തേങ്ങയ്ക്ക്‌ പൊള്ളുംവില

മില്ലുകാരും പ്രതിസന്ധിയിൽ

High price of coconut

പുത്തൂരിലെ മില്ലിൽ കൊപ്രയാട്ടുന്ന ഉടമ രതീഷ് ചന്ദ്രൻ

avatar
ടി എസ്‌ അഖിൽ

Published on Jul 12, 2025, 12:00 AM | 2 min read

പാലക്കാട്‌

പൊന്നുംവിലയാണ്‌ തേങ്ങയ്‌ക്ക്‌. അതിലും വിലയുണ്ട്‌ എണ്ണയ്ക്ക്‌. അടുക്കളകളിൽനിന്ന്‌ തേങ്ങയും എണ്ണയും പടിയിറങ്ങിത്തുടങ്ങിയതോടെ മില്ലുകാരും വ്യാപാരികളും പ്രതിസന്ധിയിലാണ്‌. കൊപ്ര എണ്ണയാക്കി വിൽക്കുന്ന ചെറുകിട മില്ലുകൾ പൂട്ടുകയാണ്‌. വിലക്കയറ്റം എണ്ണയുടെ വിപണിയിടിച്ചതാണ് തിരിച്ചടിയായത്‌. തേങ്ങ കിലോ 75 രൂപയ്ക്കാണ്‌ ചില്ലറ വിൽപ്പന. 67 മുതൽ 70 രൂപവരെ നൽകണം മൊത്തവിപണിയിൽ. വെളിച്ചെണ്ണ ലിറ്റർ 480 രൂപയ്ക്ക്‌ മുകളിൽ തുടരുകയാണ്‌. 15 കിലോയ്ക്ക്‌ 6800 രൂപ മൊത്തവിപണിയിൽ നൽകണം. കൊപ്ര സർവകാല റെക്കോഡായ 315ൽ എത്തുമെന്ന്‌ മില്ലുകാർ പറയുന്നു. കുറ്റ്യാടിയിൽനിന്നാണ്‌ കൊപ്ര എത്തുന്നത്‌. കിലോയ്ക്ക് 298 രൂപയാണ്‌ വില. ജൂൺ ആദ്യം 300 കടന്നെങ്കെിലും പിന്നീട്‌ കുറഞ്ഞു. മംഗളുരുവിൽനിന്ന്‌ കൊപ്ര എത്തുന്നത്‌ കുറഞ്ഞു. ഇതിന് കിലോ 285 രൂപയാണ്‌. കൊപ്ര ഈ വിലയ്ക്ക്‌ വാങ്ങി വെളിച്ചെണ്ണയാക്കി വിറ്റാൽ നഷ്ടമാണെന്ന്‌ മില്ലുടമകൾ പറയുന്നു. 1.5 മുതൽ 2.25 കിലോ കൊപ്ര ആട്ടിയാലേ ഒരുലിറ്റർ എണ്ണ കിട്ടൂ.

കാരണങ്ങൾ പലത്‌

ജില്ലയിൽ 62,520 ഹെക്ടറിലാണ്‌ തെങ്ങുള്ളത്‌. 52.95 കോടി തേങ്ങകളാണ്‌ വാർഷിക ഉൽപ്പാദനം. 2023ലെ കനത്ത വേനലാണ്‌ ഉൽപ്പാദനം ഇടിച്ചതെന്ന്‌ വിദഗ്ധർ പറയുന്നു. രോഗങ്ങളും കാലാവസ്ഥാ മാറ്റവും തെങ്ങിനെ നശിപ്പിച്ചത് ഇരുട്ടടിയായി. വേനൽസമയത്ത്‌ കരിക്കിന്‌ വിലയുയർന്നിരുന്നു. മൂപ്പെത്താതെ കരിക്ക്‌ വിറ്റതും തിരിച്ചടിയായി. ഉത്തരേന്ത്യയിൽ കരിക്കിന്‌ 100 രൂപ കടന്നതോടെ കയറ്റുമതി കൂടി. തേങ്ങയുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനികൾ സംഭരണം കൂട്ടിയതും തേങ്ങവരവ്‌ കുറച്ചു. ഓണമെത്തുന്നതോടെ വില ഇനിയും കൂടും.

ലാഭമില്ല

ഒരുലിറ്റർ വെളിച്ചെണ്ണ ഉണ്ടാക്കാൻ 475 രൂപ ചെലവുണ്ട്‌. വൈദ്യുതി, കൂലി എന്നിവ ചേർത്താൽ ലാഭമുണ്ടാകില്ല. ദിവസം 250 ലിറ്റർ എണ്ണ വിറ്റിരുന്നത് 60–-70 ലിറ്ററിലെത്തി. വിർജിൻ എണ്ണ ലിറ്ററിന്‌ 1000 രൂപയുള്ളത്‌ 1900 ആയി ഉയർന്നു. ര

തീഷ്‌ ചന്ദ്രൻ പൂർണ ഓയിൽ മിൽ,
പുത്തൂർ

ഉൽപ്പാദനം മൂന്നിലൊന്നായി

പച്ചത്തേങ്ങ, വെളിച്ചെണ്ണ, ചകിരി, ചിരട്ട, കൊപ്ര എന്നിവയുടെ വില കൂടിയത് കർഷകര്‍ക്ക് പ്രതീക്ഷയാണ്. പക്ഷേ, തെങ്ങിന്റെ രോഗവും വരൾച്ചയും ഉൽപ്പാദനം മൂന്നിലൊന്നായി ചുരുക്കിയിട്ടുണ്ട്. തെങ്ങിന്റെ ഉൽപ്പാദനം മെച്ചപ്പെടുമ്പോഴും വില ഇതേപടി നിൽക്കുമോ എന്നാണ് കർഷകരുടെ ആശങ്ക. കേന്ദ്രസർക്കാർ രാസവളത്തിന്റെ വില കൂട്ടിയതും തിരിച്ചടിയാണ്. ഉൽപ്പാദനം മെച്ചപ്പെടുത്താൻ സർക്കാർ സഹായം വേണം.

വി രാജൻ കേരകർഷകൻ,നല്ലേപ്പിള്ളി



deshabhimani section

Related News

View More
0 comments
Sort by

Home