ഉത്സവബത്ത
ഹരിതകർമ സേന അംഗങ്ങളെ കാണാതെ സർക്കാർ


സ്വന്തം ലേഖകൻ
Published on Aug 18, 2026, 02:00 AM | 1 min read
പാലക്കാട്
വിവിധ മേഖലയിലെ തൊഴിലാളികൾക്ക് ഉത്സവബത്ത അനുവദിച്ച സംസ്ഥാന സർക്കാർ ഹരിതകർമ സേന പ്രവർത്തകരെ അവഗണിച്ചു. കഴിഞ്ഞ ദിവസത്തെ ഉത്തരവിൽ ഇവരെക്കുറിച്ചുമാത്രം പരാമർശമില്ല. ഹരിതകർമ സേന രൂപീകരിച്ചതുമുതൽ എല്ലാവർഷവും എൽഡിഎഫ് സർക്കാർ 1000 രൂപ ഉത്സവബത്ത അനുവദിച്ചിരുന്നു. തദ്ദേശ വകുപ്പാണ് തുക അനുവദിച്ചിരുന്നത്. പകർച്ച വ്യാധിയുൾപ്പെടെയുള്ള കാലങ്ങളിൽ നാടിന്റെ ആരോഗ്യത്തിന് കാവൽനിന്ന നൂറുകണക്കിന് സ്‌ത്രീകളെയാണ് സർക്കാർ അവഗണിച്ചത്. വെയിലെന്നോ മഴയെന്നോ ഇല്ലാതെയാണ് ഹരിതകർമ സേനയുടെ പ്രവർത്തനം. രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെയാണ് വീടുകളിൽനിന്നുള്ള മാലിന്യശേഖരണം. അതിരാവിലെ എഴുന്നേറ്റ് വീട്ടുപണികൾ തീർത്തുവേണം ജോലിക്കിറങ്ങാൻ. വൈകിട്ട് ഏഴര കഴിഞ്ഞേ മടങ്ങാനാകൂ. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി മൂവായിരത്തിലേറെ ഹരിതകർമ സേനാംഗങ്ങളാണ് തൊഴിലെടുക്കുന്നത്. പഞ്ചായത്ത്, നഗരസഭാ വാർഡുകളിൽ രണ്ടുപേർ വീതമാണുള്ളത്. ജൈവ, അജൈവ മാലിന്യങ്ങൾ എല്ലാം ശേഖരിക്കും. ചില പ്രദേശങ്ങളിൽ മാസത്തിൽ ഒന്നിലേറെത്തവണ മാലിന്യം ശേഖരിക്കണം. മാലിന്യം ശേഖരിച്ചാൽ വീടുകളിൽനിന്ന് 50 രൂപയും സ്ഥാപനങ്ങളിൽനിന്ന് 100 രൂപയുമാണ് ഹരിതകർമ സേന അംഗങ്ങൾ യൂസർ ഫീയായി ഇൗടാക്കുക. മാസത്തിൽ എട്ടുമുതൽ 15 ദിവസംവരെ വീടുകൾ കയറിയിറങ്ങി മാലിന്യംശേഖരിക്കും. ബാക്കിയുള്ള ദിവസങ്ങളിൽ തരംതിരിക്കും. മാലിന്യംശേഖരിക്കേണ്ടതിനെക്കുറിച്ച് ഹരിതകർമ സേന കലണ്ടർ ഇറക്കാറുണ്ട്. എന്നാൽ പലപ്പോഴും ഇതുപ്രകാരമായിരിക്കില്ല വീടുകളിൽ ഉണ്ടാകുക. അപ്പോൾ അവിടെയുള്ളത് ശേഖരിക്കും. നാമമാത്രമായ തുകയാണ് പ്രതിഫലം കിട്ടുക. വിശേഷ ദിവസങ്ങളിൽ ഉത്സവബത്ത കിട്ടിയിരുന്നത് ഇവർക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച സർക്കാർ ഉത്സവബത്ത അനുവദിക്കുമോ എന്ന ആശങ്കയിലാണ് തൊഴിലാളികൾ.










0 comments