ad
Deshabhimani

കുരുത്തിച്ചാലിൽ കാട്ടാനയുടെ ജഡം; സ്വാഭാവിക മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 13, 2026, 01:03 AM | 1 min read

​മണ്ണാർക്കാട്

കുമരംപുത്തൂർ പഞ്ചായത്തിലെ കുന്തിപ്പുഴ കുരുത്തിച്ചാലിൽ കണ്ടെത്തിയ കാട്ടാനയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് വനംവകുപ്പ്. ജഡം പോസ്റ്റ്‌മോർട്ടത്തിനുശേഷം തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ മുളകുവള്ളം റിസർവ് വനത്തിലെ മുട്ടിപ്പാറ ഭാഗത്ത് സംസ്‌കരിച്ചു. പുഴയിലെ ഒഴുക്കിൽപ്പെട്ട് പാറക്കെട്ടിലിടിച്ചതിനെത്തുടർന്നുണ്ടായ പരിക്കുകളാണ് ആനയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. അതേസമയം ആനയുടെ ഇരുകൊമ്പുകൾക്കും കുറച്ച് പൊട്ടലുകളും ചെറിയ കഷ്ണ‌ങ്ങൾ മുറിഞ്ഞുപോയതുമല്ലാതെ മറ്റ്‌ കുഴപ്പങ്ങളില്ലെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് കുരുത്തിച്ചാലിൽ പുഴയുടെ മധ്യഭാഗത്തെ പാറയിടുക്കിൽ 30 വയസ്സുള്ള കാട്ടാനയുടെ ജഡം കണ്ടെത്തിയത്. പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതും കുത്തൊഴുക്കുംകാരണം അന്ന് ജഡം പുറത്തെടുക്കാനായില്ല. തുടർന്ന് ജലനിരപ്പ് താഴ്‌ന്നതോടെയാണ് നാട്ടുകാരും വനംവകുപ്പും അഗ്നിരക്ഷാസേനയുമെല്ലാം ചേർന്ന്‌ ജഡം കരയ്ക്കെത്തിച്ചത്. തുടർന്ന്‌ ജഡം കൊണ്ടുപോകാനായി എത്തിയ ലോറി ചെളിയിൽ കുടുങ്ങി. പ്രതിസന്ധി പരിഹരിച്ച് രാത്രി പന്ത്രണ്ടോടെ ജഡം മുളകുവള്ളം വനത്തിലേക്ക് മാറ്റുകയായിരുന്നു. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതിയുടെ മേൽനോട്ടത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം. മണ്ണാർക്കാട് ഡിഎഫ്‌ഒസി അബ്ദു‌ൽ ലത്തീഫ്, റേഞ്ച്‌ ഓഫീസർ ഇമ്രമോസ് ഏലിയാസ് നവാസ്, തിരുവിഴാംകുന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച്‌ ഓഫീസർ സി ഗിരീഷ്, ഡെപ്യൂട്ടി റേഞ്ച്‌ ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് എം ജയ്‌സൺ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് ജിതിൻമോൻ, സി ഉണ്ണികൃഷ്ണൻ, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ്‌ സുധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home