ad
Deshabhimani

യൂറോപ്പ് കത്തുന്നു; ഫ്രാൻസിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില, ജനജീവിതം സ്തംഭിച്ചു

France.jpg
വെബ് ഡെസ്ക്

Published on Jun 24, 2026, 10:18 PM | 1 min read

പാരിസ്: പശ്ചിമ യൂറോപ്പിനെ ചുട്ടെരിച്ചുകൊണ്ട് കടുത്ത ഉഷ്ണതരംഗം തുടരുന്നു. ഫ്രാൻസിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പകൽ, രാത്രി താപനിലകൾ രേഖപ്പെടുത്തി. ഇതേത്തുടർന്ന് സ്കൂളുകളും ഗതാഗത സംവിധാനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചുപൂട്ടി.


നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പിസ്സോസിൽ ചൊവ്വാഴ്ച താപനില 44.3 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡിലെത്തി. രാജ്യത്തെ ശരാശരി പകൽ താപനില ചരിത്രത്തിലാദ്യമായി 29.8 ഡിഗ്രി സെൽഷ്യസായി ഉയർന്നതായി ഫ്രഞ്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ 'മെറ്റിയോ ഫ്രാൻസ്' അറിയിച്ചു.


തൊട്ടുമുമ്പത്തെ രാത്രിയിൽ രേഖപ്പെടുത്തിയ 21.6 ഡിഗ്രി സെൽഷ്യസാണ് ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ രാത്രി. എൽ നിനോ പ്രതിഭാസത്തെത്തുടർന്ന് അന്തരീക്ഷത്തിലുണ്ടായ മാറ്റങ്ങളും 'ഹീറ്റ് ഡോം' രൂപപ്പെട്ടതുമാണ് ഫ്രാൻസിനെ ഉഷ്ണതരംഗത്തിന്റെ പ്രഭവകേന്ദ്രമാക്കിയത്.


ഫ്രാൻസിലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 72 ഡിപ്പാർട്ട്‌മെന്റുകളിൽ 'റെഡ് ഹീറ്റ് അലർട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്. ചൂടുകാറ്റ് ഇപ്പോൾ വടക്കൻ യൂറോപ്പിലേക്കും ബ്രിട്ടനിലേക്കും വ്യാപിക്കുകയാണ്.


ബുധനാഴ്ച പടിഞ്ഞാറൻ സസെക്സിലെ വിഗ്ഗൺഹോൾട്ടിൽ ജൂൺ മാസത്തിലെ ഏറ്റവും ഉയർന്ന താപനിലയായ 35.8 ഡിഗ്രി സെൽഷ്യസ് യുകെയിൽ രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ ഇത് 38 ഡിഗ്രി വരെ ഉയർന്നേക്കാം.


ഇറ്റലിയിലെ റോം, ഫ്ലോറൻസ്, മിലാൻ ഉൾപ്പെടെ 16 പ്രധാന നഗരങ്ങളിലും സ്പെയിൻ, ജർമ്മനി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലും റെഡ് അലർട്ട് നിലവിലുണ്ട്. ഫ്രാൻസിൽ ഉഷ്ണതരംഗത്തെത്തുടർന്ന് 1,800-ലധികം സ്കൂളുകൾ പൂർണ്ണമായി അടച്ചുപൂട്ടി.


8,000 സ്കൂളുകളുടെ സമയക്രമം മാറ്റി. കടുത്ത ചൂടിൽ ട്രാൻസ്ഫോർമറുകൾ തകരാറിലായതിനെ തുടർന്ന് ഫ്രാൻസിലെ ബ്രിട്ടാനിയിൽ 68,000-ത്തോളം ആളുകൾ ഇരുട്ടിലായി. നദികളിലെ ജലതാപനില ഉയർന്നതോടെ ഫ്രാൻസിലെ പല ആണവനിലയങ്ങളുടെയും പ്രവർത്തനം വെട്ടിക്കുറയ്ക്കേണ്ടി വന്നു.


ഇത് യൂറോപ്പിലെ മൊത്തം വൈദ്യുതി വിതരണത്തെ ബാധിച്ചിട്ടുണ്ട്. ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളായ ഈഫൽ ടവർ, ലൂവ്ര് മ്യൂസിയം എന്നിവ നിശ്ചിത സമയത്തിന് മുൻപേ അടച്ചുപൂട്ടാൻ അധികൃതർ നിർബന്ധിതരായി. നെതർലൻഡ്സിൽ തീവണ്ടി സർവീസുകൾ വ്യാപകമായി റദ്ദാക്കി. വരും മാസങ്ങളിലും യൂറോപ്പിൽ സാധാരണയേക്കാൾ ഉയർന്ന താപനില തുടരാനാണ് സാധ്യത.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home