ad
Deshabhimani

ഗ്രാമങ്ങളിൽ കണ്യാർകളിക്കാലം

കണ്യാര്‍കളിയുടെ ഭാഗമായ കൂട്ട പൂശാരി

കണ്യാര്‍കളിയുടെ ഭാഗമായ കൂട്ട പൂശാരി

avatar
എ തുളസീദാസ്‌

Published on Apr 29, 2026, 12:00 AM | 1 min read

കൊല്ലങ്കോട്

പാലക്കാടൻ ഗ്രാമങ്ങളിൽ ഇത് കണ്യാർകളിക്കാലമാണ്. പാലക്കാട്, ചിറ്റൂർ, ആലത്തൂർ താലൂക്ക് പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന അനുഷ്ഠാന കലയാണ് കണ്യാർകളി. വിവിധ സമുദായക്കാർ ദേശത്തിന്റെ ഉത്സവമെന്ന നിലയിൽ ആഘോഷിക്കുന്നു. വേല, കുമ്മാട്ടി എന്നിവയുടെ അനുബന്ധമായും കണ്യാർകളി മാത്രമായും നടത്തുന്നുണ്ട്. കർഷക ഗ്രാമങ്ങളിൽ കൊയ്‌ത്തുകഴിഞ്ഞ് നടത്തുന്ന അനുഷ്ഠാനകലയാണിത്‌. ഫെബ്രുവരി മുതൽ മെയ് അവസാനംവരെയാണ് ആഘോഷം. കളി കുമ്പിട്ടശേഷം കണ്യാർകളി പരിശീലനം തുടങ്ങും. ദേശ മന്ദുകളുടെ ഉത്സവമായാണ് ആഘോഷിക്കുന്നത്. ഒരുമാസം രാത്രി പരിശീലനം നടത്തും. ദേശങ്ങളിൽ മൂന്ന് ദിവസങ്ങളിലാണ് കളി നടത്തുന്നത്. വട്ടക്കളിയിൽ തുടങ്ങി പൊറാട്ടുകൾക്കുശേഷം വീണ്ടും വട്ടക്കളി കളിച്ചാണ് അവസാനിക്കുക. ദിമി ദിമി താതോ താതെ എന്ന വായ്‌ത്താരിയിലാണ് കളിക്കുന്നത്. കുട്ടികളും പുരുഷന്മാരും പങ്കെടുക്കും. വട്ടക്കളിയിൽ പങ്കെടുത്തവർ മറ്റു പൊറാട്ടുകളിൽ പങ്കെടുക്കണമെന്ന് നിബന്ധന ഇല്ല. ആദ്യകാലങ്ങളിൽ ഓരോ പൊറാട്ടും ഓരോ കുടുംബം വകയായിരുന്നു. ഇപ്പോൾ താൽപ്പര്യമുള്ള എല്ലാവരും എല്ലാ പൊറാട്ടും കളിക്കാൻ തുടങ്ങി. ചെമ്പട താളത്തിലാണ് കണ്യാർകളിയുടെ പക്കമേളം ഒരുക്കുന്നത്. വട്ടക്കളിക്ക് മദ്ദളവും കുറുങ്കുഴലും ഉപയോഗിക്കുന്നു. പൊറാട്ടുകൾക്ക് ചേങ്ങില, ഇലത്താളം, ചെണ്ട എന്നിവയാണ് ഉപയോഗിക്കുന്നത്. കൂട്ടപ്പൊറാട്ടിൽ 6,8,10,20 അംഗങ്ങൾ പങ്കെടുക്കും. ആശാന്റെ നേതൃത്വത്തിലാണ് കളിപ്പാട്ട് പാടുന്നത്. കൂടെ പിൻപാട്ടുകാരും സഹായികളാകും. പൊറാട്ടിൽ പങ്കെടുക്കാത്ത കളിക്കാരും ആശാനൊപ്പം പാടാൻ കൂടും. ഓരോ പൊറാട്ടിന്റെ ഇടയിലും കളിയാശാനും സഹായികളും നർമബോധമുള്ള ചോദ്യങ്ങളും കളിക്കാരന്റെ സരസമായ മറുപടിയും കാണികളുടെ വിരസതയകറ്റും. പുരുഷൻമാർതന്നെയാണ്സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home