നാക്കിൽ വെള്ളമൂറുന്നുണ്ടോ
ഇത് പെരിങ്ങോട്ടെ അച്ചാറാ

വൈ എൻ മനോജ്‌കുമാർ
Published on Aug 27, 2025, 12:00 AM | 1 min read
കോങ്ങാട്
കണ്ണിമാങ്ങ മുതല്‍ സ്രാവുവരെ 18 വ്യത്യസ്ത രുചികളിലുള്ള അച്ചാറുണ്ട് കോങ്ങാട് പെരിങ്ങോട്ടെ ആര്‍ബിഎസ് കുടുംബശ്രീക്ക്. എന്‍ രമ്യ, ബ്രിജിത് ബാബു, പി സുചിത്ര, വി രുഗ്മിണി എന്നിവരാണ് നാട്ടുകാരുടെ നാക്കിൻ തുമ്പിലേക്ക് രുചിവൈവിധ്യമെത്തിക്കുന്നത്. കോവിഡ് ഒന്നൊതുങ്ങിയപ്പോൾ 2021ല്‍ രമ്യയും രുഗ്മിണിയും ബ്രിജിത്തും ചേര്‍ന്നുള്ള ആലോചനയാണ് തുടക്കം. നാലാമതൊരാളെയും കൂട്ടി 1500 രൂപ വിഹിതമിട്ട് അച്ചാര്‍ നിര്‍മാണയൂണിറ്റിന് തുടക്കമിട്ടു. പേരിന്റെ ആദ്യാക്ഷരം ചേര്‍ത്ത് യൂണിറ്റിന് പേരുമിട്ടു, ആര്‍ബിഎസ്. കുടുംബശ്രീ മിഷനില്‍നിന്ന് നാലുശതമാനം പലിശ നിരക്കിലെടുത്ത ഒരുലക്ഷം രൂപയുടെ വായ്പയാണ് പ്രവര്‍ത്തന മൂലധനം. ബാക്കിയുള്ള മാറ്റമെല്ലാം അച്ചാര്‍ വിറ്റുകിട്ടിയ വരുമാനം ഉപയോഗിച്ചായിരുന്നു. ബ്രിജിത്ത് ബാബുവിന്റെ വീടാണ് അച്ചാര്‍ നിര്‍മാണകേന്ദ്രം. രുചിക്കായി ക്രിത്രിമക്കൂട്ടുകളൊന്നും ചേര്‍ക്കാറില്ല. കോങ്ങാട് അങ്ങാടിയില്‍നിന്ന് വാങ്ങുന്ന കാശ്മീരി മുളകാണ് ഉപയോഗിക്കുന്നത്. കൂട്ടെല്ലാം പൊടിച്ച് ഉണ്ടാക്കുന്നു. വെളുത്തുള്ളി, കണ്ണിമാങ്ങ, ഈന്തപ്പഴം നാരങ്ങ, ചെമ്മീന്‍, ബീഫ്, സ്രാവ്, മുന്തിരി തുടങ്ങി പതിനെട്ടോളം വ്യത്യസ്ത അച്ചാറുകളാണ് ഉണ്ടാക്കുന്നത്. രുഗ്മിണിയുടെ മകന്‍ ശ്രീരാഗും ബ്രിജിത്തിന്റെ മകന്‍ ആഷറും ജീപ്പോടിക്കും. വിവിധ ഭാഗങ്ങളില്‍ ജീപ്പിലെത്തി ഇവര്‍ തന്നെ വിൽപ്പനയും നടത്തും. ആശുപത്രികള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊലീസ് സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളിലെല്ലാം ഉപഭോക്താക്കളുണ്ട്. പേരും പെരുമയും കൂടിയതോടെ ആര്‍ബിഎസ് അച്ചാറിന് സംസ്ഥാനത്തിന് പുറത്തും ആവശ്യക്കാരായി. കഴിഞ്ഞ ഓണത്തിന് മാത്രം ഒരു ലക്ഷം രൂപയുടെ അച്ചാറാണ് വിറ്റത്. ഇത്തവണ അച്ചാറിനു പുറമെ ചിപ്സും ശര്‍ക്കരവരട്ടിയും തയ്യാറാക്കിയിട്ടുണ്ട്.










0 comments