ad
Deshabhimani

print edition എസ്‌എഫ്‌ഐ മാർച്ച്‌: വിദ്യാർഥികളെ നേരിട്ടത്‌ അതിക്രൂരമായി

പൊലീസ് മർദനമേറ്റ എസ്എഫ്ഐ പ്രവർത്തകരുടെ പരിക്കുകൾ എംഎൽഎമാരായ മുഹമ്മദ് റിയാസും വി ജോയിയും കാണുന്നു
വെബ് ഡെസ്ക്

Published on Jun 25, 2026, 01:04 AM | 2 min read

തിരുവനന്തപുരം: ന്യായമായ ആവശ്യങ്ങളുന്നയിച്ച്‌ എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികൾ സെക്രട്ടറിയറ്റിലേക്ക്‌ നടത്തിയ മാർച്ചിനെ പൊലീസ്‌ നേരിട്ടത്‌ മൃഗീയമായി. വിരലുകൾക്കിടയിൽ ബ്ലേഡുവച്ച്‌ പ്രവർത്തകരുടെ ദേഹത്ത്‌ മുറിവേൽപ്പിച്ചതായി എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ പറഞ്ഞു. പെൺകുട്ടികളെയടക്കം ബൂട്ടിട്ട്‌ ചവിട്ടുകയും ലാത്തിയും ഷീൽഡും ഉപയോഗിച്ച്‌ വിദ്യാർഥികളുടെ തലയിലും കഴുത്തിലും ഉൾപ്പെടെ മർദിക്കുകയും ചെയ്‌തു. പെൺകുട്ടികളെ മർദിക്കുമ്പോൾ വനിതാ പൊലീസ്‌ ഇല്ലായിരുന്നു. നിരവധിപേർക്കാണ്‌ തലയ്ക്ക്‌ അടിയേറ്റത്‌.


ജലപീരങ്കി പ്രയോഗിക്കുന്നതിനിടെ നിലത്തുവീണവരെ വളഞ്ഞിട്ട്‌ തല്ലി. ബൂട്ടിട്ട്‌ ചവിട്ടുന്നത്‌ ചൂണ്ടിക്കാണിച്ചിട്ടും പിന്മാറാതെ മർദനം തുടർന്നു. പൊലീസിന്റെ ക്രൂ‍രമർദനത്തിന്റെ വിവരമറിഞ്ഞ്‌ എംഎൽഎമാരായ വി ജോയി, പി എ മുഹമ്മദ്‌ റിയാസ്‌, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ വി അനൂപ്‌ എന്നിവർ സ്ഥലത്തെത്തി. ഇവരെ എല്ലാം ശാന്തമാണ്‌ എന്നുപറഞ്ഞ്‌ തെറ്റിധരിപ്പിക്കാനാണ്‌ പൊലീസ്‌ ശ്രമിച്ചത്‌.


ധർണ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. പാവപ്പെട്ട വിദ്യാർഥികളുടെ സ്വപ്നങ്ങളെ അടിച്ചുതകർക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന്‌ പി എസ്‌ സഞ്ജീവ്‌ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്, കേന്ദ്രകമ്മിറ്റി അംഗം എസ് കെ ആദർശ്, ജില്ലാ സെക്രട്ടറി എം എ നന്ദൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ ജി ആശിഷ്, ആനന്ദ് എസ് ഉഴമലയ്ക്കൽ, അവ്യ കൃഷ്ണൻ, ഭാഗ്യ എന്നിവർ സംസാരിച്ചു.

മദ്യമാഫിയക്ക്‌ നികുതിയിളവ്‌ നൽകുന്നതിനെതിരെയും കേപ്‌, ഐഎച്ച്‌ആർഡി ഫീസ്‌ വർധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.


വിദ്യാർഥികളെ ബ്ലേഡ് ഉപയോഗിച്ച്‌ മുറിവേൽപ്പിച്ചവർക്കെതിരെ
നടപടിവേണം: പി എസ്‌ സഞ്ജീവ്‌


സെക്രട്ടറിയറ്റ്‌ മാർച്ചിനിടെ വിദ്യാർഥികൾക്കുനേരെ ബ്ലേഡ്‌ പ്രയോഗിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌. കുറ്റക്കാർക്കെതിരെ നിയമപരമായി നീങ്ങും. ‘ബ്ലേഡ് പൊലീസ്’ എന്നുകൂടി ഈ കൂട്ടർ അറിയപ്പെടും. ഫീസ്‌ വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ നടത്തിയ മാർച്ചിനെ സമാനതകളില്ലാതെയാണ്‌ പൊലീസ്‌ നേരിട്ടത്‌. വിരലുകൾക്കിടയിൽ ബ്ലേഡുവച്ച് വിദ്യാർഥികളെ പരിക്കേൽപ്പിച്ചു.


പുരുഷ പൊലീസ് വനിതാ പ്രവർത്തകരെ ലാത്തി ഉപയോഗിച്ച് അടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. പെൺകുട്ടികളെ മർദിക്കുന്നത് ചോദ്യംചെയ്‌തിട്ടും നിർത്തിയില്ല. വിദ്യാർഥികളുടെ തലയ്ക്ക്‌ തുടർച്ചയായി അടിച്ചു. എംഎൽഎമാരായ പി എ മുഹമ്മദ്‌ റിയാസ്‌, വി ജോയി എന്നിവർ എത്തിയപ്പോൾ രംഗം ശാന്തമായി. ഇ‍ൗ സമയത്താണ്‌ ബ്ലേഡ്‌ പ്രയോഗം എസ്‌എഫ്‌ഐയുടെ തലയിൽവയ്ക്കാൻ പൊലീസ്‌ കഥയിറക്കിയത്‌. തുടർന്നാണ്‌ വിദ്യാർഥികൾക്ക് ബ്ലേഡ്‌ പ്രയോഗത്തിൽ പരിക്കേറ്റത്‌ അറിയുന്നതെന്ന്‌ പി എസ്‌ സഞ്ജീവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.


കേരളത്തിലെ വിദ്യാർഥികളെ ബാധിക്കുന്ന സമരത്തെ ഈ നിലയിലാണ് സർക്കാർ അടിച്ചമർത്തുന്നത്. ആരുടെ നിർദേശപ്രകാരമാണ് ഈ നരനായാട്ടെന്ന്‌ വ്യക്തമാക്കണം. എന്തിനാണ് പൊലീസിന് ബ്ലേഡ്. ബ്ലേഡ്‌ ഉപയോഗിച്ച്‌ രമേശ്‌ ചെന്നിത്തലയുടെ താടി വടിച്ചുകൊടുത്താൽ മതി. ബ്ലേഡ്‌ പ്രയോഗിച്ച പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി എസ്‌എഫ്‌ഐ രംഗത്തുണ്ടാകുമെന്നും പി എസ്‌ സഞ്ജീവ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home