‘ആരോഗ്യ’ത്തിൽ ഇരട്ടത്താപ്പ്‌

ഇതൊന്നും കാണുന്നില്ലേ സമരക്കാരേ...

Jainimedu District ESI Hospital

പാലക്കാട് ജൈനിമേട് ഇഎസ്ഐ ആശുപത്രി

avatar
നിധിൻ ഈപ്പൻ

Published on Jul 07, 2025, 12:47 AM | 2 min read

പാലക്കാട്

കേരളത്തിന്റെ ആരോഗ്യമേഖലയ്‌ക്കെതിരെ സമരനാടകം നടത്തുന്നവർ കേന്ദ്രസർക്കാരിന്റെ പിടിപ്പുകേടിനെതിരെ മിണ്ടുന്നില്ല. കേന്ദ്ര തൊഴിൽമന്ത്രാലയത്തിനുകീഴിലുള്ള ജൈനിമേട്‌ ജില്ലാ ഇഎസ്‌ഐ ആശുപത്രി പ്രവർത്തനം താളംതെറ്റിയിട്ട്‌ വർഷങ്ങളായി. ഡിസ്‌പെൻസറികളുടെ അവസ്ഥയും മോശം. സംസ്ഥാനസർക്കാരിന്റെ നേട്ടങ്ങളെ ഇല്ലാതാക്കാൻ ‘പ്രയത്‌നിക്കുന്ന’ മഴവിൽസഖ്യം തൊഴിലാളികളോടുള്ള കേന്ദ്ര അവഗണന കാണുന്നേയില്ല.

നട്ടംതിരിഞ്ഞ് രോ​ഗികൾ

ജൈനിമേട്‌ ഇഎസ്‌ഐ ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ നട്ടംതിരിയുകയാണ് രോഗികൾ. ചിറ്റൂർ, ഒറ്റപ്പാലം, ഷൊർണൂർ, വാളയാർ, കഞ്ചിക്കോട്‌, പറളി എന്നിവിടങ്ങളിലെ ഡിസ്പെൻസറികളിൽനിന്ന്‌ രോഗികളെ ഇങ്ങോട്ടാണ്‌ റഫർ ചെയ്യുന്നത്‌. ഇവിടെ സ്കാനിങ് സൗകര്യമോ റേഡിയോളജിസ്റ്റ്‌ തസ്തികയോ ഇല്ല. കേടായ എക്‌സ്‌റേ യന്ത്രം നാലുവർഷമായിട്ടും നന്നാക്കിയിട്ടില്ല. ഫാർമസിയിൽ ആവശ്യത്തിന് മരുന്നില്ല. ഐസിയു നിർമിച്ചെങ്കിലും പ്രവർത്തനാനുമതി കിട്ടാത്തതിനാൽ രണ്ടുവർഷമായി നോക്കുകുത്തിയായി തുടരുന്നു. 50 കിടക്ക ഉണ്ടായിരുന്നത്‌ ഐസിയു ആവശ്യത്തിനായി 16 എണ്ണം മാറ്റിയതോടെ 34 ആയി. താൽക്കാലിക ജീവനക്കാരെ നിയമിച്ചാണ്‌ ലബോറട്ടറി പ്രവർത്തനം. പ്രമേഹം, രക്തസമ്മർദം എന്നിവ അളക്കാമെന്നല്ലാതെ മറ്റ്‌ പരിശോധനകൾ അസാധ്യം. ഗൈനക്കോളജിസ്റ്റ്‌, ഇഎൻടി, ഫിസിഷ്യൻ തസ്തികയുണ്ടെങ്കിലും ഡോക്ടർമാരില്ല. കാർഡിയോളജിസ്റ്റ്‌ തസ്തികതന്നെയില്ല. ആശുപത്രി വളപ്പ്‌ കാടുപിടിച്ചു. വഴിയും തകർന്നു.

ദയനീയം ഡിസ്പെൻസറികൾ

അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ അരലക്ഷത്തോളംപേരുടെ ഏക ആശ്രയമാണ്‌ കഞ്ചിക്കോട് ഇഎസ്‌ഐ ഡിസ്‌പെൻസറി. ഇവിടെ എത്തുന്നവരെ ജില്ലാ ഇഎസ്‌ഐ ആശുപത്രിയിലേക്കയക്കുകയാണ്‌ പതിവ്‌. വാളയാറിലെ ഡിസ്‌പെൻസറി തുറക്കാറില്ലെന്ന്‌ നാട്ടുകാർ പറഞ്ഞു. വാടകക്കെട്ടിടത്തിൽനിന്ന് ഒഴിയാൻ നിർദേശമുള്ളതിനാൽ പറളി ഡിസ്‌പെൻസറിയും പൂട്ടിക്കിടക്കുന്നു. ചിറ്റൂരിൽ ഡോക്ടർ എത്താറില്ല. ഒറ്റപ്പാലത്ത്‌ ഒരു ഡോക്ടർ ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമേ പരിശോധിക്കൂ. ഷൊർണൂരിലും സ്ഥിതി സമാനം.

സമയമോ ? അതെന്താ

രാവിലെ എട്ടുമുതൽ വൈകിട്ട്‌ ആറുവരെയാണ് ജില്ലാ ഇഎസ്‌ഐ ആശുപത്രിയുടെയും ഡിസ്പെൻസറികളുടെയും പ്രവർത്തനസമയം. ജീവനക്കാർ എത്തുന്നത്‌ 11നുമാത്രം. രണ്ടിന്‌ സ്ഥലംവിടാറുണ്ടെന്നും രോഗികൾ പറയുന്നു. ജില്ലാ ആശുപത്രിയിൽ രാവിലെ കൃത്യസമയത്തെത്തി ഡോക്ടർമാർ പഞ്ചിങ്‌ ചെയ്യും. എന്നാൽ ഉച്ചയോടെയേ പരിശോധന തുടങ്ങൂ. എല്ലാ ഡിസ്പെൻസറികളും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമേ പ്രവർത്തിക്കാറുള്ളൂ.

മരുന്നുണ്ട്‌, കൊടുക്കില്ല

ഡിസ്‌പെൻസറികളിൽ ലക്ഷക്കണക്കിന്‌ രൂപയുടെ മരുന്നുകൾ കെട്ടിക്കിടക്കുന്നുണ്ടെങ്കിലും രോഗികൾക്ക്‌ നൽകില്ല. ചിലയിടങ്ങളിൽ ഫാർമസിസ്റ്റ്‌ ഇല്ല, ചിലയിടത്ത്‌ ഡോക്ടർമാർ മരുന്ന് എഴുതാറില്ല. ജീവിതശൈലീ രോഗങ്ങൾക്കുപോലും പരമാവധി ഒരാഴ്‌ചത്തേക്കേ മരുന്ന്‌ കൊടുക്കൂ. പിന്നീട്‌ മരുന്നിന്‌ വരുന്നവർ ഡോക്ടറെ കണ്ട്‌ കുറിപ്പടി വാങ്ങണം. ഡോക്ടറെ കാത്തിരുന്ന് കാണാനാകാതെ മടങ്ങുകയാണ് പലരും.



deshabhimani section

Related News

View More
0 comments
Sort by

Home