പാസ്‌പോർട്ട് വെറുമൊരു യാത്രാരേഖ മാത്രം, പൗരത്വത്തിന്റെ തെളിവല്ല; വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് വെറുമൊരു 'യാത്രാരേഖ' മാത്രമാണെന്നും പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. വിദേശ രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്ന വേളയിൽ പാസ്‌പോർട്ട് ഒരാളുടെ ദേശീയതയെ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും, അതിനെ പൗരത്വ അവകാശങ്ങൾ സ്ഥാപിക്കാനുള്ള രേഖയായി കാണാനാകില്ലെന്ന് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
14-ാമത് പാസ്‌പോർട്ട് സേവാ ദിനത്തോടനുബന്ധിച്ചായിരുന്നു മന്ത്രാലയത്തിന്റെ ഈ പ്രതികരണം. വിവിധ സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായുള്ള പ്രത്യേക തീവ്ര പുനരവലോകനം നടക്കുന്ന പശ്ചാത്തലത്തിൽ, വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടാൽ അത് ചോദ്യം ചെയ്യാൻ പാസ്‌പോർട്ട് തെളിവായി ഉപയോഗിക്കാനാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സൈദ്ധാന്തികമായി പറഞ്ഞാൽ പാസ്‌പോർട്ട് മറ്റ് പൗരത്വ രേഖകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. വിദേശയാത്രകളിൽ ഇത് നിങ്ങളുടെ ദേശീയതയെ വ്യക്തമാക്കുന്നുണ്ടെങ്കിലും പൗരത്വം തെളിയിക്കാനുള്ള അന്തിമ രേഖയായി ഇതിനെ കണക്കാക്കാനാകില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ആധാർ, പാൻ കാർഡ് തുടങ്ങിയ വിവിധ സർക്കാർ ഏജൻസികളുടെ രേഖകൾ പരിശോധിച്ച്, കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇന്ത്യൻ പാസ്‌പോർട്ട് അനുവദിക്കുന്നത്. എന്നാൽ ആധാർ കാർഡ് പോലും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്നും അത് കേവലം വ്യക്തിത്വം തെളിയിക്കാനുള്ള രേഖ മാത്രമാണെന്നും അടുത്തിടെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
നിലവിൽ ഇന്ത്യയിലെ പാസ്‌പോർട്ട് ഉടമകളിൽ പത്ത് ശതമാനത്തോളം പേർ ചിപ്പ് അധിഷ്ഠിതമായ 'ഇ-പാസ്‌പോർട്ടുകൾ' ഉപയോഗിക്കുന്നുണ്ട്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ബയോമെട്രിക് ഡാറ്റ അടങ്ങിയ ഇവ വ്യാജ പാസ്‌പോർട്ടുകൾ നിർമ്മിക്കുന്നത് തടയും.
തൊഴിൽ രംഗത്തെ ആഗോള കുടിയേറ്റം സുരക്ഷിതമാക്കാൻ യൂറോപ്യൻ രാജ്യങ്ങളുമായും ജപ്പാനുമായും ഉള്ള മൊബിലിറ്റി കരാറുകൾ ശക്തമാക്കുമെന്നും, ഇതിനായി ജൂൺ 30 മുതൽ ന്യൂഡൽഹിയിൽ അന്താരാഷ്ട്ര ഹ്യൂമൻ റിസോഴ്സ് മൊബിലിറ്റി ഫോറം സംഘടിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.










0 comments