ബംഗളൂരുവിൽ കൂട്ടക്കൊലപാതകം ; ഭാര്യയെയും ഭാര്യാകുടുംബത്തിലെ ആറ് പേരെയും കൊന്ന് കാബ് ഡ്രൈവര്‍

ഇന്ദുശേഖര്‍ (ഇടത്), കൊല്ലപ്പെട്ട ഭാര്യ സുനിത (വലത്)
ബംഗളൂരു : ബംഗളൂരുവിൽ ഏഴ് വയസുകാരനെയുൾപ്പെടെ ഭാര്യയുടെ കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തി മൃതദേഹങ്ങൾ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ച സംഭവത്തിൽ കാബ് ഡ്രൈവർ അറസ്റ്റിൽ. ബംഗളൂരു സ്വദേശിയായ ഇന്ദുശേഖറാണ് അറസ്റ്റിലായത്.
ഭാര്യയുമായുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഇന്ദുശേഖറിന്റെ ഭാര്യ സുനിത, സുനിതയുടെ അമ്മ രൂപവതി, അമ്മയുടെ സഹോദരന്മാരായ ശിവകുമാർ, ശങ്കർ, അവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ശിവകുമാറിന്റെ മകൻ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഏഴ് വയസുകാരനായ പുനീതിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തു. മറ്റുള്ളവരുടെ മൃതദേഹങ്ങൾക്കായി തെരച്ചിൽ തുടരുകയാണ്.
മകളെ കാണാനില്ലെന്ന നളിനിയുടെ അമ്മയുടെ പരാതിയിൽ ബംഗളൂരു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പര പുറത്തുവരുന്നത്. ബംഗളൂരുവിലെ രാജാജിനഗർ സ്വദേശിയാണ് ക്യാബ് ഡ‍്രൈവറായ ഇന്ദുശേഖർ. 20 വർഷം മുൻപാണ് സുനിത എന്ന യുവതിയെ ഇന്ദുശേഖർ വിവാഹം കഴിച്ചത്. അതിനുശേഷം കുടുംബപ്രശ്നങ്ങളിലും ദാമ്പത്യജീവിതത്തിലും ഭാര്യയുടെ വീട്ടുകാരുടെ അനാവശ്യ ഇടപെടലുകളിലും കടുത്ത അമർഷത്തിലായിരുന്നു ശേഖർ. ഇതിന്റെ പേരിൽ ദമ്പതികൾ സ്ഥിരം വഴക്കിടാറുണ്ടെന്നാണ് റിപ്പോർട്ട്.
പല കാരണങ്ങൾ പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം അരകല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹങ്ങൾ പല സ്ഥലത്തായി ഉപേക്ഷിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.








0 comments