കണ്യാർകളിയെ നെഞ്ചോടുചേർത്ത് കുത്തനൂർ

കുത്തനൂർ പടിഞ്ഞാറേത്തറ മേലൂർ തലച്ചിലവൻ ക്ഷേത്രത്തിൽ നടന്ന കണ്യാർകളി (ഫയൽ ചിത്രം)
ആർ ജനാർദനൻ
Published on Sep 22, 2026, 01:22 AM | 1 min read
കുഴൽമന്ദം
മണികണ്ഠ വിജയൻ
കണ്യാർകളി വേഷത്തിൽകൊയ്‌ത്തുകഴിഞ്ഞ് മീനം, മേടം മാസങ്ങളിൽ ഭഗവതിക്ഷേത്രങ്ങളിൽ അരങ്ങേറുന്ന കണ്യാർകളിയെ നെഞ്ചോട് ചേർത്തുപിടിക്കുകയാണ് കുത്തനൂർ ഗ്രാമം. കുത്തനൂർ പടിഞ്ഞാറേത്തറ മേലൂർ തലച്ചിലവൻ ക്ഷേത്രത്തിൽ ഇന്നും ചിട്ടയോടെ നടക്കുന്ന അനുഷ്ഠാനത്തിന് എത്ര വർഷത്തെ പഴക്കമുണ്ടെന്ന് ആധികാരിക രേഖകളില്ല. ഒറ്റ–കൂട്ടപ്പൊറാട്ടുകളാണ് കളിയുടെ ആകർഷണം.
വഴിപോക്കർ, മലയർ, കൂട്ടക്കുറവർ, കൂട്ടച്ചക്കലിയർ, കൂട്ടപ്പൂശാരി, വേട്ടുവ കണക്കർ, കൂട്ടമുഡുഗർ എന്നിവരും മലയോടൊപ്പം പതിച്ചെട്ടി, ആൾവാരി എന്നിവരും നിറപ്പകിട്ടാർന്ന വസ്ത്രങ്ങളണിഞ്ഞ് കൂട്ടപ്പൊറാട്ടുകളായെത്തുന്നു. കുറവൻ-–കുറത്തി, ചക്കിലിയൻ-–ചക്കിലിച്ചി, ചെറുമൻ-–ചെറുമി, മണ്ണാൻ–-മണ്ണാത്തി, തൊട്ടിയൻ–-തൊട്ടിച്ചി എന്നീ ഇരട്ടപ്പൊറാട്ടുകളും പട്ടർ, ഒറ്റമാപ്പിള, എണ്ണമാപ്പിള, ഒറ്റച്ചക്കലിയൻ, കള്ളച്ചെറുമി, ഒറ്റത്തൊട്ടിയൻ എന്നീ ഒറ്റപ്പൊറാട്ടുകളും ദേശവൈവിധ്യങ്ങൾ തീർക്കുന്നു. കൂട്ടപ്പൊറാട്ടുകൾ പാട്ടിന് താളംതെറ്റാതെ ചുവടുവച്ചും കുമ്പിട്ടും ഒരുവട്ടം എത്തുമ്പോൾ ചോദ്യങ്ങളുമായി വാണാക്കുകാരൻനെത്തും. പലപ്പോഴും കുടുംബകലഹങ്ങൾ വിഷയമാക്കുന്ന ഇരട്ടപ്പൊറാട്ടുകൾ ഉത്തരം മുട്ടുമ്പോൾ തങ്ങളുടെ സ്വത്വം വെളിപ്പെടുത്തും. സരസ സംഭാഷണങ്ങളിലൂടെ സാമൂഹ്യ വിമർശനങ്ങളും സങ്കടങ്ങളും ബോധിപ്പിക്കും. തുടർന്ന് അറിയാവുന്ന വിദ്യകൾ പ്രദർശിപ്പിക്കും.
വെള്ളക്കൊടിച്ചി, വേശക്കൊടിച്ചി എന്നീ പൊറാട്ടുകൾ കൈകൊട്ടിക്കളിയിലെ കുമ്മി പാടി കളിക്കുന്നത് ഇത്തരം പ്രദർശനമാണ്. മലയാളവും തമിഴും കലർന്ന പ്രാദേശിക ഭാഷയും പടയണിയോടും വള്ളോൻകളിയോടും അടുത്തുനിൽക്കുന്ന താളവായ്ത്താരികളും കുത്തനൂരിലെ കണ്യാർകളിയെ സമ്പന്നമാക്കുന്നു.
കാമണത്ത് നാണു മന്നാടിയാർ, ചിങ്ങോറത്ത് നാരായണമന്നാടിയാർ, കിഴക്കേ ആടനാത്ത് അച്യുതൻ മന്നാടിയാർ, പുത്തൻവീട്ടിൽ ഗോപാലമന്നാടിയാർ, തെയ്യശ്ശം വീട്ടിൽ ഗോപാലകൃഷ്ണൻ മന്നാടിയാർ, പണ്ടക്കര ശങ്കരനാരായണ മന്നാടിയാർ, തെയ്യശ്ശം വീട്ടിൽ കേശവൻകുട്ടി, കിഴക്കേ ആടനാത്ത് ഗൗരി ശങ്കർദാസ് എന്നിവരുടെ സംഭാവനകൾ മേഖലയിൽ ദേശത്തിന് മുതൽക്കൂട്ടാണ്. പുതുതലമുറയിലെ തെയ്യശ്ശം വീട്ടിൽ മണികണ്ഠ വിജയൻ നിലവിൽ നേതൃത്വം നൽകുന്നു.










0 comments