ദീർഘദൂര യാത്രക്കാർ ദുരിതത്തിൽ
ട്രെയിനിൽ രാത്രി ചാർജിങ്ങിന് നിയന്ത്രണം


സ്വന്തം ലേഖകൻ
Published on Oct 29, 2026, 12:42 AM | 1 min read
ഒറ്റപ്പാലം
സുരക്ഷയുടെ പേരിൽ റെയിൽവേ ട്രെയിനുകളിൽ രാത്രി ചാർജിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ദുരിതത്തിലായി ദീർഘദൂര യാത്രക്കാർ. രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെ മൊബൈൽ ഫോണുകൾ, പവർ ബാങ്കുകൾ, ലാപ്‌ടോപ്പുകൾ എന്നിവ ചാർജ് ചെയ്യുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ സമയത്ത് ചാർജിങ് പോർട്ടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കും. മുംബൈ ലോക്കൽ ട്രെയിനിൽ പവർ ബാങ്ക് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിയുണ്ടായ സംഭവത്തിനുപിന്നാലെയാണ് നടപടി. ആറുമണിക്കൂർ ചാർജിങ് പോയിന്റുകൾ പ്രവർത്തനരഹിതമാണെന്ന് ജീവനക്കാർ ഉറപ്പാക്കണമെന്നും അപ്രതീക്ഷിത പരിശോധന നടത്തണമെന്നും സോണുകൾക്ക് ഒക്ടോബർ 26ന് റെയിൽവേ അയച്ച കത്തിൽ നിർദേശിച്ചിട്ടുണ്ട്. സുരക്ഷാ നടപടികളിൽ അലംഭാവം പാടില്ലെന്നും മുന്നറിയിപ്പുണ്ട്. 2014 ജൂണ്‍ 19 മുതലാണ് ട്രെയിനുകളിലെ ചാർജിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ബംഗ്ലൂരു –- ഹസൂർ സാഹിബ് നന്ദേദ് എക്സ്പ്രസിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് റെയില്‍വേ സുരക്ഷാ കമീഷന്റെ ശുപാർശ പ്രകാരമായിരുന്നു അന്നത്തെ നടപടി. 2021 മാർച്ചില്‍ ഇത് കര്‍ശനമാക്കാന്‍ റെയിൽവേ നിര്‍ദേശിച്ചിരുന്നു. മുംബൈയിലെ പവര്‍ ബാങ്ക് സംഭവത്തെ തുടര്‍ന്നാണ് നിലവിലുള്ള നിയമം വീണ്ടും ശക്തമാക്കിയത്. എന്നാൽ, രാത്രി ദീർഘദൂര യാത്ര നടത്തുന്നവർക്ക് മൊബൈൽ ഫോണിന്റെ ചാർജ് തീർന്നാൽ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതിനും അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനും കഴിയാതെയാവുമെന്ന പരാതിയുമുയരുന്നുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം യാത്രക്കാരുടെ പ്രയാസം പരിഹരിക്കാൻ ബദൽ ചാർജിങ്ങ് സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.









0 comments