അന്താരാഷ്ട്ര കായികമേള ബ്രസീലിന്റെ മണ്ണിൽ പൊരുതാൻ നിവേദ്യ

അന്താരാഷ്ട്ര കായികമേള ബ്രസീലിന്റെ മണ്ണിൽ പൊരുതാൻ നിവേദ്യ
കുഴൽമന്ദം
ബ്രസീലിൽ നടക്കുന്ന അന്താരാഷ്ട്ര സ്കൂൾ സ്പോർട്സ് ഫെഡറേഷൻ കായികമേളയിൽ പങ്കെടുക്കാൻ യോഗ്യതനേടി കെ നിവേദ്യ. ഡിസംബർ മൂന്ന് മുതൽ എട്ടുവരെ ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് മത്സരം. ഗോവയിൽ നടത്തിയ സെലക്ഷൻ മത്സരത്തിലാണ് നിവേദ്യ ഇന്ത്യൻ ടീമിൽ ഇടം നേടിയത്. 1500 മീറ്റർ ഓട്ടത്തിലാണ് പങ്കെടുക്കുക. ആഗസ്‌തിൽ കൊല്ലത്ത് നടന്ന സംസ്ഥാന ഇന്റർ ക്ലബ് അത്‌ലറ്റിക് മീറ്റിൽ 1000 മീറ്റർ ഓട്ടത്തിൽ സ്വർണമെഡൽ നേടിയിരുന്നു. കഴിഞ്ഞവർഷം നടന്ന ദേശീയ സ്കൂൾ കായികമേളയിൽ 1500 മീറ്ററിൽ വെങ്കലവും 4 x400 മീറ്റർ റിലെയിൽ സ്വർണ മെഡലും കരസ്ഥമാക്കി. 2024 –ൽ എറണാകുളത്ത് നടന്ന സംസ്ഥാന സബ് ജൂനിയർ മീറ്റിൽ 800, 1500 മീറ്ററിൽ സ്വർണവും 400 മീറ്ററിൽ വെങ്കലവും 2025 – ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സബ്ജൂനിയർ മീറ്റിൽ 400, 800, 1500 മീറ്റർ ഓട്ടത്തിൽ ട്രിപ്പിൾ സ്വർണവും 2023 –ൽ കുന്നംകുളത്ത് നടന്ന സംസ്ഥാന കായികമേളയിൽ ജൂനിയർ വിഭാഗം 800,1500 മീറ്ററിൽ സ്വർണവും 4×400 മീറ്റർ വെള്ളി മെഡലും 2022 തിരുവന്തപുരത്ത് നടന്ന സംസ്ഥാന സബ്ജൂനിയർ കായികമേളയിൽ 200, 400, 600 മീറ്ററിൽ ട്രിപ്പിൾ സ്വർണവും നേടിയിരുന്നു. തേങ്കുറുശി തായങ്കാവ് കരിപ്പാംകുളങ്ങര വീട്ടിൽ ശാന്തിയുടെ മകളാണ് കെ നിവേദ്യ . വടവന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റിസ് വിദ്യാർഥിനിയാണ്. തേങ്കുറുശി സൂര്യകിരൺ അത്‌ലറ്റിക് അക്കാദമിയിലെ ആർ അജയകുമാറാണ് പരിശീലനം നൽകുന്നത്.









0 comments