പച്ചക്കൊടി കാത്ത് കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ

എസ് നന്ദകുമാർ
Published on Nov 02, 2025, 12:00 AM | 1 min read
കഞ്ചിക്കോട്
ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനെ തുടർന്ന് കഞ്ചിക്കോട് റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാർ വലയുന്നു. കേരളത്തിലെ ഏറ്റവും വലിയ വ്യവസായ പാർക്കിനായി കഞ്ചിക്കോട് തയ്യാറെടുക്കുമ്പോഴാണ് റെയിൽവേ സ്‌റ്റേഷൻ വികസനത്തിന് കേന്ദ്രഅവഗണന തുടരുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുകയാണ് കഞ്ചിക്കോട്ടെ റെയിൽവേ സ്റ്റേഷൻ. വ്യവസായ മേഖലയിലെ ജീവനക്കാരും തമിഴ്നാട്ടിലേക്ക് പോകുന്ന വിദ്യാർഥികളും പുതുശേരി, എലപ്പുള്ളി, മരുതറോഡ് പഞ്ചായത്തിലെ സ്ത്രീകളടക്കം കോയമ്പത്തൂർ ഭാഗത്തേക്ക് ജോലിക്ക് പോകുന്നവരുമായി ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസവും സ്‌റ്റേഷനിലെത്തുന്നത്. എന്നാൽ യാത്രക്കാർക്ക് മഴയും വെയിലും കൊള്ളാതെയിരിക്കാനുള്ള കാത്തിരിപ്പ് കേന്ദ്രംപോലും സ്‌റ്റേഷനിലില്ല. ടിക്കറ്റ് കൗണ്ടറിനോട് ചേർന്ന് പ്ലാറ്റ്ഫോമിലെ ഒരിടത്ത് മാത്രമാണ് മേൽക്കൂരയുള്ളത്. യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള സിസിടിവി കാമറകൾപോലും സ്ഥാപിച്ചിട്ടില്ല. പൈപ്പുകൾ ഉണ്ടെങ്കിലും പലപ്പോഴും ശുദ്ധജലമില്ല. ശുചിമുറികളുണ്ടെങ്കിലും തുറന്നുകൊടുക്കാറില്ല. സ്റ്റേഷനിലെ നവീകരണം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും യാതൊരു പുരോഗതിയുമില്ല. കുരങ്ങുകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യവും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സ്റ്റേഷനിൽനിന്ന് ദേശീയ പാതയിലേക്ക് പോകുന്ന റോഡ് ഇരുട്ടിലാണ്. മികച്ച വരുമാനം നേടുന്ന സ്റ്റേഷനായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ റെയിൽവേ തയ്യാറാകുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്. കഞ്ചിക്കോട് വ്യവസായ പാർക്ക് ഉയരുന്നതിനോടൊപ്പം റെയിൽവേ സ്റ്റേഷൻ ആധുനിക രീതിയിൽ പുതുക്കിപ്പണിയണമെന്നാണ് വ്യവസായ മേഖലയിലുള്ളവരുടെ ആവശ്യം. ദീർഘദൂര ട്രെയിനുകൾക്കും വന്ദേഭാരത് അടക്കമുള്ള അതിവേഗ ട്രയിനുകൾക്കും സ്‌റ്റോപ്പ് വേണമെന്നാണ് കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന വ്യവസായികളുടെ ഉച്ചകോടിയിൽ ആവശ്യമുയർന്നത്.









0 comments