ad
Deshabhimani

വ്യവസായ മേഖലയും ഇരുട്ടിൽ

AI_INDUSTRY.jpg
avatar
സ്വന്തം ലേഖകൻ

Published on Jul 19, 2026, 02:00 AM | 1 min read

പാലക്കാട്‌

പവർക്കട്ടിൽ തളർന്നുപോകുകയാണ്‌ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട്‌. എട്ട്‌ മണിക്കൂർ പ്രവർത്തിക്കാനുദ്ദേശിച്ച്‌ ആരംഭിക്കുന്ന കന്പനികൾക്ക്‌ നാല്‌ മണിക്കൂർ പോലും പ്രവർത്തിക്കാനാകുന്നില്ല. അടിക്കടിയുണ്ടാകുന്ന പവർക്കട്ടാണ്‌ പ്രധാന വില്ലൻ. പതിനായിരത്തിലേറെവരുന്ന ചെറുകിട സ്വയംതൊഴിൽ വ്യവസായ സ്ഥാപനങ്ങൾക്കും വൻകിട വ്യവസായങ്ങൾക്കും പവർക്കട്ട്‌ വലിയ പ്രതിസന്ധിയാണ്‌ ഉണ്ടാക്കുന്നത്‌. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുണ്ടായ അസംസ്‌കൃത വസ്‌തുക്കളുടെ വിലക്കയറ്റത്തിൽ തളർന്ന മേഖലയ്ക്ക്‌ പവർക്കട്ട്‌ ഇരുട്ടടിയായി. പ്ലാസ്റ്റിക്, റബർ, സ്റ്റീൽ മേഖലകളാണ്‌ കൂടുതൽ വെല്ലുവിളി നേരിടുന്നത്‌. നിരന്തരം ചൂടാക്കിയാൽ മാത്രമേ ഫർണസ്‌ കൃത്രിമമായി പ്രവർത്തിക്കുകയുള്ളൂ. ഇതിനിടയിൽ വൈദ്യുതി മുടങ്ങുന്പോൾ പ്രവർത്തനം താളംതെറ്റും. ചൂട്‌ കുറഞ്ഞാൽ ഉൽപ്പന്നങ്ങൾ കട്ടപിടിക്കും. വൈദ്യുതി വരുമ്പോൾ യന്ത്രങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാക്കാനും ചൂടാകാനും സമയം എടുക്കും. അടിയന്തരഘട്ടങ്ങളിലൊഴികെ ജനറേറ്റർ പ്രായോഗികമല്ല. ഡീസൽ, ഗ്യാസ്‌ വിലവർധനയിൽ വലയുന്നതിനിടെയാണ്‌ വൈദ്യുതിമുടക്കവും. നിശ്ചിതസമയത്തിനകം നിർമാണം പൂർത്തിയാക്കി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ്‌ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്‌. ഉൽപ്പാദനം മുടങ്ങിയാൽ കമ്പനികൾക്ക് ഓർഡറുകൾ കൃത്യസമയത്ത് നൽകാനാകില്ല. വരുമാനനഷ്ടം മാത്രമല്ല, സ്ഥാപനങ്ങളുടെ വിശ്വാസ്യതയെയും ബാധിക്കും. ഇതര സംസ്ഥാനങ്ങളിൽനിന്നും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നും വിവിധ ഉൽപ്പന്നങ്ങളുടെ ഓർഡറുകൾ സ്വീകരിക്കുന്ന നൂറുകണക്കിന്‌ കമ്പനികളാണ്‌ കഞ്ചിക്കോട്‌ വ്യവസായ മേഖലയിലുള്ളത്‌. വൈദ്യുതി മുടങ്ങുന്നതിനാൽ ശീതീകരണ സംവിധാനങ്ങൾ പണിമുടക്കുന്നത്‌ അസംസ്‌കൃത വസ്തുക്കളും നിർമിച്ച ഉൽപ്പന്നങ്ങളും നശിച്ചുപോകാനും ഇടയാക്കും. സർവറുകൾ, കമ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവ തടസ്സപ്പെടുന്നത് ഓഫീസ് പ്രവർത്തനങ്ങളെയും ആശയവിനിമയങ്ങളെയും ബാധിക്കും. 2001–2006 കാലത്തെ യുഡിഎഫ്‌ സർക്കാർ നിരന്തരമായി പവർക്കട്ട്‌ ഏർപ്പെടുത്തിയതിന്റെ ഭാഗമായി മേഖലയിലെ 200 വ്യവസായ സ്ഥാപനങ്ങളാണ്‌ പൂട്ടിയത്‌. 12,000 പേർക്ക്‌ തൊഴിൽ നഷ്ടപ്പെട്ടിരുന്നു. പത്തുവർഷം പവർക്കട്ട്‌ ഇല്ലാത്തതിനാൽ നിരവധി കമ്പനികളാണ്‌ മേഖലയിൽ പുതുതായി എത്തിയത്‌.


ഉടൻ പരിഹാരം കാണണം​

അസംസ്‌കൃത വസ്‌തുക്കളുടെ വിലക്കയറ്റത്തിൽ നട്ടംതിരിയുകയാണ്‌ വ്യവസായ മേഖല. ഇതിനിടയിൽ വൈദ്യുതി മുടങ്ങുന്നത്‌ വലിയ പ്രതിസന്ധിയാണ്‌. എത്രയും പെട്ടെന്ന്‌ പ്രശ്‌നത്തിന്‌ പരിഹാരം കാണണം കെ ദേവദാസ്‌ ജില്ലാ പ്രസിഡന്റ്‌ കേരള സ്‌റ്റേറ്റ്‌ സ്‌മോൾ ഇൻഡസ്‌ട്രീസ്‌ അസോസിയേഷൻ (കെഎസ്‌എസ്‌ഐഎ)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home