ഭാഗ്യം അതിർത്തികടക്കുമിടം

ടി എസ് അഖിൽ
Published on Apr 27, 2025, 02:00 AM | 1 min read
പാലക്കാട്
കേരള – -തമിഴ്‌നാട് അതിർത്തിയായ ഗോപാലപുരത്തെത്തിയാൽ നിരനിരയായി ലോട്ടറിക്കടകൾ കാണാം. അവശ്യ സാധനങ്ങളെക്കാൾ സുലഭമാണിവിടെ ലോട്ടറി. ഭാഗ്യംതേടി തമിഴ്‌നാട്ടിൽനിന്ന് എത്തുന്നവരെ കാത്താണ് കച്ചവടക്കാരുടെ ഇരിപ്പ്. കേരളത്തിന്റെ ഭാഗ്യം അതിർത്തികടക്കുന്ന ഇടമാണിത്. അമ്പതിനുമുകളിൽ കടകളാണ് ഇവിടെയുള്ളത്. നേരത്തേ ഹോട്ടൽ, പലചരക്കുകട എന്നിവ നടത്തിയിരുന്നവർ ലോട്ടറി വിൽപ്പനയിലേക്ക് തിരിഞ്ഞു. സേലം, ഈറോഡ് തുടങ്ങി ചെന്നൈയിൽനിന്നുപോലും ഗോപാലപുരത്ത് ലോട്ടറിയെടുക്കാൻ ആളെത്തുന്നുണ്ട്. ഒരാഴ്ചത്തെ വിവിധ ടിക്കറ്റുകൾ ഒന്നിച്ചെടുത്ത് പോകുന്നവരാണ് അധികം. ഒറ്റ ടിക്കറ്റെടുക്കുന്നവർ തീരെയില്ല. 12 എണ്ണം അടങ്ങിയ സെറ്റ് എടുക്കുന്നവരാണെല്ലാം. 5,000 തുടങ്ങി 25,000 രൂപയ്ക്കുവരെ ടിക്കറ്റ് എടുക്കുന്നവരുണ്ട്. സമ്മാനം അടിച്ചവർ കൂടുതൽ തുകയ്ക്ക് ടിക്കറ്റെടുക്കും. ഒരു കടയിൽ ദിവസവും 300 മുതൽ 1000 വരെ ടിക്കറ്റ് വിൽപ്പനയുണ്ട്. ശരാശരി 10 ലക്ഷത്തിനുമുകളിൽ വിറ്റുവരവ്. നടന്നും വാഹനത്തിലുമായി വിൽക്കുന്ന അമ്പതോളം തൊഴിലാളികൾ വേറെയുമുണ്ട്. ബമ്പർ പറ്റിച്ച പണി അതിർത്തി കടന്നെത്തുന്നവർ കേരളത്തിൽനിന്ന് ലോട്ടറി എടുക്കാറുണ്ടായിരുന്നെങ്കിലും കൂടുതൽ ആളുകളെ ഇങ്ങോട്ട് ആകർഷിച്ചത് ബമ്പർ സമ്മാനമാണ്. 2023ലെ ഓണം ബമ്പറിൽ ഒന്നാം സമ്മാനം തമിഴ്‌നാട് സ്വദേശിക്കായിരുന്നു. ഇതോടെ ഭാഗ്യാന്വേഷികളുടെ ഒഴുക്ക് തുടങ്ങി. ലോട്ടറി മൊത്തമായി വാങ്ങി തമിഴ്‌നാട്ടിൽ രഹസ്യ വിൽപ്പന നടത്തുന്നവരുമുണ്ട്. 12 എണ്ണം അടങ്ങിയ സെറ്റ് ആയി എടുക്കുന്നതിനാൽ 5000 രൂപ സമ്മാനം ലഭിച്ചാൽ ആകെ 60000 രൂപ ലഭിക്കും. ഈ കാശിനും ഇവർ ലോട്ടറി എടുക്കുകയാണ് പതിവെന്ന് കച്ചവടക്കാർ പറയുന്നു. സർക്കാരിന് വരുമാനത്തിനപ്പുറം 300ഓളം കുടുംബങ്ങളുടെ ചോറുകൂടിയാണ് ഗോപാലപുരത്തിന് ലോട്ടറി.









0 comments