യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ബംഗളൂരു വിമാനത്താവളത്തിലേയ്ക്കുള്ള ബല്ലാരി റോഡിൽ 18 മാസം ഗതാഗത നിയന്ത്രണം

പ്രതീകാത്മക ചിത്രം
ബംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്കുള്ള പ്രധാന പാതയായ ബല്ലാരി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബംഗളൂരു വികസന അതോറിറ്റി (ബിഡിഎ) നാലുവരിപ്പാതയുള്ള എലിവേറ്റഡ് കോറിഡോറിന്റെ നിർമാണം ആരംഭിച്ചതിനെത്തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. 18 മാസം നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഇതിന്റെ ഭാഗമായി ചരക്കുവാഹനങ്ങൾ, കെഎസ്ആർടിസി, സ്വകാര്യ ബസുകൾ തുടങ്ങി വലിയ വാഹനങ്ങളുടെ യാത്ര ഈ വഴി പൂർണമായും നിരോധിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായാണ് ഈ നടപടി. ബല്ലാരി റോഡിലെ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസസ് (യുഎഎസ്) സ്റ്റാഫ് ക്വാർട്ടേഴ്സ് മുതൽ മെഹ്ക്രി സർക്കിളിലെ ഉയരത്തിലുള്ള റോട്ടറി ഫ്ലൈഓവർ വരെയാണ് പദ്ധതി നടപ്പാക്കുന്നത്. 420 കോടി രൂപയാണ് പദ്ധതിച്ചെലവ്.
18 മാസത്തിനകം നിർമാണം പൂർത്തിയാക്കണമെന്ന കരാർ വ്യവസ്ഥയെ തുടർന്നാണ് ബല്ലാരി റോഡിൽ 18 മാസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് യാത്രാസമയം ക്രമീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വിമാനത്താവളത്തിലേയ്ക്ക് യാത്ര ചെയ്യുന്നവർ ബദൽപാതകൾ വഴി യാത്ര ചെയ്യണമെന്ന് ബംഗളൂരു ട്രാഫിക് പൊലീസ് അറിയിച്ചു.
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഹെബ്ബാൾ വഴി പോകുന്നവർക്ക് രണ്ട് ബദൽപാതകളാണ് നിർദേശിച്ചിരിക്കുന്നത്.
1: ബംഗളൂരു നഗരമധ്യത്തിൽനിന്ന് പുറപ്പെടുന്നവർ ഓൾഡ് ഹൈഗ്രൗണ്ട്സ് ജങ്ഷൻ, കൽപ്പന ജങ്ഷൻ, ഓൾഡ് ഉദയ ടിവി ജങ്ഷൻ, കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ, ടാനറി റോഡ്, നാഗവാര റോഡ് എന്നീ റോഡുകൾ വഴി വിമാനത്താവളത്തിലേക്ക് പോകണം.
2: യെശ്വന്ത്പുരിൽനിന്ന് പുറപ്പെടുന്നവർ മട്ടിക്കെരെ റോഡ് വഴി ബിഇഎൽ സർക്കിളിലെത്തി വലത്തോട്ട് തിരിയണം. തുടർന്ന് റിങ് റോഡ് വഴി വിമാനത്താവളത്തിലേക്ക് പോകാം.
വിമാനത്താവളം, ഹെബ്ബാൾ എന്നിവിടങ്ങളിൽനിന്ന് ബംഗളൂരു നഗരത്തിലേക്കുള്ള ബദൽപാതകൾ
1: ഹബ്ബാളിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നാഗവാര ജങ്ഷനിലെത്തണം. അവിടെനിന്ന് വലത്തോട്ട് തിരിഞ്ഞ് ബാംബൂ ബസാർ, ക്വീൻസ് റോഡ് എന്നിവ വഴി നഗരത്തിലെത്താം.
2: ഹബ്ബാളിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് ഹെബ്ബാൾ റിങ് റോഡ്, കുവെമ്പു സർക്കിൾ, ഗൊരഗുണ്ടെപാളയ ജങ്ഷൻ എന്നിവ വഴി പോകണം. തുടർന്ന് ഇടത്തോട്ട് തിരിഞ്ഞ് ഡോ. രാജ്കുമാർ റോഡ് വഴി നഗരത്തിലെത്താം.
3: യെശ്വന്ത്പുരിൽ നിന്ന് നഗരമധ്യത്തിലേക്ക് പോകുന്നവർ ബിഎച്ച്ഇഎൽ ജങ്ഷൻ വഴി മരമ്മ സർക്കിളിന് സമീപമെത്തി വലത്തോട്ട് തിരിയണം. തുടർന്ന് മാർഗോസ റോഡ് വഴി യാത്ര തുടരാം.
4: ഹെബ്ബാൾ മേൽപ്പാലത്തിൽ നിന്ന് ഇറങ്ങിയശേഷം ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് മുന്നിലുള്ള സർവീസ് റോഡിൽ പ്രവേശിക്കണം. തുടർന്ന് സിബിഐ ജങ്ഷനിലെത്തി ബല്ലാരി പ്രധാന റോഡ് വഴി നഗരത്തിലേക്ക് പോകാം.
5: ആനന്ദ് നഗർ, ആർ ടി നഗർ എന്നിവിടങ്ങളിലേക്ക് പോകുന്നവർ ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് മുന്നിലുള്ള സർവീസ് റോഡ് വഴി ആനന്ദ് നഗർ ക്രോസിലെത്തണം. തുടർന്ന് സിബിഐ ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ആനന്ദ് നഗർ മെയിൻ റോഡ് വഴി ആർ ടി നഗർ, ജയമഹൽ റോഡ് എന്നിവിടങ്ങളിലേക്ക് പോകാം.








0 comments