കഥകളി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കലാമണ്ഡലം ഗോപി, ചമ്മന്നൂർ ചന്ദ്രൻകുട്ടി തരകൻ, സദനം വാസുദേവൻ
ചെർപ്പുളശേരി
മാങ്ങോട് രംഗശ്രീ കഥകളി ചാരിറ്റബിൾ ട്രസ്റ്റ് പ്രഥമ കഥകളി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പതിനായിരം രൂപയും കീർത്തിപത്രവും അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അണിയറ കലാകാരൻ നമ്പ്യാരത്ത് അപ്പുണ്ണി തരകന്റെ ഓർമയ്ക്കായി കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ കേശഭാരം പുരസ്കാരം കലാമണ്ഡലം ഗോപിക്കും അണിയറ കലാകാരൻ ഊരൻചൊക്കത്ത് രാമ തരകന്റെ സ്മരണാർഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ അണിയലം കഥകളി പുരസ്കാരം അണിയറ കലാകാരൻ ചമ്മന്നൂർ ചന്ദ്രൻകുട്ടി തരകനും ചെണ്ടവാദനം കുലഗുരു കോട്ടക്കൽ കൃഷ്ണൻകുട്ടിയുടെ സ്മരണയ്ക്കായി കുടുംബാംഗങ്ങൾ നൽകുന്ന നാദലയം കഥകളി പുരസ്കാരം ചെണ്ടവാദ്യകലാകാരൻ സദനം വാസുദേവനും അർഹനായി. കഥകളിവേഷം, മേളം, സംഗീതം, ചുട്ടി- ചമയം, അണിയറ എന്നീ വിഭാഗങ്ങളിലായി മൂന്ന് കലാപ്രതിഭകൾക്കാണ് പുരസ്കാരം. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ചെയർമാനും കലാമണ്ഡലം ശിവരാമൻ, കളത്തൊടി രാധാകൃഷ്ണൻ, പ്രസാദ് പാറേക്കാട്ട് എന്നിവർ അംഗങ്ങളായ ജൂറിയാണ് ജേതാക്കളെ നിർണയിച്ചത്. മാങ്ങോട് കാവിലെ പൂരം ചെറിയാറാട്ട് ദിവസം വൈകിട്ട് 6.30ന് ക്ഷേത്ര മൈതാനത്ത് നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് രംഗശ്രീ ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, കൺവീനർ കലാമണ്ഡലം ശിവരാമൻ, പ്രോഗ്രാം കോ– -ഓർഡിനേറ്റർ ബിജുമോൻ പന്തിരുകുലം എന്നിവർ അറിയിച്ചു.











0 comments