നെല്ലുസംഭരണം
സഹകരണ സംഘങ്ങളെ ഒഴിവാക്കിയത് ദ്രോഹം: കർഷക സംഘം

പാലക്കാട്
നെല്ലുസംഭരണത്തിൽനിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കിയ യുഡിഎഫ് സർക്കാർ നടപടി കർഷകരോടുള്ള ദ്രോഹമാണെന്ന് കർഷക സംഘം ജില്ലാകമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. കർഷകരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന തീരുമാനമാണിത്. സഹകരണ ബാങ്കുകൾ വഴി നെല്ലെടുത്ത ഉടൻ കർഷകർക്ക് പണം ഉറപ്പാക്കുന്ന മികച്ച സംവിധാനമാണ് എൽഡിഎഫ് സർക്കാർ ഒരുക്കിയത്. എന്നാൽ ദേശസാൽകൃത ബാങ്കുകൾ വഴി പണം നൽകാനുള്ള പുതിയ തീരുമാനം കർഷകർക്ക് തുക ലഭിക്കുന്നത് വൈകാൻ കാരണമാകും. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള കുടിശ്ശിക വൈകുന്ന പശ്ചാത്തലത്തിൽ ദേശസാൽകൃത ബാങ്കുകൾ എപ്പോൾ പണം നൽകുമെന്നത് അനിശ്ചിതത്വത്തിലാണ്. സ്റ്റേറ്റ് ബാങ്ക്, കനറാ ബാങ്ക് അടക്കമുള്ളവ മുൻകാലങ്ങളിൽ സംഭരിച്ച നെല്ലിന്റെ വില ഇനിയും കൈമാറാനുണ്ട്. കർഷകർക്ക് ആശ്വാസവും ദൈനംദിന ഇടപാടുകളിന് സഹായവുമായ സഹകരണ സംഘങ്ങളെ ഇതിൽനിന്ന് ഒഴിവാക്കിയ മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ എടുത്ത തീരുമാനം കർഷകവിരുദ്ധമാണ്. നെല്ല് സംഭരിച്ചയുടൻ വില കിട്ടണമെന്നാണ് കർഷകർ ആഗ്രഹിക്കുന്നത്. അതിനുള്ള സാഹചര്യം തകർത്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തുമെന്ന് ജില്ലാ പ്രസിഡന്റ് കെ ഡി പ്രസേനൻ, സെക്രട്ടറി എം ആർ മുരളി എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.
യോഗം ചേർന്നു
തിരുവനന്തപുരം
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ബാങ്ക് പ്രതിനിധികളുമായുള്ള യോഗം മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയിൽ ചേർന്നു. നെല്ല് സംഭരണശേഷം കർഷകർക്ക് ലഭിക്കുന്ന തുക വിതരണത്തിലെ കാലതാമസം മറികടക്കുന്നതിനുള്ള നിർദേശങ്ങൾ ചർച്ച ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ ടി സിദ്ദിഖ്, അനൂപ് ജേക്കബ്, എം ലിജു, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, വകുപ്പ് സെക്രട്ടറിമാർ, ബാങ്ക് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.









0 comments