പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ 'അമേരിക്കയുടെ തോൽവിപ്രഖ്യാപനം': ഇറാൻ

തെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഒപ്പുവെച്ച സമാധാന കരാർ അമേരിക്കയുടെ തോൽവിപ്രഖ്യാപനമാണെന്ന് ഇറാൻ. സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങിയല്ല ഇറാൻ ഈ കരാറിലെത്തിയതെന്നും ധീരമായ ഇറാനിയൻ ജനതയുടെ പ്രതിരോധത്തിന്റെയും ആധികാരികതയുടെയും ഫലമാണിതെന്നും ഇറാന്റെ മുഖ്യ ചർച്ചക്കാരനും പാർലമെന്റ് സ്പീക്കറുമായ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി.
അസർബൈജാനിൽ നടന്ന ഒരു കോൺഫറൻസിൽ സംസാരിക്കവെയാണ് ഗാലിബാഫ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞയാഴ്ച പാകിസ്താന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ വെച്ചാണ് അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇസ്ലാമാബാദ് കരാർ ഒട്ടുംതന്നെ ബാഹ്യസമ്മർദ്ദങ്ങൾ കൊണ്ടോ നിർബന്ധിതമായിട്ടോ ഉണ്ടായതല്ല.
ഇറാൻ ജനതയുടെ ചെറുത്തുനിൽപ്പിന്റെ വിജയമാണിത്. അതുകൊണ്ടുതന്നെ ഈ ധാരണാപത്രം അമേരിക്കയുടെ കനത്ത പരാജയത്തിന്റെ പ്രഖ്യാപനമായി മാറിയെന്നും ഗാലിബാഫ് പറഞ്ഞു. പശ്ചിമേഷ്യയിലെ സുരക്ഷ ഇവിടുത്തെ രാജ്യങ്ങൾ തന്നെയാണ് ഉറപ്പാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28-ന് യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തോടെയാണ് ഇറാനെതിരെയുള്ള യുദ്ധം ആരംഭിച്ചത്. ഇതിന് തിരിച്ചടിയായി ഹോർമുസ് കടലിടുക്ക് ഉപരോധിച്ചും അയൽരാജ്യങ്ങൾക്കും ഇസ്രയേലിനും നേരെ ആയിരക്കണക്കിന് ഡ്രോണുകളും മിസൈലുകളും തൊടുത്തും ഇറാൻ യുദ്ധരംഗത്ത് സജീവമായിരുന്നു.
ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ വിശദമായ സ്ഥിര ഉടമ്പടിയിലെത്തുന്നതിനായുള്ള സാങ്കേതിക ചർച്ചകൾ അടുത്ത ആഴ്ച പുനരാരംഭിക്കുമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളിൽ ആണവ നിലയങ്ങളിലെ അന്താരാഷ്ട്ര പരിശോധന ഉൾപ്പെടെയുള്ള തർക്കവിഷയങ്ങളിൽ ചർച്ച തുടരും.
അതേസമയം, പുതിയ കരാറിനെത്തുടർന്ന് ആശങ്കയിലായ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് സഖ്യകക്ഷികളെ അനുനയിപ്പിക്കാൻ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പശ്ചിമേഷ്യൻ പര്യടനം ആരംഭിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ യാതൊരുവിധ ടോളോ ഇൻഷുറൻസ് തുകയോ ഈടാക്കില്ലെന്ന് ട്രംപിന് ഉറപ്പുനൽകിയതായും റിപ്പോർട്ടുകളുണ്ട്.









0 comments