ആശ്വാസമായി തക്കാളി മാത്രം
ഇഞ്ചിയും വെളുത്തുള്ളിയും കൈപൊള്ളിക്കും

പാലക്കാട്
ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും വില കുതിക്കുന്നു. കഴിഞ്ഞയാഴ്‌ച വരെ കിലോയ്‌ക്ക് 100–120 രൂപ ഉണ്ടായിരുന്ന ഇഞ്ചിക്ക് നിലവിൽ 240 രൂപയാണ് വില. മൂപ്പ് എത്താത്ത ഇഞ്ചിക്ക് കിലോയ്‌ക്ക് 140 രൂപയുമായി. ഓണംവരെ വില കുറയാൻ സാധ്യതയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കർണാടകയിലെ ചാമരാജ് നഗർ, മൈസൂർ, എച്ച്ഡി കോട്ട, ഹാസൻ, ഷിമോഗ എന്നിവിടങ്ങളിൽനിന്നും വയനാട്ടിൽനിന്നുമാണ് ജില്ലയിലേക്ക് ഇഞ്ചി പ്രധാനമായും എത്തുന്നത്. ഇന്ധനവില വർധനയും വൈറസ് രോഗങ്ങളും ഉൽപ്പാദനം കുറഞ്ഞതും അയൽസംസ്ഥാനങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണം. രണ്ടാഴ്‌ചക്കിടെ അന്പത് രൂപയിലധികമാണ് വെളുത്തുള്ളിക്ക് കൂടിയത്. ഹിമാചൽ വെളുത്തുള്ളിക്ക് നിലവിൽ 240 രൂപയാണ് മൊത്തവില. നാടന് 140 രൂപയും. ചെറിയ ഉള്ളിക്കും വില കൂടി. 80 രൂപയാണ് നല്ലയിനം ചെറിയ ഉള്ളിക്ക് മൊത്ത വിപണിയിൽ ഇൗടാക്കുന്നത്. രണ്ടാംതരമാണെങ്കിൽ 50 രൂപയും. സവാള വില 25ൽ നിന്ന് 40ലെത്തി. ബീൻസിനും വിപണിയിൽ ഇപ്പോ നല്ല ഡിമാൻഡാണ്, കിലോ നൂറ് രൂപയായി. പയറിന് അന്പത് കടന്നു. വെണ്ടക്കയ്‌ക്ക്–40, ക്യാരറ്റിനും കൂടി. തക്കാളി വിലയിൽ മാത്രമാണ് ചെറിയൊരു ആശ്വാസം അറുപതിൽനിന്ന് നാൽപതിലേക്ക് കുറഞ്ഞിട്ടുണ്ട്. വാഴപ്പഴ വിപണിയിൽ ഞാലിപൂവന് തീ വിലയായി. കിലോയ്‌ക്ക് 80 രൂപയാണിപ്പോൾ. നേന്ത്രക്കായ്‌ക്ക് അന്പത് രൂപയുമാണ്.











0 comments