കൊടുംചൂടിലും പച്ചപ്പായി ഹരിതകർമ സേന


സ്വന്തം ലേഖകൻ
Published on Apr 27, 2026, 02:00 AM | 1 min read
പാലക്കാട്
രാത്രി പത്ത് കഴിഞ്ഞാലും ചൂട് പൊതിഞ്ഞുനിൽക്കും മുറികളിൽ. ഫാനോ എസിയോ ഇല്ലെങ്കിൽ ഉറക്കം പമ്പ കടക്കും. ദിവസങ്ങളായി ഇതാണ് സ്ഥിതി. എന്നാൽ പൊള്ളുന്ന ചൂടിലും മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ സജീവമാണ് ഹരിതകർമ സേനാംഗങ്ങൾ. വേനലിന് മുമ്പുണ്ടായിരുന്നതിലും ഇരട്ടിയാണ് ഇവരുടെ അധ്വാനം. സാധാരണ ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെയാണ് ഇവർ വീടുകളിൽനിന്ന് മാലിന്യം ശേഖരിച്ചിരുന്നത്. വേനൽ കനത്തതോടെ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് മാലിന്യ ശേഖരണത്തിന്റെ സമയക്രമം തദ്ദേശ വകുപ്പ് ക്രമീകരിച്ചിട്ടുണ്ട്. രാവിലെ ഏഴുമുതൽ പകൽ -11 വരെയും വൈകിട്ട് മൂന്നുമുതൽ രാത്രി ഏഴുവരെയുമാണ് സമയക്രമം. ഇത് ഉപകാരപ്രദമാണെങ്കിലും അധ്വാനം ഇരട്ടിയായി. രാവിലെ നാലിന് എഴുന്നേറ്റ് വീട്ടുപണികൾ തീർത്തുവേണം ജോലിക്കിറങ്ങാൻ. വൈകിട്ട് ഏഴര കഴിഞ്ഞേ മടങ്ങാൻ കഴിയൂ. ഇടവേളയിൽ വീട്ടിൽ പോകാനാകില്ല. ജോലിചെയ്യുന്ന പ്രദേശത്തെ ഏതെങ്കിലും വീട്ടിലാണ് വിശ്രമം. ഉച്ചസമയത്തെ കടുത്ത ചൂടിൽനിന്ന് രക്ഷകിട്ടുമെങ്കിലും ബാക്കി സമയങ്ങളിൽ വേനൽച്ചൂടിലാണ് ജോലി. ഇതിനാൽ വീടുകൾ കയറി മാലിന്യം ശേഖരിക്കാൻ സമയമെടുക്കും. മാസത്തിൽ പത്ത് ദിവസം മാലിന്യ ശേഖരണവും ബാക്കിദിവസങ്ങളിൽ ഇവ തരംതിരിക്കലുമാണ് നേരത്തേ ചെയ്‌തിരുന്നത്. ഇപ്പോൾ ഇതിന് 15 വീതം ദിവസം വേണ്ടിവരുന്ന സ്ഥിതിയുണ്ട്. കൂടുതൽ സമയം ജോലിചെയ്‌താണ് പ്രശ്‌നം പരിഹരിക്കുന്നത്. ദിവസം കഴിയുന്തോറും മാലിന്യത്തിന്റെ അളവ് വർധിക്കുന്നതും ഇവരുടെ ജോലിഭാരം വർധിപ്പിക്കുന്നു. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി മൂവായിരത്തിലേറെ ഹരിതകർമ സേനാംഗങ്ങളാണ് തൊഴിലെടുക്കുന്നത്. പഞ്ചായത്ത്, നഗരസഭാ വാർഡുകളിൽ രണ്ടുപേർ വീതമാണുള്ളത്. ജൈവ, അജൈവ മാലിന്യങ്ങൾ എല്ലാം ശേഖരിക്കും. ചില പ്രദേശങ്ങളിൽ മാസത്തിൽ ഒന്നിലേറെത്തവണ മാലിന്യം ശേഖരിക്കണം.











0 comments