കർക്കടകത്തിലും മഴക്കുറവ്


സ്വന്തം ലേഖകൻ
Published on Jul 20, 2026, 12:25 AM | 1 min read
പാലക്കാട്
മഴയിൽ തണുക്കുന്ന കർക്കടക മാസത്തിലും വെയിലിന് പഞ്ഞമില്ല. ജൂലൈയിൽ പകുതിയിലേറെ ദിവസം പിന്നിട്ടിട്ടും ആവശ്യത്തിന് മഴയില്ലാതെ ജില്ല. 19 ദിവസത്തെ കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുപ്രകാരം സാധാരണ ലഭിക്കേണ്ടതിനേക്കാൾ 36 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. 799 മില്ലിമീറ്റർ മഴ ലഭിക്കേണ്ടതിനുപകരം 513.9 മില്ലിമീറ്റർ മാത്രം. കടുത്ത മഴക്കുറവുള്ള (ഡെഫിഷ്യന്റ്) വിഭാഗത്തിലാണ് കാലാവസ്ഥാ വകുപ്പ് ജില്ലയെ ഉൾപ്പെടുത്തിയിരിക്കുന്നത്. വയനാടും ഇടുക്കിയുമാണ് മഴ കുറഞ്ഞ മറ്റ് ജില്ലകൾ. സംസ്ഥാനത്ത് ആകെ 34 ശതമാനം മഴയുടെ കുറവാണുള്ളത്. ജില്ലയിൽ കഴിഞ്ഞവർഷം ഇതേ കാലയളവിൽ വലിയ അളവിൽ മഴ ലഭിച്ചിരുന്നു. മെയ് അവസാനത്തോടെ സംസ്ഥാനത്ത് കാലവർഷമെത്തി. ജൂലൈ മൂന്നാം വാരത്തിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ജില്ലയിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ഇത്തവണ സ്ഥിതി വിപരീതമായി. കടുത്ത വേനലിന്റെ ക്ഷീണം തീർക്കാൻ കുറഞ്ഞ അളവിൽ പെയ്ത വേനൽ മഴയ്‌ക്കായില്ല. സംസ്ഥാനത്ത് ഏറ്റവും കുറവ് വേനൽമഴ ലഭിച്ചത് ജില്ലയിലാണ്. 2025ലെ വേനലിനെ അപേക്ഷിച്ച് 38 ശതമാനം കുറവ് മഴയാണ് പെയതത്. മാർച്ച് ഒന്നുമുതൽ മെയ് അവസാന ആഴ്‌ചവരെ ലഭിച്ചത് 128.5 മില്ലിമീറ്റർ മഴ മാത്രം. കൃഷിയെ ബാധിക്കും മഴയുടെ കുറവും ജലദൗർലഭ്യതയും ജില്ലയിലെ കാർഷിക മേഖലയെ കൂടുതൽ ആശങ്കയിലാക്കുന്നു. ഒന്നാംവിള നെൽകൃഷി വെള്ളത്തിന്റെ ദൗർലഭ്യതമൂലം നടീൽ പ്രവൃത്തി പ്രതിസന്ധിയിലായിരുന്നു. പലയിടത്തും ഞാറ്റടികൾ കരിഞ്ഞുപോകുന്ന സ്ഥിതിയുണ്ടായി. പ്രധാന അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞത് കനാൽ വഴി വെള്ളം തുറന്നുവിടുന്നതിനെയും പ്രതിസന്ധിയിലാക്കി. പാടശേഖരത്തിനുസമീപത്തെ കിണറുകളിൽനിന്ന് പമ്പ് ചെയ്താണ് വയലുകളിൽ വെള്ളം എത്തിക്കുന്നത്. നെൽച്ചെടികളുടെ വളർച്ചാകാലമാണിനി. ഇൗ സമയം കൃത്യമായി വെള്ളം ലഭിക്കണം. നെല്ലിനുപുറമെ തെങ്ങ്, കവുങ്ങ്, പച്ചക്കറി കൃഷികളെയും മഴയില്ലാത്തത് ദോഷകരമായി ബാധിക്കും. മഴക്കാലത്ത് വേണ്ടത്ര മഴയില്ലെങ്കിൽ ജില്ലയിൽ വരൾച്ചാ സാധ്യത നിലനിൽക്കുന്നുണ്ടെന്നത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു. നിലവിൽ പല പ്രദേശങ്ങളിലും ഭൂഗർഭ ജലദൗർലഭ്യതയുണ്ട്. മഴ ഇനിയും കുറഞ്ഞാൽ ജലനിരപ്പ് അതിവേഗം താഴാൻ തുടങ്ങും. ഇത് വരും മാസങ്ങളിൽ കടുത്ത കുടിവെള്ളക്ഷാമത്തിലേക്ക് നയിച്ചേക്കാം.










0 comments