാടാണ് 2012ലും 2016ലും നടന്ന ജനഹിതപരിശോധനകളിൽ കാലിഫോർണിയ വോട്ടർമാർ സ്വീകരിച്ചത്. വധശിക്ഷയ്‌ക്കെതിരായ നിലപാടുള്ള മനുഷ്യാവകാശ സംഘടനകളും സിവിൽ ലിബർട്ടീസ് പ്രവർത്തകരും തീരുമാനത്തെ സ്വാഗതം ചെയ്തു. വധശിക്ഷ സംബന്ധിച്ച തന്റെ ദീർഘകാല നിലപാടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ന്യൂസം വ്യക്തമാക്കിയി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home