കുത്തഴിഞ്ഞ് ആരോഗ്യവകുപ്പ്
പകർച്ചവ്യാധിയിൽ പൊലിഞ്ഞത് 11 പേർ

സ്വന്തം ലേഖകൻ
പാലക്കാട്
ജില്ലയിൽ ഒന്നര മാസത്തിനിടെ പകർച്ചവ്യാധിയുടെ പിടിയിൽ മരിച്ചത് 11 പേർ. അലനല്ലൂർ കർക്കിടാംകുന്നിൽ മരിച്ച നാൽപ്പത്തൊന്നുകാരനാണ് ശനിയാഴ്‌ച ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് മാത്രം ആറുപേർ മരിച്ചു. അങ്കണവാടി ജീവനക്കാരിയായ ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്തുകുളമ്പ് സ്വദേശിനി ഗീത, കരിമ്പുഴ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ വീട്ടിൽ മറിയ, കരിമ്പുഴ സ്വദേശി ജിജോ മോഹൻ, അകത്തേത്തറ സ്വദേശികളായ കൃഷ്‌ണൻ, മോഹനൻ, പട്ടാന്പി സ്വദേശിയായ എഴുപത്തിനാലുകാരി എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കരിമ്പുഴ എളമ്പുലാശേരി സ്വദേശിയായ എഴുപത്തിയേഴുകാരനും കുമരംപുത്തൂർ സ്വദേശി മുപ്പത്തിനാലുകാരിയും എച്ച്1എൻ1 ബാധിച്ച് മരിച്ചു. ഇതുകൂടാതെ എലിപ്പനി ബാധിച്ച് രണ്ടുപേരും മരിച്ചിരുന്നു. ജില്ലയിൽ രണ്ടാം തവണയാണ് ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്യുന്നത്. ജൂണിൽ വടക്കഞ്ചേരി കിഴക്കഞ്ചേരി സ്വദേശിയായ പന്ത്രണ്ടുകാരന് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. ഇയാൾക്ക് നിലവിൽ രോഗം പൂർണമായി ഭേദമായിട്ടുണ്ട്. രോഗ ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുമ്പോഴും ആരോഗ്യ വകുപ്പ് മന്ത്രിയും ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രിമാരും വേണ്ട വിധത്തിൽ ഇടപെടൽ നടത്തുന്നില്ല. ഇത്തവണ മഴക്കാലപൂർവ ശുചീകരണം ഉൾപ്പെടെ പാളിയിരുന്നു. മഴ തുടങ്ങിയശേഷമാണ് ഉന്നതതല യോഗംപോലും ചേർന്നത്. ജൂൺ പകുതിയിൽ മഴ കുറഞ്ഞപ്പോഴും ശുചീകരണ പ്രവൃത്തികൾ ഗൗരവമായി ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. വീണ്ടും മഴ ശക്തമാകുമ്പോൾ പകർച്ചവ്യാധി ഭീതിയും വർധിക്കുന്നു. ശനിയാഴ്‌ച മാത്രം 25 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 53 പേർ നിരീക്ഷണത്തിലാണ്.










0 comments