ജില്ലയിൽ നേതൃത്വം നൽകിയത് യൂത്ത് കോൺഗ്രസ് നേതാവ്

എം കെ ഗിരീഷ് കുമാർ
നിധിൻ ഈപ്പൻ
Published on Feb 10, 2025, 12:09 AM | 2 min read
പാലക്കാട്
സ്‌ത്രീകൾക്ക് പകുതി വിലയ്‌ക്ക് സ്കൂട്ടറും ലാപ്ടോപ്പും തയ്യൽ മെഷീനും ഗൃഹോപകരണങ്ങളും നൽകാമെന്ന് വാഗ്‌ദാനം നൽകി നടത്തിയ തട്ടിപ്പിന് ജില്ലയിൽ നേതൃത്വം നൽകിയത് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി എം കെ ഗിരീഷ്‌കുമാർ. കൊല്ലങ്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം എന്ന സന്നദ്ധ സംഘടനയുടെ മറവിലാണ് തട്ടിപ്പ് നടത്തിയത്. സംസ്ഥാന വ്യാപകമായി ആയിരത്തിലധികം കോടിയുടെ തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണൻ നേതൃത്വം നൽകിയ നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ ജില്ലാ അധ്യക്ഷനും ഗിരീഷ്‌കുമാറാണ്. ൩൦൦ഓളം പരാതിയാണ് ഇയാൾക്കെതിരെ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്. ഇവർ നേരിട്ടും ബാങ്ക് അക്കൗണ്ടുവഴിയും പണം കൈമാറിയിട്ടുണ്ട്. വിശ്വാസ്യത നേടിയെടുക്കാൻ കെ മുരളീധരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളെയും പരിപാടികളിൽ പങ്കെടുപ്പിച്ചു. തട്ടിപ്പിനെതിരെ ഞായറാഴ്ചയും വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി ലഭിച്ചു. കൂടുതൽ പരാതി ലഭിച്ചത് ശ്രീകൃഷ്ണപുരം സ്റ്റേഷനിലാണ്, 424 . ഇവിടെ ഏഴ് കേസ് രജിസ്റ്റർ ചെയ്തു. കടമ്പഴിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഐസിഡിസിയുടെ ചെയർമാൻ ചോലയിൽ വാസുദേവൻ ഒന്നാം പ്രതിയും അനന്തു കൃഷ്ണൻ രണ്ടാംപ്രതിയുമായ രണ്ട് കേസും ഉൾപ്പെടുന്നു. ഇവിടെ സംഘടനകളുടേതുൾപ്പെടെ 2500ഓളം പരാതി ലഭിച്ചു. കൊല്ലങ്കോട് 250, ചിറ്റൂർ 400, കോങ്ങാട് 15, മലമ്പുഴയിൽ ഒരു സംഘടന 100 പരാതി, ചെർപ്പുളശ്ശേരിയിൽ ഒന്ന്, മണ്ണാർക്കാട് 15, വടക്കഞ്ചേരി 31, പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷനിൽ ഒരു സംഘടനയുടെ 68 പരാതി, നെന്മാറയിൽ 50, ഒറ്റപ്പാലത്ത് 100 എന്നിങ്ങനെ ജില്ലയിൽ 3500ഓളം പരാതി ലഭിച്ചു. ഇരുനൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്തു. സ്കൂട്ടർ ലഭിക്കാൻ ഒരാളിൽനിന്ന് 66,500 രൂപ വാങ്ങി. പലരും സ്വർണം പണയപ്പെടുത്തിയാണ് പണം നൽകിയത്. തുടക്കത്തിൽ ലാപ്‌ടോപ് നൽകി വിശ്വാസം പിടിച്ചുപറ്റിയാണ് തട്ടിപ്പ് നടത്തിയത്. ഇപ്പോഴും പണം നൽകിയവരിൽ പലരും പരാതി നൽകാൻ തയ്യാറാകാത്തത് പൊലീസിന് വെല്ലുവിളിയാകുന്നുണ്ട്.
കമീഷൻ ഇനത്തിൽ ഒരാളിൽനിന്ന് 5,000
പാലക്കാട് പകുതിവിലയ്‌ക്ക് സ്‌കൂട്ടറും ലാപ്‌ടോപ്പും ഗൃഹോപകരണങ്ങളും വാങ്ങാൻ അപേക്ഷിക്കുന്ന ഒരാളിൽനിന്ന് കമീഷൻ ഇനത്തിൽ 5,000 രൂപയാണ് കടമ്പഴിപ്പുറത്തെ സംഘടന ഈടാക്കിയത്. കടമ്പഴിപ്പുറത്തുമാത്രം 1616 പേർക്കാണ് പണം നഷ്ടമായത്. സ്‌കൂട്ടർ 480, ലാപ്‌ടോപ് 349, ഗൃഹോപകരണങ്ങൾ 787 എന്നിങ്ങനെയാണ് അപേക്ഷ സ്വീകരിച്ചത്. ഇവർക്കാർക്കും ഒന്നും വിതരണം ചെയ്‌തില്ല. നെന്മാറയിൽ 400ഉം, കൊല്ലങ്കോട് 300 പേർക്കും പണം നഷ്ടമായിട്ടുണ്ട്.
പണം തിരിച്ചുനൽകാം: എം കെ ഗിരീഷ്‌കുമാർ
പാലക്കാട്
കരാർവച്ചിട്ടും പകുതി വിലയ്‌ക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും കിട്ടാത്തവർക്ക് പണം തിരിച്ചുനൽകാൻ സന്നദ്ധമാണെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ചെയർമാൻ എം കെ ഗിരീഷ്‌കുമാർ. സാധനങ്ങൾ ബുക്ക് ചെയ്തവർക്ക് പണം തിരിച്ചുനൽകാൻ ട്രസ്റ്റിന്റെ കൊല്ലങ്കോട്ടിലെ ബാങ്ക് അക്കൗണ്ട് വഴി ശ്രമംനടത്തിയിരുന്നു. എന്നാൽ, ചെക്ക് വാങ്ങിയശേഷം അക്കൗണ്ട് മരവിപ്പിച്ചെന്ന മറുപടിയാണ് ബാങ്ക് നൽകിയത്. അതാണ് ഇപ്പോഴത്തെ കുഴപ്പങ്ങൾക്ക് കാരണമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. ആറുമാസത്തിനകം വാഹനങ്ങൾ നൽകാമെന്നാണ് കരാർ. നിലവിൽ ആറുമാസമായിട്ടില്ല. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിനെ അപകീർത്തിപ്പെടുത്താൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണ്. കെ എൻ ആനന്ദ്കുമാറിനെതിരെയും അനന്തുകൃഷ്ണനെതിരെയും ജില്ലാ പൊലീസ് മേധാവിക്കും കൊല്ലങ്കോട് പൊലീസിനും പരാതിനൽകി. സീഡ് സൊസൈറ്റികളുമായി നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന് ബന്ധമില്ലെന്നും ഗിരീഷ്‌കുമാർ അറിയിച്ചു.









0 comments