ജില്ലയില്‍ അണപൊട്ടി ഡിവൈഎഫ്ഐ പ്രതിഷേധം

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി തൊടുപുഴ സിവില്‍ സ്റ്റേഷനിലേക്ക് നടത്തിയ പ്രകടനം
തൊടുപുഴ
ജനവിരുദ്ധ നയങ്ങൾ തുടർച്ചയായി അടിച്ചേൽപ്പിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തൊടുപുഴ സിവില്‍ സ്റ്റേഷനിലേക്ക് പ്രകടനവും ശേഷം യോഗവും നടത്തി. സംസ്ഥാനവ്യാപകമായി ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധമാണ് ജില്ലയിലും അണപൊട്ടിയത്. മദ്യമാഫിയയ്‍ക്ക് നൽകിയ നികുതിയിളവ്, ധാതുഖനനം സ്വകാര്യമേഖലക്ക് അനുവദിച്ചത്, സർവകലാശാലകൾ സംഘപരിവാറിന് അടിയറവുവച്ച നടപടി തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രതിഷേധം. സിപിഐ എം തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് തുടങ്ങിയ പ്രകടനത്തില്‍ നൂറിലേറെ പ്രവര്‍ത്തകര്‍ അണിനിരന്നു. സിവില്‍ സ്റ്റേഷന് മുന്നില്‍ പൊലീസ് തടഞ്ഞു. മുദ്രാവാക്യവുമായി മുന്നേറാൻ ശ്രമിച്ച പ്രവര്‍ത്തകരും പൊലീസുമായി സംഘര്‍ഷമുണ്ടായി. ശേഷം യോഗം ജില്ലാ സെക്രട്ടറി എസ് സുധീഷ് ഉദ്ഘാടനംചെയ്‍തു. പ്രസിഡന്റ് ബി അനൂപ് അധ്യക്ഷനായി. കരയും കായലും ആകാശവും അദാനിക്ക്, നികുതിയിളവ് മദ്യമഫിയയ്‍ക്ക്, സർവകാശലകൾ ആർഎസ്എസിന് വിറ്റുതുലയ്‍ക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ആര്‍എസ്എസ് നയങ്ങളാണ് യുഡിഎഫ് കേരളത്തില്‍ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ട്രഷറർ എം എസ് ശരത്, ജോയിന്റ് സെക്രട്ടറി തേജസ് കെ ജോസ്, വൈസ് പ്രസിഡന്റുമാരായ പി പി പ്രശാന്ത്, അഥീന സിബി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എസ് അനന്തു, അരുൺ തങ്കച്ചൻ, ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് കെ എം അൽത്താഫ്, ടിനു ശശി തുടങ്ങിയവര്‍ സംസാരിച്ചു.










0 comments