വനംവകുപ്പിന്റെ തീവ്രയജ്ഞം ഇന്നുമുതൽ


അഖില ബാലകൃഷ്‌ണൻ
Published on Sep 16, 2025, 12:01 AM | 1 min read
പാലക്കാട്
മനുഷ്യ–വന്യജീവി സംഘർഷം തടയുന്നതിന് വനംവകുപ്പിന്റെ തീവ്രയജ്ഞം ജില്ലയിലെ 12 പഞ്ചായത്തുകളിൽ നടപ്പാക്കും. മൂന്ന് പ്രധാന ഫോറസ്റ്റ് റേഞ്ച് പരിധിയിലെ ഗുരുതര ആക്രമണങ്ങൾ നേരിടുന്ന പഞ്ചായത്തുകളിലാണ് ചൊവ്വാഴ്‌ച മുതൽ 45 ദിവസം നീളുന്ന ‘സംഘർഷ ലഘൂകരണ തീവ്രയജ്ഞം’. ഒലവക്കോട് -ഫോറസ്റ്റ് റേഞ്ച് പരിധിയിലെ പുതുപ്പരിയാരം, മുണ്ടൂർ പഞ്ചായത്തുകളിലും ഒറ്റപ്പാലം റേഞ്ചിലെ ഓങ്ങല്ലൂർ, വാണിയംകുളം, ചളവറ, വെള്ളിനേഴി, വല്ലപ്പുഴ, ശ്രീകൃഷ്ണപുരം പഞ്ചായത്തുകളിലും വാളയാർ റേഞ്ചിലെ പുതുശേരി, മരുതറോഡ്, അകത്തേത്തറ, മലന്പുഴ പഞ്ചായത്തുകളിലുമാണ് ജില്ലയിൽ തീവ്രയജ്ഞം നടപ്പാക്കുക. സംസ്ഥാനതലത്തിൽ 300 പഞ്ചായത്തുകളിൽ നടപ്പാക്കും. ഒന്നാംഘട്ടമായി പഞ്ചായത്തുതലത്തിലും രണ്ടാംഘട്ടത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിന്റെ ചുമതലയിൽ എംഎൽഎമാരെ പങ്കാളികളാക്കിയും മൂന്നാംഘട്ടത്തിൽ മന്ത്രിമാരെയും ത്രിതല പഞ്ചായത്ത് പ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് പരിപാടി. പഞ്ചായത്തുകളിലെ ഗുരുതര പ്രശ്നബാധിത മേഖലകളെ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ ക്ലസ്റ്ററുകളായി തിരിക്കുകയാണ് ആദ്യഘട്ട നടപടി. ഇതിനായി, റേഞ്ച് ഓഫീസർമാരുടെ ചുമതലയിൽ പഞ്ചായത്തുതലത്തിൽ ജനപ്രതിനിധി– ദുരിതബാധിതരുടെ യോഗം ചേരും. വനംവകുപ്പും പഞ്ചായത്തും അതുവരെ നടത്തിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. ചർച്ചകൾക്കുശേഷം പരിഹാരങ്ങൾ നിർദേശിച്ച് അടുത്തഘട്ട നടപടികളിലേക്ക് കടക്കും. റേഞ്ച് ഓഫീസുകളിലും പഞ്ചായത്തുകളിലും സ്ഥാപിക്കുന്ന പരാതിപ്പെട്ടികളിലൂടെയും ഹെൽപ്‌ഡെസ്‌ക്കുകളിലൂടെയും പൊതുജനങ്ങൾക്ക് പരാതികളും അപേക്ഷകളും നൽകാം. പഞ്ചായത്തുതലത്തിൽ രൂപീകരിക്കുന്ന സമിതികൾ പരാതികളിൽ വിവരശേഖരണം നടത്തും. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാകും സമിതികളിലെ അംഗങ്ങൾ. പരാതിയിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ സമിതി ചെയർമാനെ അറിയിക്കാം.









0 comments