ജീവൻ തുടിക്കുന്ന ശില്‍പങ്ങള്‍
ഇക്കാണുന്നതെല്ലാം ഈര്‍ക്കിലുകള്‍

മുനിയറ കരിമല പാറയ്ക്കൽ പി ബി രാജേഷ് ശിൽപനിർമാണത്തിൽ
ബേബിലാൽ
Published on Jun 25, 2026, 12:15 AM | 2 min read
രാജാക്കാട്
ഈർക്കിലുകളിൽ ജീവസുറ്റരൂപങ്ങളുമായി യുവകലാകാരൻ. മുനിയറ കരിമല പാറയ്ക്കൽ പി ബി രാജേഷ് എന്ന കലാകാരനാണ് 25 വർഷമായി അത്ഭുത ശിൽപ്പങ്ങളൊരുക്കുന്നത്. ചെറുപ്പം മുതലേ നിർമാണപ്രവർത്തനങ്ങളിൽ താൽപര്യമുണ്ടായിരുന്ന രാജേഷ് സ്കൂൾ കാലത്ത്തന്നെ ചെറിയ ശിൽപ്പങ്ങൾ നിർമിച്ചിരുന്നു. ആദ്യം ചെരട്ട ഉപയോഗിച്ചായിരുന്നു പരീക്ഷണം. പിന്നീട് ഈർക്കിലുകളിലേക്ക് തിരിഞ്ഞു. അക്കാലത്ത് ഈർക്കിലി ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമിക്കുന്നവർ പ്രദേശത്ത് ഇല്ലാതിരുന്നപ്പോഴാണ് രാജേഷിന്റെ വേറിട്ട യാത്ര. പെട്രോൾ മാക്സ്, നിലവിളക്ക് തുടങ്ങിയ ചെറുരൂപങ്ങളിൽ തുടങ്ങി മുതല, ദിനോസർ, സിംഹം, പുലി, സ്രാവ്, ആമ, പരുന്ത്, കപ്പൽ, തെങ്ങ്, വീടുകൾ, ക്ഷേത്രം, ടെലിവിഷൻ, കെഎസ്ആർടിസി ബസ് തുടങ്ങി നിരവധി രൂപങ്ങളാണ് രാജേഷിന്റെ കൈകളിലൂടെ പിറന്നത്. ഒന്പത്‌മാസം നീണ്ട പ്രയത്നത്തിലൂടെയാണ് ദിനോസർ പൂർത്തിയാക്കിയത്. കപ്പൽ നിർമിക്കാൻ എട്ട് മാസവും വേണ്ടിവന്നു. 12 അടി നീളമുള്ള മുതല ശിൽപ്പത്തിനും ഏഴ് കിലോവരെ ഭാരമുണ്ട്. ഒന്പത് അടി നീളവും അഞ്ച് അടി ഉയരവും ഒന്പത് കിലോ ഭാരവുമുള്ള ദിനോസറും രാജേഷിന്റെ കരവിരുതിന്റെ ഉദാഹരണമാണ്. ഈർക്കിലുകൾ കൃത്യമായി തെരഞ്ഞെടുത്ത് പാകപ്പെടുത്തി മുറിച്ച് ചേർത്ത് ഉറപ്പിച്ച്, നിരവധി തവണ പോളിഷ് ചെയ്താണ് ഓരോ ശിൽപ്പവും ഒരുക്കുന്നത്. ഒന്നരവർഷം വരെ സമയമെടുത്താണ് ചില വലിയ സൃഷ്ടികൾ പൂർത്തിയാക്കുന്നത്. മതസൗഹാർദത്തിന്റെ സന്ദേശം നൽകുന്ന ശിൽപ്പങ്ങളും രാജേഷ് ഒരുക്കിയിട്ടുണ്ട്. ഈ അതുല്യ കഴിവിന് യുആർഎഫ് വേൾഡ് റെക്കോർഡും രാജേഷിനെ തേടിയെത്തി. നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ള രാജേഷിന്റെ വീട്ടിൽ ശിൽപ്പങ്ങൾ കാണാനായി നിരവധി പേരാണ് എത്തുന്നത്. എന്നാൽ നിർമിക്കാൻ ശിൽപ്പങ്ങൾ സൂക്ഷിക്കാൻപോലും വീട്ടിൽ സ്ഥലപരിമിതിയുണ്ട്. സ്വന്തമായി ഒരു മ്യൂസിയം ഒരുക്കണമെന്നതാണ് രാജേഷിന്റെ വലിയ ആഗ്രഹം. കേന്ദ്ര സർക്കാരിന്റെ കരകൗശലവിഭാഗത്തിന്റെ ഹാൻഡിക്രാഫ്റ്റ് ഐഡിയും രാജേഷിനുണ്ട്. ഇപ്പോൾ കണ്ടാമൃഗം, ഒട്ടകപ്പക്ഷി തുടങ്ങിയ പുതിയ സൃഷ്ടികളുടെ പണിപ്പുരയിലാണ്. മുനിയറയിലെ കൃഷിക്കാരനായിരുന്ന പരേതനായ ഭാസ്‌കരന്റെയും തങ്കമ്മയുടെയും ആറുമക്കളിൽ ഇളയവനാണ് രാജേഷ്. കലയുടെ വഴിയിലും കൃഷിയുടെ വഴിയിലും ഒരുപോലെ സഞ്ചരിക്കുന്ന രാജേഷ് മൂന്ന് ഏക്കർ സ്ഥലത്ത് ഏലം, കുരുമുളക്, ജാതി തുടങ്ങിയവ കൃഷി ചെയ്യുന്നു. ശിൽപ്പങ്ങൾ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന സന്തോഷം വലുതാണെങ്കിലും നല്ലൊരു കൃഷിക്കാരൻ കൂടിയാണ്. ജീവിതത്തിന്റെ ആത്മാവ് പരമ്പരാഗത കൃഷിയിലാണെന്നാണ് രാജേഷിന്റെ അഭിപ്രായം. ഭാര്യ: പി കെ രമ്യ. മക്കൾ: ശിവാനി, നവീൻ.










0 comments