ad
Deshabhimani

ആളൂർ അപകടത്തിൽ കുറ്റക്കാരെ രക്ഷിക്കാൻ നീക്കം

പൊലീസ്‌ ഡ്രൈവറുടെ പേരില്ലാതെ എഫ്‌ഐആർ

ആളൂരിൽ അപകടത്തിൽ പരിക്കേറ്റവർ റോഡിൽ കിടക്കുന്നു. 
അപകട ദിവസം നാട്ടുകാരൻ പകർത്തിയ ചിത്രം
വെബ് ഡെസ്ക്

Published on Jun 25, 2026, 12:17 AM | 1 min read

തൃശൂർ

ആളൂരിൽ പതിനാറുവയസ്സുകാരന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പൊലീസ്‌ ജീപ്പ്‌ ഡ്രൈവറെ രക്ഷിക്കാൻ നീക്കം. വാഹനമോടിച്ചിരുന്ന പൊലീസ്‌ ഡ്രൈവറുടെ പേരോ വിലാസമോ രേഖപ്പെടുത്താതെയാണ്‌ പ്രഥമ വിവര റിപ്പോർട്ട്‌ തയ്യാറാക്കിയിരിക്കുന്നത്‌. വാഹനത്തിൽ സഞ്ചരിച്ചവരുടെ യാത്രയിലും സംശയമുണർന്നിട്ടുണ്ട്‌. അപകടത്തിൽ പരിക്കേറ്റ ജൂവിൻ രാജു എന്ന വിദ്യാർഥി കഴിഞ്ഞ ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ഒരാൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്‌. ഇക്കഴിഞ്ഞ 15ന്‌ രാവിലെ 11.30നാണ്‌ ആളൂർ കദളിചിറ ഭാഗത്ത് അമിത വേഗതയിൽ വന്ന പൊലീസ് ജീപ്പ് ഇടിച്ച് രണ്ടു വിദ്യാർഥികൾക്ക്‌ ഗുരുതരമായി പരിക്കേറ്റത്‌. അപകടത്തിൽപ്പെട്ടവരെ എത്രയും വേഗം പൊലീസ്‌ ജീപ്പിൽത്തന്നെ ആശുപത്രിയിലെക്കാൻ ശ്രമമുണ്ടായില്ല. പരിക്കേറ്റ കുട്ടികൾ 20 മിനിറ്റോളം രക്തം വാർന്ന്‌ റോഡിൽ കിടന്നു. സാധാരണയായി വാഹനവുമായി ബണന്ധപ്പെട്ട ഏത്‌ കേസിലും വാഹനമോടിച്ചയാളുടെ പേരും വിലാസവും പ്രഥമ വിവര റിപ്പോർട്ടിൽ ചേർക്കും. എന്നാൽ, ഇ‍ൗ കേസിൽ ഡ്രൈവറുടെ പേരും വിലാസവും രേഖപ്പെടുത്താത്തത്‌ സംശയമുണർത്തുന്നു. കുറ്റവാളിയുടെ/ സംശയിക്കുന്ന ആളുടെ പേര്‌ എന്ന കോളത്തിൽ പൊലീസ്‌ ജീപ്പിന്റെ ഡ്രൈവർ എന്നുമാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. വാഹനമോടിച്ചയാൾ സർവീസിൽ കയറുന്നതിനുമുമ്പ്‌ നിരവധി കേസുകളിൽ പ്രതിയായിരുന്നു എന്ന്‌ ആക്ഷേപമുണ്ട്‌. മാത്രമല്ല, ഇ‍ൗ ജീപ്പ്‌ ഒ‍ൗദ്യോഗിക കൃത്യ നിർവഹണത്തിനായല്ല പോയിരുന്നത്‌ എന്നും ഇക്കാര്യങ്ങൾ പുറത്തുവരാതിരിക്കാനാണ്‌ പ്രഥമ വിവര റിപ്പോർട്ടിൽനിന്ന്‌ ഡ്രൈവറുടെ പേര്‌ ഒഴിവാക്കിയത്‌ എന്നും ആരോപണമുണ്ട്‌. ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന വിദ്യാർഥികൾ സിഗ്‌നൽ ഇട്ട് തിരിയുന്ന സമയത്ത് പുറകെ വന്ന കാർ വേഗത കുറച്ചിരുന്നു. എന്നാൽ കാറിനു പുറകെ വന്നിരുന്ന ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ വാഹനം അമിതവേഗതയിൽ മുന്നിലുള്ള കാറിനെ മറികടന്ന് വിദ്യാർഥികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നോ തോമസ്‌ ഉണ്ണിയാടൻ എംഎൽഎയുടെ ഭാഗത്തുനിന്നോ അനുകൂലമായ ഒരു നടപടിയുമുണ്ടായില്ല. ചികിത്സയിലുള്ള അനന്തകൃഷ്‌ണന്റെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കണമെന്നും ജുവിൻ രാജുവിന്റെ കുടുംബത്തിന്‌ നഷ്‌ടപരിഹാരം നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home