ad
Deshabhimani

27 വർഷം വി എസിന്റെ ഡ്രൈവറായിരുന്ന സുന്ദരൻ ഓർമിക്കുന്നു

വി എസിന്റെ യാത്രകൾ

വി എസ് അച്യുതാനന്ദനൊപ്പം കെ സുന്ദരൻ

വി എസ് അച്യുതാനന്ദനൊപ്പം കെ സുന്ദരൻ

avatar
നിഖിൽ രവീന്ദ്രൻ

Published on Jul 21, 2026, 01:19 AM | 2 min read

പാലക്കാട്‌

ദേവരാജന്‍ മാഷിന്റെ പാട്ടുകൾക്കൊപ്പം ദൂരെമേറെ താണ്ടിയ വി എസിന്റെ ഓർമകളുടെ സ്റ്റിയറിങ് പിടിക്കുകയാണ്‌ കെ സുന്ദരൻ. വി എസ് അച്യുതാനന്ദനുമായുള്ള യാത്രകളുടെ കഥ പറയുമ്പോൾ ഡ്രൈവറായിരുന്ന സുന്ദരന്റെ മനസ്സിൽ ഓർമകളുടെ കടലിരമ്പം. 27 വർഷം വി എസിന്റെ സാരഥിയായിരുന്നു നെന്മാറ അളുവാശേരി സ്വദേശി കെ സുന്ദരൻ. കണിശക്കാരനെന്ന്‌ പലരും വി എസിനെക്കുറിച്ച്‌ പറയുമ്പോഴും സുന്ദരന് അനുഭവം വേറിട്ടതാണ്‌. ‘ഒരിക്കൽപ്പോലും എന്നോട്‌ അദ്ദേഹം ദേഷ്യപ്പെട്ടതായി ഓർമയിലില്ല. ഇഷ്ടക്കേടുണ്ടെങ്കിൽ മുഖത്തുനിന്ന്‌ അറിയാം. അത്തരം സന്ദർഭങ്ങളിൽ അറിഞ്ഞുപെരുമാറാൻ ഞാനും ശ്രദ്ധിച്ചിട്ടുണ്ട്‌’. 1994 ഡിസംബർ ആറിനാണ്‌ എ കെ ജി സെന്ററിൽ ഡ്രൈവറായി പോയത്‌. വി എസ്‌ എൽഡിഎഫ്‌ കൺവീനറായപ്പോൾ അദ്ദേഹത്തിന്റെ സാരഥിയായി. അത്‌ ഭരണപരിഷ്‌കാര കമീഷൻ അധ്യക്ഷസ്ഥാനം ഒഴിയുന്നതുവരെ തുടർന്നു. 2001ൽ വി എസ്‌ മലമ്പുഴ എംഎൽഎയായതോടെയാണ്‌ സ്‌റ്റാഫിലെടുത്തത്‌. പ്രതിപക്ഷ നേതാവായപ്പോൾ സുന്ദരൻ തന്നെ ഡ്രൈവറായി വേണമെന്നത്‌ വി എസിന്റെ ആവശ്യമായിരുന്നു. ‘എന്റെ കൂടെ ഒരാൾ വേണം... അത്‌ സുന്ദരനാകണം.’ ഒരു യാത്രയിൽ വി എസ്‌ പറഞ്ഞത്‌ സുന്ദരൻ ഓർക്കുന്നു. ലണ്ടനിൽ ചികിത്സ കഴിഞ്ഞ്‌ മടങ്ങുമ്പോൾ കറുത്ത പാന്റ്‌സും വെള്ള ഷർട്ടുമാണ്‌ വി എസ്‌ ധരിച്ചിരുന്നത്‌. ആ ഷർട്ട്‌ പിന്നീട്‌ വസുമതി ടീച്ചർ എനിക്ക്‌ തന്നു. പ്രതിപക്ഷ നേതാവിന്റെ ഡ്രൈവർ യൂണിഫോമായി ഏറെക്കാലം ആ ഷർട്ട്‌ ഉപയോഗിച്ചു. അംബാസിഡര്‍ കാറിനോടും വി എസിന് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവായിരുന്നപ്പോഴാണ്‌ മറ്റൊരു വാഹനം ഉപയോഗിച്ചുതുടങ്ങിയത്‌. യാത്രകള്‍ക്കിടയില്‍ അദ്ദേഹം എപ്പോഴും വായിക്കുമായിരുന്നു. പത്രവും പുസ്‌തകങ്ങളും വണ്ടിയില്‍ കാണും. പിന്നീടാണ്‌ പാട്ട്‌ കേൾക്കാൻ തുടങ്ങിയത്‌. ദേവരാജന്‍ മാഷിന്റെ പാട്ടുകളും പഴയ നാടകഗാനങ്ങളും കേള്‍ക്കും. ഇഷ്‌ടപ്പെട്ട പാട്ടുകൾക്കൊപ്പം വി എസ്‌ കൈകൊണ്ട്‌ താളം പിടിക്കും. വടക്കൻ ജില്ലകളിലേക്കും തിരിച്ചുമുള്ള യാത്രകളിൽ ആലപ്പുഴയിലെ വീട്ടിൽ വിശ്രമിക്കുന്നത്‌ പതിവാണ്‌. രാത്രി ആലപ്പുഴയിലെത്തി രാവിലെ യാത്ര തുടരുന്നതാണ്‌ രീതി. എത്ര വൈകി കിടന്നാലും പുലർച്ചെ നാലിന്‌ എഴുന്നേൽക്കും. പ്രഭാതനടത്തവും യോഗയും ഒഴിവാക്കില്ല. എന്റെ വിവാഹത്തിന്‌ താലി എടുത്തുതന്നത്‌ വി എസായിരുന്നു. മൂന്നുദിവസത്തെ പൊളിറ്റ്‌ ബ്യൂറോയിൽനിന്ന്‌ ഒരുദിവസം അവധിയെടുത്താണ്‌ അദ്ദേഹം കുഴൽമന്ദത്തെത്തിയത്‌. ‘നോക്കാം’ എന്ന്‌ വി എസ്‌ പറഞ്ഞാൽ കാര്യം നടക്കുമെന്ന്‌ ഉറപ്പാണ്‌. കായംകുളത്ത്‌ ഒരു തെരഞ്ഞെടുപ്പ്‌ പരിപാടിക്ക്‌ രണ്ട്‌ മണിക്കൂറിലധികം വൈകിയാണ്‌ വി എസിന്‌ എത്താനായത്‌. വേദിയിലെത്തി അദ്ദേഹം ഇങ്ങനെയാണ്‌ പ്രസംഗം തുടങ്ങിയത്‌. ‘സുന്ദരൻ നല്ല വിടൽ വിട്ടാണ്‌ ഇപ്പോഴെങ്കിലുമെത്തിയത്‌’–അഭിമാനത്തോടെ സുന്ദരൻ ഓർമിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home