ad
Deshabhimani

മുതിരേരിവാൾ തിരിച്ചെഴുന്നള്ളിച്ചു

തൃക്കലശാട്ടത്തോടെ വൈശാഖ 
മഹോത്സവം സമാപിച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവ സമാപനം കുറിച്ച്‌ സ്വയംഭൂവിൽ നടത്തിയ അഭിഷേകം
വെബ് ഡെസ്ക്

Published on Jun 25, 2026, 02:30 AM | 1 min read

കൊട്ടിയൂർ

തീർഥാടക പ്രവാഹത്തിന്റെ നാളുകൾ പിന്നിട്ട്‌ 27 ദിവസത്തെ കൊട്ടിയൂർ വൈശാഖ മഹോത്സവം സമാപിച്ചു. ബുധൻ രാവിലെ ചോതിവിളക്കിലെ നാളം തേങ്ങാമുറികളിലേക്ക് പകർന്ന്‌ തൃക്കലശാട്ട് തുടങ്ങി. ഇതിന്‌ മുന്പ്‌ ശ്രീകോവിൽ പിഴുത് തിരുവഞ്ചിറയിൽ നിക്ഷേപിച്ചു. കലശമണ്ഡപത്തിൽനിന്ന് മണിത്തറയിലേക്ക് തിരുവഞ്ചിറ മുറിച്ചുള്ള പാത ഓടകൾകൊണ്ട് വേർതിരിച്ചു. പ്രധാന തന്ത്രിമാർ സ്വർണം, വെള്ളി കുംഭങ്ങളിൽ പൂജിച്ച കളഭം സ്വയംഭൂവിൽ അഭിഷേകം ചെയ്തു. സമൂഹ പുഷ്പാഞ്ജലിയും പ്രധാനതന്ത്രിയുടെ പൂർണ പുഷ്പാഞ്ജലിയും സ്വയംഭൂവിൽ സമർപ്പിച്ചു. കുടിപതികൾ തിടപ്പള്ളിയിൽ കയറി ‘തണ്ടുമ്മൽ ഊണ്’ ചടങ്ങ് നടത്തി. തുടർന്ന് മൂഴിയൊട്ടില്ലത്ത് സുരേഷ് നമ്പൂതിരി മുതിരേരിക്കാവിലേക്ക് വാൾ തിരിച്ചെഴുള്ളിച്ചു. അമ്മാറക്കൽ തറയിൽ തൃച്ചന്ദനപ്പൊടി അഭിഷേകം നടത്തി. ഭണ്ഡാരം ഇക്കരക്ക് തിരിച്ചെഴുന്നള്ളിച്ചശേഷം സന്നിധാനത്തുനിന്ന് എല്ലാവരെയും തിരിച്ചയച്ചതിനുശേഷം പ്രധാനതന്ത്രിയുടെ നേതൃത്വത്തിൽ യാത്രാബലി നടത്തി. ഓച്ചറും പന്തക്കിടാവും തന്ത്രിയെ അനുഗമിച്ചു. പാമ്പറപ്പാൻ തോടുവരെ ഹവിസ് തൂവി കർമങ്ങൾ നടത്തിയശേഷം തട്ട് പന്തക്കിടാവിന് കൈമാറി തന്ത്രി പടിഞ്ഞാറേക്ക് നടന്നുപോയതോടെ വൈശാഖോത്സവത്തിന് സമാപനമായി. ബലിബിംബങ്ങൾ ഇക്കരെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച് നിത്യപൂജകൾക്കും തുടക്കമിട്ടു. ഭണ്ഡാരവും ചപ്പാരം വാളുകളും മണത്തണയിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. ഇനി വറ്റടി എന്ന ചടങ്ങും അക്കരെ സന്നിധിയിൽ നടക്കും. ജന്മശാന്തി പടിഞ്ഞീറ്റയും ഉഷകാമ്പ്രവും അക്കരെയിൽ എത്തി സ്വയംഭൂവിനെ അഷ്ടബന്ധംകൊണ്ട് ആവരണം ചെയ്ത് ചോറ് നിവേദിച്ചശേഷം മടങ്ങും. അതോടെ അക്കരെ സന്നിധാനത്ത്‌ വരുന്ന പതിനൊന്ന്‌ മാസങ്ങളിൽ മനുഷ്യസ്പർശമുണ്ടാവില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home