ad
Deshabhimani

print edition മിന്നൽ മാജിക്കിന്‌ പൂട്ടിടാൻ യുഡിഎഫ്‌; ആശങ്കയിൽ ജീവനക്കാർ

V D Satheesan
avatar
വേണു കെ ആലത്തൂർ

Published on Jun 25, 2026, 01:15 AM | 1 min read

പാലക്കാട്‌: ചിറ്റൂർ മേനോൻപാറയിൽ എൽഡിഎഫ്‌ സർക്കാർ ആരംഭിച്ച മദ്യനിർമാണ യൂണിറ്റായ ‘മലബാർ ഡിസ്റ്റിലറി’ക്ക്‌ പൂട്ടിടാനൊരുങ്ങി യുഡിഎഫ്‌ സർക്കാർ. സർക്കാർ അധികാരത്തിലേറി ഒരുമാസം കഴിഞ്ഞിട്ടും യൂണിറ്റിന്‌ പ്രവർത്തനാനുമതി നൽകിയിട്ടില്ല.

ഡിസ്റ്റിലറിയിൽ ഫെബ്രുവരി 21ന്‌ ഉൽപ്പാദനം തുടങ്ങിയിരുന്നു. ‘മിന്നൽ മാജിക്‌’ എന്നപേരിൽ വിലകുറഞ്ഞ മദ്യം ഉൽപ്പാദിപ്പിച്ച്‌ വിപണിയിൽ ഇറക്കുന്നതിനിടെ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെ ഉൽപ്പാദനം നിർത്തി. യുഡിഎഫ്‌ അധികാരത്തിൽ വന്നതോടെ പൊതുമേഖലയിലെ മദ്യ ഉൽപ്പാദനം നിർത്താൻ അണിയറ നീക്കംനടന്നു.


പൂർണമായും ഓട്ടോമാറ്റിക് സംവിധാനമുള്ള കന്പനിയിൽ ബോട്ടിലിങ്‌ യൂണിറ്റിൽ കുടുംബശ്രീ വഴി 90ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. ഇതിൽ ക്രമക്കേട്‌ ആരോപിച്ചാണ്‌ ഉൽപ്പാദനം നിർത്തിയത്‌. എൽഡിഎഫ്‌ ഭരിക്കുന്ന നല്ലേപ്പിള്ളി പഞ്ചായത്തിലെ കുടുംബശ്രീക്കാണ്‌ ഒരുവർഷത്തേക്ക്‌ ജീവനക്കാരെ നൽകാൻ കരാർ ലഭിച്ചത്‌.


1996ൽ ആന്റണി സർക്കാർ ചാരായ നിരോധനം ഏർപ്പെടുത്തിയതോടെ പൂട്ടിയ ചിറ്റൂർ ഷുഗർ ഫാക്ടറിയാണ്‌ 2009ൽ വി എസ്‌ സർക്കാർ ബിവറേജസ്‌ കോർപറേഷനുകീഴിൽ ‘മലബാർ ഡിസ്‌റ്റിലറി’ എന്ന്‌ പേരുമാറ്റി പ്രവർത്തനം തുടങ്ങാൻ നിശ്‌ചയിച്ചത്‌. 2022ൽ മദ്യ ഉൽപ്പാദനത്തിന്‌ പദ്ധതി തയ്യാറാക്കി. 29.50കോടി രൂപ മുതൽമുടക്കിൽ പുനരുദ്ധരിച്ച കന്പനിയിൽ ഒന്നരലക്ഷം ഇഎൻഎ (സ്‌പിരിറ്റ്‌) നിലവിൽ സ്റ്റോക്കുണ്ട്‌. ട്രയൽറൺ നടത്തി 90കെയ്‌സ്‌ മദ്യം ഉൽപ്പാദിപ്പിച്ച്‌ വിപണി കാത്തുകിടക്കുകയാണ്‌. അരലിറ്റർ മദ്യത്തിന്‌ 400രൂപയാണ്‌ വില. വിലകുറഞ്ഞ മദ്യം വിപണിയിലെത്താതിരിക്കാൻ കർണാടകലോബി യുഡിഎഫ്‌ സർക്കാരിൽ സമ്മർദം ചെലുത്തിയിരുന്നു. കേരളത്തിൽ ആവശ്യമായ മദ്യത്തിന്റെ 40ശതമാനം കർണാടകയിൽനിന്ന്‌ എത്തുന്നതിനാലാണ്‌ പൊതുമേഖലയിലെ മദ്യ ഉൽപ്പാദനം മുടക്കാൻ സമ്മർദമുണ്ടായത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home