ad
Deshabhimani

കല്ലിങ്കാലിൽനിന്ന്‌ ജപ്പാൻ ‘സകുറ’യിലേക്ക്‌ മുഹമ്മദ്‌ ആദിൽ

ഓട്ടോമാറ്റിക് ടേബിൾ ക്ലീനർ കണ്ടുപിടുത്തവുമായി മുഹമ്മദ് ആദിൽ
avatar
നാരായണൻ കരിച്ചേരി

Published on Jun 25, 2026, 02:30 AM | 1 min read

ഉദുമ

തീൻമേശകൾ വൃത്തിയാക്കുന്നതിനിടെ ഹോട്ടൽ ജീവനക്കാരൻ നേരിട്ട പ്രയാസം കണ്ടപ്പോൾ പത്താംക്ലാസ് വിദ്യാർഥിയായ സി എച്ച് മുഹമ്മദ് ആദിലിന്റെ മനസ്സിലുദിച്ച ശാസ്ത്രചിന്ത ജപ്പാന്റെ അംഗീകാരം പിടിച്ചുപറ്റി. ജപ്പാൻ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിന്റെ ക്ഷണിതാവായി ആദിൽ 27ന് ജപ്പാനിലേക്ക് വിമാനം കയറും. 28 മുതൽ ജൂലൈ നാലുവരെയാണ്‌ ജപ്പാൻ സകുറ (ശാസ്ത്രമേള) പരിപാടി. ഹോട്ടലുകളിലേയും വീടുകളിലേയും വ്യവസായശാലകളിലേയും തീൻമേശകൾ അണുവിമുക്തമാക്കി ശുചീകരിക്കാൻ കഴിയുന്ന ഹൈജീനിക് ഓട്ടോമാറ്റിക് ടേബിൾ ക്ലീനറിന്‍റെ കണ്ടുപിടിത്തമാണ് ആദിലിനെ ജപ്പാൻവരെ എത്തിച്ചത്. സംസ്ഥാനത്തുനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട രണ്ട് വിദ്യാർഥികളിൽ ഒരാളാണ് കല്ലിങ്കാലിലെ സി എച്ച് മുഹമ്മദ് ആദിൽ. ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചാൽ മേശ വൃത്തിയാക്കുന്നതുവരെ അടുത്ത ആളുകൾ കാത്തിരിക്കുന്നത് ഒരിക്കൽ ആദിലിന്റെ ശ്രദ്ധയിൽപ്പെട്ടു. കൂടാതെ മേശ വൃത്തിയാക്കുമ്പോൾ ആളുകളുടെ വസ്ത്രത്തിൽ തെറിക്കുന്നതും കണ്ടു. അപ്പോഴാണ് എന്തുകൊണ്ട് ഇതിനായി ഒരു മെഷീൻ കണ്ടെത്തിക്കൂടാ എന്നു ചിന്തിച്ചത്. രണ്ടു മാസംകൊണ്ട് മെഷീൻ റെഡി. ഭക്ഷണം കഴിച്ച പാത്രങ്ങൾ എടുത്തുകഴിഞ്ഞാൽ ഓട്ടോമാറ്റിക് ടേബിൾ ക്ലീനർ മേശ ക്ലീനാക്കും. പിന്നെ തിരക്കെല്ലാം കഴിഞ്ഞ് അതുമാറ്റിയാൽ മതി. തുടർന്നു ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ആദിൽ പറഞ്ഞു. ജിഎംയുപി സ്‌കൂൾ പള്ളിക്കരയിൽ ഏഴാംതരത്തിൽ പഠിക്കുമ്പോഴാണ് അധ്യാപകർ ആദിലിന്റെ കഴിവ് തിരിച്ചറിയുന്നത്. പള്ളിക്കര ജിഎംയുപി സ്‌കൂൾ അധ്യാപകനായ പി കെ ദിപിന്‍റെ നിർദേശപ്രകാരം മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. തുടർന്നു ജില്ലാ, സംസ്ഥാനതലങ്ങളിൽ പങ്കെടുത്ത് ദേശീയതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കുട്ടികളിലെ ശാസ്ത്രസാങ്കേതിക മേഖലയിലെ നൂതന ചിന്തയും സർഗാത്മകതയും വളർത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് വിദ്യാലയങ്ങളിൽ നടത്തിവരുന്ന ഇൻസ്പെയർ മനാക്കും ആദിലിന്റെ കഴിവ് തിരിച്ചറിഞ്ഞു. വളർന്നുവരുന്ന കുട്ടി ശാസ്ത്രജ്ഞന്മാർക്ക് രാജ്യം നൽകുന്ന ഏറ്റവും വലിയ അവസരമായ ഇൻസ്പെയർ മനാക്ക് ദേശീയതല മത്സരത്തിൽ 2024 സെപ്‌റ്റംബറിൽ ഡൽഹിയിൽ ആദിൽ അവതരിപ്പിച്ച ആശയം ആദ്യ സ്ഥാനങ്ങളിൽ തന്നെ ഇടംപിടിച്ചു. കല്ലിങ്കലിലെ കച്ചവടക്കാരൻ സി എച്ച് ഷംസുദ്ദീന്റെയും എൻഎ ഉമ്മാൻഞ്ഞിയുടെയും മകനാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home