സിഎപിഎഫ് ബില്ലിനെതിരെ പ്രതിഷേധം; സിആർപിഎഫ് ഡിഐജിയെ സസ്‌പെൻഡ് ചെയ്തു, 20 ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലംമാറ്റം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് ബില്ലിനെതിരെ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ രംഗത്തിറങ്ങി പ്രതിഷേധിച്ചതിന് പിന്നാലെ സിആർപിഎഫിൽ അച്ചടക്ക നടപടി. തൃപുര സെക്ടർ ആസ്ഥാനത്ത് ജോലി ചെയ്യുന്ന മുതിർന്ന ഡിഐജി റാങ്ക് ഉദ്യോഗസ്ഥനായ ബിസി പത്രയെ സസ്‌പെൻഡ് ചെയ്തു.
ഇതിന് പുറമെ സേവനത്തിലുള്ള മറ്റ് 20 ഓളം ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്. കേന്ദ്രത്തിന്റെ സിഎപിഎഫ് നിയമത്തിനെതിരെ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ ജന്തർ മന്ദറിലും രാജ്ഘട്ടിലും വലിയ രീതിയിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതികാര നടപടിയെന്നോണം ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തതെന്ന് ആക്ഷേപമുണ്ട്. സിഎപിഎഫ് (ജനറൽ അഡ്മിനിസ്ട്രേഷൻ) ബിൽ 2026 പാർലമെന്റിൽ പാസാക്കുന്ന വേളയിൽ, നിയമപരമായി നിലവിൽ വന്ന സർക്കാരിനെ മാറ്റാൻ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ഓഡിയോ-വീഡിയോ സന്ദേശങ്ങളും പോസ്റ്ററുകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു എന്നാണ് ഡിഐജി ബിസി പത്രയ്‌ക്കെതിരെയുള്ള കുറ്റപത്രം.
എന്നാൽ ഈ നടപടി തികച്ചും വ്യക്തിവൈരാഗ്യം തീർക്കലാണെന്ന് സഹപ്രവർത്തകർ ആരോപിക്കുന്നു. ഐപിഎസ് ഉദ്യോഗസ്ഥർക്ക് സിഎപിഎഫിൽ ഡെപ്യൂട്ടേഷൻ നൽകുന്നതിനെതിരെയും, തദ്ദേശീയ കേഡർ ഉദ്യോഗസ്ഥരുടെ പ്രൊമോഷൻ ആനുകൂല്യങ്ങൾക്ക് വേണ്ടിയും സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിന് നേതൃത്വം നൽകിയത് ബിസി പത്രയായിരുന്നു.
ഇതാണ് ഉന്നത ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചതെന്നാണ് വിവരം. പുതിയ നിയമപ്രകാരം സിഎപിഎഫിലെ ഇൻസ്പെക്ടർ ജനറൽ തസ്തികകളുടെ 50 ശതമാനവും, അഡീഷണൽ ഡയറക്ടർ ജനറൽ തസ്തികകളുടെ 67 ശതമാനവും, ഡയറക്ടർ ജനറൽ തസ്തികകൾ പൂർണ്ണമായും ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടേഷൻ വഴി നൽകാൻ വ്യവസ്ഥ ചെയ്യുന്നു.
ഐപിഎസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ ഘട്ടഘട്ടമായി കുറയ്ക്കണമെന്ന 2025-ലെ സുപ്രീം കോടതി വിധിയെ അട്ടിമറിക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ നിയമം. പുതിയ നിയമം വരുന്നതോടെ വർഷങ്ങളോളം സേവനമനുഷ്ഠിക്കുന്ന സിആർപിഎഫ് കേഡർ ഉദ്യോഗസ്ഥരുടെ പ്രൊമോഷനുകൾ തടസ്സപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരുടെ ഭാര്യമാരും കുട്ടികളും ഉൾപ്പെടെയുള്ളവർ മാർച്ചിലും ഏപ്രിലിലും ഡൽഹിയിൽ തെരുവിൽ പ്രതിഷേധിച്ചത്. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക എന്ന ആവശ്യവും ഇവർ ഉന്നയിച്ചിരുന്നു.










0 comments