കഞ്ചിക്കോട് കോച്ച് ഫാക്ടറി
കല്ലിട്ടിട്ട് 14 വർഷം: കഴിഞ്ഞ കാര്യമെന്ന് കേന്ദ്രസഹമന്ത്രി

സ്വന്തം ലേഖകൻ
പാലക്കാട്
തറക്കല്ലിട്ടിട്ട് 14 വർഷം പൂർത്തിയാകാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ കഞ്ചിക്കോട് കോച്ച് ഫാക്ടറി നിർമാണം കഴിഞ്ഞ കാര്യമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കോച്ച് ഫാക്ടറിക്കായി സംസ്ഥാനം നിരന്തരം ആവശ്യപ്പെടുമ്പോഴാണ് കേന്ദ്ര അവഗണന. 1982ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്. എന്നാൽ തുടർനടപടിയുണ്ടായില്ല. ഇടത് എംപിമാരുടെ നിരന്തര ഇടപെടലിൽ 2008ലെ റെയിൽവേ ബജറ്റിൽ കോച്ച് ഫാക്ടറി പ്രഖ്യാപിച്ചു. വി എസ് അച്യുതാനന്ദൻ സർക്കാർ 232 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകി. എന്നാൽ തുക വകയിരുത്താത്തതിനാൽ പ്രഖ്യാപനം മാത്രമായി. പിന്നീട് ഇടതുപക്ഷ എംപിമാർ വിഷയത്തിൽ നിരന്തരം ഇടപെട്ടു. 2012ൽ ഫാക്ടറിക്ക് കേന്ദ്രാനുമതി നൽകി. ഇതിനിടെ പിറവം ഉപതെരഞ്ഞെടുപ്പ് സമയത്ത് 2-012 ഫെബ്രുവരി 21ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും റെയിൽവേ മന്ത്രി ദിനേഷ്ത്രിവേദിയുംചേർന്ന് പാലക്കാട് കോട്ടമൈതാനിയിൽ കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടു. എന്നാൽ അത് കല്ലിടലിൽ മാത്രം ഒതുങ്ങി. 2014ൽ അധികാരത്തിൽവന്ന ബിജെപി സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി ആരംഭിക്കാമെന്ന കേന്ദ്ര നിർദേശമിറക്കി. തുടർന്ന് അന്നത്തെ എംപി എം ബി രാജേഷ് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡി(സെയിൽ)നെ സമീപിച്ച് പദ്ധതിരേഖ കേന്ദ്രത്തിന് സമർപ്പിച്ചു. ഇത് കേന്ദ്രം അവഗണിച്ചു. പിന്നീട് കഞ്ചിക്കോട്ടുതന്നെ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമലും റെയിൽവേയും ചേർന്ന് കോച്ച് ഫാക്ടറി ആരംഭിക്കാനുള്ള പ്രോജക്ട് റിപ്പോർട്ട് എം ബി രാജേഷ് കേന്ദ്രസർക്കാരിന് സമർപ്പിച്ചു. ഇതും തള്ളി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഞ്ചിക്കോട് നടത്തിയ പ്രസംഗത്തിൽ കോച്ച് ഫാക്ടറി അനുവദിക്കുമെന്ന് വാഗ്‌ദാനം നൽകിയിരുന്നു. ഇന്നും ഇതൊരു വാഗ്‌ദാനം മാത്രമായി തുടരുകയാണ്.










0 comments