മേനോൻപാറയിൽ വിദേശമദ്യ നിർമാണ യൂണിറ്റിന് കല്ലിട്ടു

എലപ്പുള്ളി
മേനോൻപാറ മലബാർ ഡിസ്റ്റിലറീസിൽ ഇന്ത്യൻ നിർമിത വിദേശമദ്യ യൂണിറ്റ് പ്ലാന്റിന് മന്ത്രി എം ബി രാജേഷ് കല്ലിട്ടു. പ്ലാന്റിൽ മൂന്ന് ബോട്ടിലിങ് ലൈനുകളിൽനിന്നായി 13,500 കെയ്സ് മദ്യമാണ് പ്രതിദിനം ഉൽപ്പാദിപ്പിക്കുക. കുടുംബശ്രീ പ്രവർത്തകർക്കുൾപ്പെടെ ബോട്ടിലിങ് യൂണിറ്റിൽ ജോലി ലഭ്യമാകും. കമ്പനിയുടെ ബാക്കി സ്ഥലത്ത് പഴവർഗങ്ങളിൽനിന്ന് മൂല്യവർധിത വസ്തുക്കൾ ഉൽപ്പാദിപ്പിക്കും. മഴവെള്ള സംഭരണിയും സ്ഥാപിക്കും. മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി. വി കെ ശ്രീകണ്ഠൻ എംപി, എ പ്രഭാകരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുജാത, വടകരപ്പതി പഞ്ചായത്ത് പ്രസിഡന്റ് ഡി ജോസി ബ്രിട്ടോ, ജില്ലാ പഞ്ചായത്തംഗം എം പത്മിനി, പഞ്ചായത്തംഗങ്ങളായ കെ ശ്രീജ, ആർ ബേബി എന്നിവർ സംസാരിച്ചു. മലബാർ ഡിസ്റ്റലറീസ് മാനേജിങ് ഡയറക്ടർ ഹർഷിത അത്തല്ലൂരി സ്വാഗതവും കമ്പനി സെക്രട്ടറി ഇൻ ചാർജ് ആർ രാം ഗണേഷ് നന്ദിയും പറഞ്ഞു. കേരള ഇലക്‌ട്രിക് ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനിയാണ് നിർമാണ മേൽനോട്ടം.
ഈ സർക്കാരിന്റെ കാലത്തുതന്നെ പ്രവർത്തനം തുടങ്ങും: എം ബി രാജേഷ്
എലപ്പുള്ളി
രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കാലാവധി പൂർത്തിയാകുംമുമ്പ് മേനോൻപാറ മലബാർ ഡിസ്റ്റലറീസിലെ വിദേശമദ്യ നിർമാണ യൂണിറ്റ് പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. വർഷത്തിൽ 600 കോടി രൂപ വിറ്റുവരവ് പ്രതീക്ഷിക്കുന്ന സംരംഭമാണിത്. കൃഷിക്കാർക്കുകൂടി ഗുണം ലഭിക്കാൻ പഴം, പച്ചക്കറി എന്നിവ പ്ലാന്റുള്ള പ്രദേശത്തുതന്നെ കൃഷി ചെയ്യും. പഴങ്ങളിൽനിന്ന് വീര്യംകുറഞ്ഞ വൈൻ ഉണ്ടാക്കുന്ന നടപടികളും സർക്കാർ തുടങ്ങിയിട്ടുണ്ട്. മദ്യ ഉപയോഗം ഘട്ടംഘട്ടമായി കുറയ്‌ക്കാനുള്ള നടപടിയും സർക്കാർ തുടങ്ങിയതായി മന്ത്രി പറഞ്ഞു.
