ഡൽഹിയിലെ കരോൾ ബാഗിൽ വൻ തീപിടിത്തം; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

ന്യൂഡൽഹി : ഡൽഹിയിലെ ഗഫാർ മാർക്കറ്റിൽ വൻ തീപിടിത്തം. കരോൾ ബാഗിലെ മാർക്കറ്റിലുള്ള പുരി പ്ലാസയിലെ ഒരു കടയിലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാൻ 22 അഗ്നിരക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കരോൾ ബാഗിലെ ചെയിൻ വാലി ഗലിയിലെ 13-ാം ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കുന്നതിനായി അധിക ജലടാങ്കറുകളും വെളിച്ചം ലഭ്യമാക്കാനുള്ള ഉപകരണങ്ങളും സംഭവസ്ഥലത്തെത്തിച്ചതായി ഡൽഹി അഗ്നിരക്ഷാ സേന അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ദീപാവലി അടുത്തതോടെ ഡൽഹിയിലെ വ്യാപാരകേന്ദ്രങ്ങളിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് സംഭവം. ഇലക്ട്രോണിക്സ് ഉല്പന്നങ്ങളുടെ പ്രധാന വിപണികളിലൊന്നായ ഗഫാർ മാർക്കറ്റിൽ തീപിടിത്തമുണ്ടായത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ വ്യാപ്തിയും കടകൾക്കുണ്ടായ നാശനഷ്ടവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.








0 comments