235- ൽ 117 തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു
സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരില്ല; വലഞ്ഞ് രോഗികൾ


സ്വന്തം ലേഖകൻ
Published on Jul 23, 2026, 12:24 AM | 1 min read
പാലക്കാട്
ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾ ദുരിതത്തിൽ. 102 സർക്കാർ ആശുപത്രികളിലായി 235 സ്ഥിരം ഡോക്ടർ തസ്തികകളിൽ 117 എണ്ണവും രണ്ടുമാസമായി ഒഴിഞ്ഞുകിടക്കുകയാണ്. 118 തസ്തികകളിൽ മാത്രമാണ് ഡോക്ടർമാരുള്ളത്. താലൂക്ക് ആശുപത്രികളിൽ ഉൾപ്പെടെ പല സ്പെഷ്യാലിറ്റി വിഭാഗങ്ങളിലും ഡോക്ടർമാരില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സമാന സാഹചര്യമാണ്. ജില്ലയിലെ അഞ്ച് താലൂക്ക് ആശുപത്രികളിലായി 105 ഡോക്ടർ തസ്തികകളാണുള്ളത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ 76 കേന്ദ്രങ്ങളിൽ ഒന്ന് വീതം ഡോക്ടർമാരുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിയിലെ 54 തസ്തികകൾ അടക്കം ആകെ 235 തസ്തികൾ. ഒഴിഞ്ഞ് കിടക്കുന്ന 117 തസ്തികകളിൽ 17 എണ്ണം ജില്ലാ ആശുപത്രിയിലാണ്. ഇവിടെ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ഫോറൻസിക് സർജൻ, കാർഡിയോളജി ചീഫ് കൺസൾട്ടന്റ്, റേഡിയോളജിസ്റ്റ്, അനസ്തീഷ്യനിസ്റ്റ് എന്നിവർ ഇല്ലാത്തതിനാൽ ആശുപത്രി പ്രവർത്തനം അവതാളത്തിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ആശുപത്രികളിലൊന്നായ പാലക്കാട് ജില്ലാ വനിതാ മാതൃ–ശിശു ആശുപത്രയിൽ ഗൈനക്കോളജിസ്റ്റ് തസ്തികയിൽ രണ്ടുപേരെ ഉടൻ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞതും നടപ്പായിട്ടില്ല. കോവിഡ് കാലത്ത് എൽഡിഎഫ് സർക്കാർ അനുവദിച്ച താൽക്കാലിക തസ്തികകൾകൂടി ഉൾപ്പെടുമ്പോൾ ജില്ലയിലെ ഡോക്ടർമാരുടെ ആകെ എണ്ണം 400 ആകും. താൽക്കാലിക നിയമനങ്ങൾ എൻഎച്ച്‌എം, ആരോഗ്യകേരളം പദ്ധതികൾ വഴി നടപ്പാക്കുന്നതിലും ജില്ല ഏറേ പിന്നിലാണ്.
അത്യാഹിത വിഭാഗവും പ്രതിസന്ധിയിൽ
ഒഴിഞ്ഞുകിടക്കുന്ന 117 തസ്തികകളിൽ സ്പെഷ്യാലിറ്റി കേഡറിൽ 19 ഒഴിവുകളും സിവിൽ സർജൻ തസ്തികയിൽ ആറ് ഒഴിവുകളും അസിസ്റ്റന്റ് സർജൻ വിഭാഗത്തിൽ 92 ഒഴിവുകളുമാണുള്ളത്. ഇതിൽ അസിസ്റ്റന്റ് സർജൻ വിഭാഗത്തിൽ വിവിധ ആശുപത്രികളിലായി ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളിൽ 22 എണ്ണം അത്യാഹിത വിഭാഗത്തിലായതിനാൽ താലൂക്ക് ആശുപത്രികളിൽ ഉൾപ്പെടെ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലാണ്. അപകടങ്ങളിൽ പരിക്കേറ്റും അടിയന്തര ചികിത്സ തേടിയും എത്തുന്ന രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതിയാണ്.










0 comments