കർഷകർക്കും നേട്ടം: മന്ത്രി കെ കൃഷ്ണൻകുട്ടി
എലപ്പുള്ളി
കർഷകരെ ചേർത്തുപിടിച്ച് മേനോൻപാറ ഷുഗർ ഫാക്ടറി പ്രദേശത്ത് പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്ത് പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. ഉദ്‌ഘാടന ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി. 10 വർഷത്തിനിടയ്‌ക്ക് ജലക്ഷാമം തീരെയില്ലാത്ത മേഖലയായി ഇവിടം മാറിയത് അന്തർ സംസ്ഥാന നദീജല കരാറുകളിൽ സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടൽകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന് അഭിനന്ദനം: വി കെ ശ്രീകണ്ഠൻ
എലപ്പുള്ളി
പൂട്ടിക്കിടന്ന ചിറ്റൂർ ഷുഗർ ഫാക്ടറിയിൽ വൈകിയെങ്കിലും പുതിയ മദ്യനിർമാണ യൂണിറ്റ് ആരംഭിക്കാൻ മുൻകൈയെടുത്ത സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നതായി വി കെ ശ്രീകണ്ഠൻ എംപി. പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴിൽ ഇത്തരം സംരംഭങ്ങൾ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. മദ്യ ഉപയോഗം കുറയ്‌ക്കാൻ വീര്യം കുറഞ്ഞ വൈൻ ഉൽപ്പാദനം എന്നതിന് പുറമേ ബോധവൽക്കരണം വർധിപ്പിക്കണമെന്നും ശ്രീകണ്‌ഠൻ പറഞ്ഞു.
യുവാക്കൾക്ക് പ്രതീക്ഷ
വിദേശ മദ്യനിർമാണ യൂണിറ്റ് തുടങ്ങുമ്പോൾ പ്രദേശവാസികളായ യുവാക്കൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെല്ലാം പ്രതീക്ഷയിലാണ്. പഴയ ഷുഗർ ഫാക്ടറിയുടെ കഥകൾ മാത്രം കേട്ട് ശീലിച്ച പുതുതലമുറയ്‌ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പുതിയ സംരംഭമായി ബന്ധപ്പെട്ട് ജോലി ലഭിക്കുമെന്നും പ്രദേശത്തിന്റെ മുഖഛായ മാറ്റുമെന്നും ഉറപ്പുണ്ട്. കെ സുനിൽകുമാർ മേലേ പോക്കാംതോട്
വ്യവസായം വരുന്നതിൽ സന്തോഷം
ഷുഗർഫാക്ടറിയിൽ വീണ്ടും വ്യവസായം വരുന്നതിൽ സന്തോഷം. 1965 മുതൽ 2003വരെ ഷുഗർ ഫാക്ടറിയിൽ ജോലി ചെയ്തു. ദീർഘകാലം ചിറ്റൂർ ഷുഗേഴ്സ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറിയായിരുന്നു. ഇത്രയും വർഷങ്ങൾക്ക് ശേഷം ഫാക്ടറിയിൽ പുതിയ യൂണിറ്റ് വരുന്നു. പഴയതിലും ഗംഭീരമായി മുന്നോട്ട് പോകണം. ഏക്കറുകണക്കിന് സ്ഥലമുള്ള മേനോൻപാറയിൽ കൃഷിയും ഫാക്ടറിയും ബന്ധപ്പെടുത്തി കൂടുതൽ വികസനം വരണമെന്നാണ് ആഗ്രഹം എ വേലുസ്വാമി ചിറ്റൂർ ഷുഗർഫാക്ടറി മുൻ തൊഴിലാളി
കുറ്റമറ്റ രീതിയിൽ പ്രവർത്തന സജ്ജമാക്കും
അത്യാധുനിക രീതിയിലുള്ള യന്ത്രങ്ങളും ഓട്ടോമാറ്റിക് ബോട്ടിലിങ് സാമഗ്രികളും ഉപയോഗിച്ചായിരിക്കും പ്ലാന്റിന്റെ പ്രവർത്തനം. വിലകുറഞ്ഞ മദ്യമായിരിക്കും പ്ലാന്റിൽനിന്ന് പുറത്തിറങ്ങുക. അഹല്യ ക്യാമ്പസിലെ മഴവെള്ള സംഭരണിക്ക് സമാനമായി മഴവെള്ള സംഭരണി ഒരുക്കാനും പദ്ധതിയുണ്ട് എസ് സുഗുണൻ ജനറൽ മാനേജർ, മലബാർ ഡിസ്റ്റിലറി










0 comments