ad
Deshabhimani

വേനലിൽ വാടല്ലേ

കാക്കണം ആരോഗ്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Apr 27, 2026, 02:00 AM | 2 min read


പാലക്കാട്‌

ചൂട്‌ കടുക്കുമ്പോൾ വേനൽക്കാല രോഗങ്ങളിലും വേണം ജാഗ്രത. ച‍ൂട്‌, അൾട്രാവയലറ്റ്‌ രശ്‌മികൾ, വിയർപ്പ്‌, പൊടി, മലിനജലം എന്നിവയിലൂടെ രോഗങ്ങൾ പടരാം. അമിത ചൂടുമൂലം ഇരുകണ്ണിനെയും ബാധിക്കുന്ന രോഗമാണ്‌ ചെങ്കണ്ണ്‌. കണ്ണിലെ വെളുത്ത ഭാ​ഗമായ കൺജങ്‌ടൈവയിലുണ്ടാകുന്ന അണുബാധയും നീർക്കെട്ടുമാണ് രോഗത്തിലേക്ക്‌ നയിക്കുന്നത്‌. ഇങ്ങനെ രക്തക്കുഴലുകളിലെ രക്തപ്രവാഹം കൂടുകയും കണ്ണിന് ചുവപ്പുനിറമുണ്ടാകുകയും ചെയ്യുന്നു. വൈറസ്‌, ബാക്ടീരിയ സാന്നിധ്യമാണ്‌ കാരണം. ചൂട്‌, പൊടി, വിയർപ്പ്‌ തുടങ്ങിയ സാഹചര്യങ്ങൾ പ്രശ്‌നം കുഴപ്പിക്കുന്നു. വേനൽക്കാലത്ത്‌ സാധാരണയായി കാണുന്ന ഒന്നാണ്‌ കൺകുരു. കണ്ണ് ചുവക്കുക, പോളകൾ വീർക്കുക, പഴുപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. ചൂടുകാരണം കണ്ണിലെ കണ്ണുനീർ വേഗത്തിൽ വറ്റിപ്പോകുന്നതാണ്‌ കൺവരൾച്ച. കണ്ണിൽ തരിപ്പും ചൊറിച്ചിലും പുകച്ചിലും ഉണ്ടാകുന്നു. കംപ്യൂട്ടർ, മൊബൈൽ എന്നിവ ദീർഘനേരം ഉപയോഗിക്കുന്നതും കാരണമാണ്‌. അൾട്രാവയലറ്റ്‌ രശ്മികൾ കണ്ണിന്റെ കോർണിയയിൽ ഉണ്ടാകുന്ന പൊള്ളലാണ്‌ ഫോട്ടോ കെരാറ്റൈറ്റിസ്. കഠിനമായ കണ്ണുവേദന, ചൊറിച്ചിൽ, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം, കണ്ണിൽനിന്ന്‌ വെള്ളം വരിക, കണ്ണു ചുവക്കുക, കാഴ്ച മങ്ങുക, അസ്വസ്ഥത തുടങ്ങിയവയാണ്‌ ലക്ഷണങ്ങൾ. ഇവകൂടാതെ പൊടിമൂലമുണ്ടാകുന്ന അലർജികളെയും സൂക്ഷിക്കണം. കണ്ണ്‌ ചൂടിൽനിന്ന്‌ സംരക്ഷിച്ച്‌ വൃത്തിയായി സൂക്ഷിക്കുകയാണ്‌ പ്രതിരോധ മാർഗം. വെയിലിൽ സൺഗ്ലാസ്‌ നിർബന്ധമായും ഉപയോഗിക്കുക. കണ്ണ് കൈകൊണ്ട് തിരുമ്മരുത്. കൈകൾ ഇടയ്ക്കിടെ സോപ്പ്‌ ഉപയോഗിച്ച്‌ കഴുകാനും കണ്ണിന്‌ വിശ്രമം നൽകാനും മറക്കരുത്‌. ത്വക്ക്‌ സംരക്ഷിക്കണം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിലുണ്ടാക്കുന്ന പൊള്ളലാണ്‌ സൂര്യാതപം. തൊലിപ്പുറം ചുവക്കുക, പൊള്ളൽ, ചൊറിച്ചിൽ, കുമിളകൾ, ചർമം ഉരിഞ്ഞുപോവുക തുടങ്ങിയവയാണ്‌ ലക്ഷണങ്ങൾ. ചൂടുകാലത്ത്‌ സ്ഥിരം കാഴ്‌ചയാണ്‌ ചൂടുകുരുക്കൾ. അമിത