ശിൽപ്പവും സംഗീതവും ജനിക്കുന്നു; ഉണ്ണികൃഷ്ണന്റെ കരവിരുതിൽ

ഉണ്ണികൃഷ്ണൻ
ശിവദാസ് തച്ചക്കോട്
Published on Sep 20, 2026, 01:12 AM | 1 min read
വടക്കഞ്ചേരി
പാഴ്‌വസ്‌തുക്കൾ കൊണ്ട് അതിമനോഹര ശിൽപ്പങ്ങളും അതിനൊത്ത ഗാനങ്ങളും തയ്യാറാക്കി ശ്രദ്ധേയനായിരിക്കുകയാണ് അഞ്ചുമൂർത്തി മംഗലം ചെന്നക്കപ്പാടം സ്വദേശി ഉണ്ണികൃഷ്ണൻ ചൊവ്വര. ചകിരി, ചിരട്ട, മരത്തടികളും വേരുകളും ഉണ്ണികൃഷ്ണന്റെ കൈയിൽ കിട്ടിയാൽ അവ ദിവസങ്ങൾ കൊണ്ട് അതിമനോഹര ശിൽപ്പങ്ങളാകും. കേവലം ശിൽപ്പത്തിനപ്പുറത്ത് അതിന് പുറകിൽ ഒരു ആശയവും ഉണ്ടാകും.ഇത്തരം ആശയങ്ങളിൽനിന്ന് ഉയരുന്നതാകട്ടെ അതി മനോഹരമായ ഗാനങ്ങളും. ഉണ്ണികൃഷ്ണനോടൊപ്പം റിട്ട. അധ്യാപിക കൂടിയായ ഭാര്യ എസ് ഗായത്രിയും ഗാനങ്ങൾ ആലപിക്കും. മുമ്പ് ഇത്തരത്തിൽ സ്റ്റേജ് പരിപാടികൾ വരെ ചെയ്തിരുന്നതാണ്. കോവിഡിന് ശേഷം അത് നിലച്ചു. അറുപതോളം ശിൽപ്പങ്ങളാണ് ഉണ്ണികൃഷ്ണന്റെ ശേഖരത്തിൽ ഇപ്പോഴുള്ളത്.45 ഓളം ഗാനങ്ങളും രചിച്ചു. ഈ ഗാനങ്ങളെല്ലാം കോർത്തിണക്കി "ശിൽപ്പ ഗീതങ്ങൾ' എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കലാകാരനായ ഉണ്ണികൃഷ്ണൻ തെർമോകോളും മറ്റും ഉപയോഗിച്ച് നിരവധി വീടുകളുടെ മാതൃകയും നിർമിച്ചിട്ടുണ്ട്.ഇവർ ഇപ്പോൾ താമസിക്കുന്ന വീട് ഉൾപ്പെടെ ഉണ്ണികൃഷ്ണന്റെ ഭാവനയിൽ വിരിഞ്ഞതാണ്. പ്ലാവിന്റെ വേരിൽ തീർത്ത ഭൂമിദേവിയുടെ ശിൽപ്പം, ചകിരിയിലും ചിരട്ടയിലും നിർമിച്ച കാളിയാമർദനം, കുരിശിലേറിയ യേശു ക്രിസ്തു, അയ്യപ്പൻ, ഗണപതി, ശ്രീകൃഷ്ണൻ തുടങ്ങിയവയെല്ലാം ശേഖരത്തിൽ എടുത്ത് പറയേണ്ടതാണ്.തുടർന്നും ശിൽപ്പ നിർമാണവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. എല്ലാവിധ പിന്തുണയുമായി ഭാര്യയും മകൻ നവനീത്കൃഷ്നും മരുമകൾ അനഘയും ഒപ്പമുണ്ട്.










0 comments