ചൂടിൽ വിയർപ്പ് ഗ്രന്ഥികൾ അടയുകയും ചർമ്മത്തിന് താഴെ വിയർപ്പ് തങ്ങിനിൽക്കുന്നതുമാണ്‌ കാരണം. കക്ഷം, തുടയിടുക്കുകൾ തുടങ്ങി വിയർപ്പ് തങ്ങിനിൽക്കുന്ന ഭാഗങ്ങളിൽ ഫംഗസ് ബാധയുണ്ടാകാൻ സാധ്യത കൂടുതലാണ്. റിങ്‌വേം പോലുള്ള പൂപ്പൽ രോഗങ്ങളും വേനൽക്കാലത്ത് സാധാരണം. വ്യക്തിശുചിത്വം പാലിക്കേണ്ടത്‌ അത്യാവശ്യം. മുറുക്കമുള്ളതും സിന്തറ്റിക് വസ്ത്രങ്ങളും ഒഴിവാക്കി അയഞ്ഞ കോട്ടൺ വസ്‌ത്രങ്ങൾ ഉപയോഗിക്കുക. ചർമ്മത്തിൽ നനവ് നിലനിർത്താൻ ധാരാളം വെള്ളം കുടിക്കണം. പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കുന്നതും ശീലമാക്കണം. നിസ്സാരമല്ല ചിക്കൻപോക്സ്‌ വായുവിലൂടെ അതിവേഗം പടരുന്ന വരിസെല്ല സോസ്റ്റർ വൈറസാണ് രോഗത്തിന്‌ കാരണം. രോഗിയുടെ കുമിളകളിലെ ദ്രവം, ചുമ, തുമ്മൽ, അടുത്ത സമ്പർക്കം തുടങ്ങിയവയിലൂടെയാണ്‌ രോഗാണുക്കൾ പകരുന്നത്‌. ശരീരത്തിൽ ചൊറിച്ചിലോടുകൂടിയ കുമിളകൾ, പനി, തലവേദന, ക്ഷീണം എന്നിവയാണ്‌ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജനസമ്പർക്കം ഒഴിവാക്കി ഉടൻ വൈദ്യസഹായം തേടണം. വീട്ടിലുള്ളവർ രോഗിയുമായി സമ്പർക്കം കുറയ്‌ക്കണം. കുമിളകളിൽ ചൊറിയരുത്. വ്യക്തിശുചിത്വം പാലിക്കണം. കുടിവെള്ളത്തിൽ 
ശ്രദ്ധവേണം ജലസ്രോതസ്സുകളിൽ വെള്ളം താഴുന്നതോടെ മലിനമാകാനുള്ള സാധ്യത കൂടുന്നു. ഇങ്ങനെ മലിനമായ വെള്ളത്തിലൂടെയും ആ വെള്ളം ഉപയോഗിച്ച് പാകംചെയ്ത ഭക്ഷണത്തിലൂടെയും രോഗങ്ങൾ പകരുന്നു. കുടിവെള്ളത്തിൽ കലരുന്ന വൈറസ്‌ മൂലമുണ്ടാകുന്ന രോഗമാണ്‌ മഞ്ഞപ്പിത്തം. രക്തത്തിലെ ബിലിറൂബിനെന്ന മഞ്ഞ നിറമുള്ള ഘടകം ഉയരുന്ന അവസ്ഥയാണിത്‌. ക്ഷീണം, ഭക്ഷണത്തോടുള്ള വിമുഖത, ഛർദി, പനി, ഇരുണ്ട നിറത്തിൽ മൂത്രം പോകുക എന്നിവ ലക്ഷണങ്ങൾ. ബാക്ടീരിയകളും വൈറസുകളും മൂലമുണ്ടാകുന്ന വയറിളക്ക രോഗങ്ങൾ, സാൽമൊണല്ല ടൈഫി എന്ന ബാക്ടീരിയ വഴി പകരുന്ന ടൈഫോയ്ഡ്, ദഹന വ്യവസ്ഥയെ ബാധിക്കുന്ന ഷിഗെല്ല എന്നിവയും പകരാൻ സാധ്യതയുണ്ട്‌. ഉപയോഗിക്കുന്ന കുടിവെള്ളം ശുദ്ധമാണെന്ന്‌ ഉറപ്പാക്കണം. തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. സ്വയം ചികിത്സ ഒഴിവാക്കി വൈദ്യസഹായം തേടണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home